12. നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്ക് വേണ്ടി, അല്ലെങ്കിൽ അവരുടെ തൃപ്തിക്കു വേണ്ടി ഒരിക്കലും നമ്മുടെ ഇസ്ലാമിൽ വീഴ്ച്ച വരുത്താതിരിക്കാൻ ശ്രദ്ധിക്കാം. കാരണം അവരുടെ ഹൃദയങ്ങളിൽ സ്നേഹവും വെറുപ്പും ഇടുന്നവൻ അല്ലാഹു ആണു. അവർക്ക് വേണ്ടി ഇസ്ലാമിനെ ഒഴിവാക്കിയിട്ടു പിന്നീട് അവരുടെ വെറുപ്പു സമ്പാദിക്കുമ്പൊ നമ്മൾ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും. എന്നാൽ ആരുടെയും വെറുപ്പ് കാര്യമാക്കാതെ, അല്ലാഹുവിന്റെ തൃപ്തിക്കും സ്നേഹത്തിനും വേണ്ടി ഇസ്ലാമിനെ സ്നേഹിച്ച് തുടങ്ങിയാൽ, ആ സ്നേഹം - അല്ലാഹുവിനു, അതു മൂലം നമ്മളോടുള്ള സ്നേഹം - മാത്രം മതി നമുക്കു നഷ്ടപ്പെട്ടേക്കാവുന്ന ഏതു ബന്ധങ്ങളെയും, സ്നേഹത്തെയും തിരിച്ചു പിടിക്കാൻ, അല്ലെങ്കിൽ അതിനേക്കാൾ ഉത്തമമായതു പകരം ലഭിക്കാൻ!!
13. ആർക്കും ആരെയും ഒരു ദിവസം കൊണ്ട് നന്നാക്കാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ തന്നെ സ്വയം നന്നാകുവാനും പറ്റില്ല. നന്നാകാൻ ഉള്ള ശ്രദ്ധാപൂർവമായ, സാവധാനത്തിലുള്ള, പടി പടിയായുള്ള ആത്മാർത്ഥമായ ശ്രമം, അതിനുള്ള മനസ്സ്, അതാണ് അല്ലാഹു നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആരും പൂർണ്ണരല്ല, പൂർണ്ണരാകാൻ കഴിയുകയും ഇല്ല, മറിച്ച് പൂർണ്ണതയുടെ പരിസരത്തേക്ക് എത്തുവാൻ ശ്രമിക്കുക, അതു മാത്രമേ നമുക്കു കഴിയൂ, അതിനു ശ്രമിക്കുകയും ചെയ്യാം. മതം ഒരിക്കലും നമ്മുടെ മേൽ ഭാരമായി അല്ലാഹു അടിച്ചേൽപ്പിച്ച ഒന്നല്ല. എന്നാൽ നിസ്സാരമായി തള്ളികളയേണ്ട ഒന്നും അല്ല. ശെരിക്കു സ്നേഹിച്ച് തുടങ്ങിയാൽ ജീവിതത്തിൽ ഏറ്റവും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണു ഇസ്ലാം. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നമുക്കു ഭാരമായി തോന്നുന്നുണ്ടെങ്കിൽ, അതു നമ്മൾ സ്വയം ഉണ്ടാക്കി ത്തീർത്തതാണു, അല്ലെങ്കിൽ നമ്മൾ അല്ലാഹുവിന്റെ ഖദ്റിൽ വിശ്വസിക്കാത്തതു കൊണ്ടാണു. അല്ലാതെ അല്ലാഹു ഒരു മനുഷ്യനും ഭാരം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.
14. നമ്മുടെ ഈമാൻ നിലനിർത്താൻ, പുതുക്കികൊണ്ടിരിക്കാൻ, എപ്പോഴും നമ്മളെ നന്മയുടെ വഴിയിലേക്ക് കൈപിടിച്ചു നടത്താൻ, കഴിവും സന്നദ്ധതയും ഉള്ള ആളുകളുടെ സഹവാസം നമ്മുടെ ജീവിതത്തിൽ ഉറപ്പു വരുത്തുക. ഏതെങ്കിലും ബന്ധങ്ങൾ നമ്മൾ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടരുതു എന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത്തരം ബന്ധങ്ങളിൽ ഏറ്റവും യോഗ്യത ഉള്ളത്, എപ്പോഴും നമ്മൾ ചെയ്യുന്നത് ശെരി എന്നു തലകുലുക്കി നമ്മളോടു ചിരിച്ചു കൂടെ നിക്കുന്നവരുമായുള്ള ബന്ധമല്ല, മറിച്ച്, അല്ലാഹുവിന്റെ വാക്കുകളിലൂടെ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു നമ്മളോടു പുഞ്ച്ചിരിക്കുന്നവരുമായുള്ള ബന്ധങ്ങളാണു, അവർ കയറുന്ന നന്മയുടെ പടികളിൽ നമ്മളെയും കൈ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നവരുമായുള്ള ബന്ധങ്ങളാണു, അവർ ആഗ്രഹിക്കുന്ന സ്വർഗ്ഗം എന്ന ലക്ഷ്യസ്ഥാനത്ത് അവരുടെ കൂടെ നമ്മളും വേണം എന്ന് ആഗ്രഹിച്ച് അതിനു വേണ്ടി പ്രവർത്തിക്കുന്നവരുമായുള്ള ബന്ധങ്ങളാണ്!! നമ്മൾ നിലനിർത്തുന്നതും നഷ്ടപ്പെടുത്തുന്നതുമായ ബന്ധങ്ങളെ ക്കുറിച്ച് നാം എപ്പോഴും ചിന്തിക്കേണ്ടിയിരിക്കുന്നു.
15. ഇസ്ലാമിനെ നിസ്സാരമായി കാണുന്ന നമ്മുടെ മുസ്ലിം സുഹൃത്തുക്കളൊട് നമുക്ക് എന്നും ബാധ്യത ഉണ്ട്. അവർക്ക് നേർവഴി കാണിച്ചു കൊടുക്കേണ്ടതായ ബാധ്യത. അവർ ആ വഴി തെരഞ്ഞെടുക്കുന്നോ എന്നുള്ള കാര്യം അല്ലാഹുവിനും അവർക്കും കൊടുത്തിട്ട്, അവർക്ക് വേണ്ടി നിരന്തരം ശ്രമിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യാൻ ശ്രമിക്കാം നമുക്ക്. അതേ പോലെ അമുസ്ലിം സമൂഹത്തോടും ചില ബാധ്യതകൾ ഉണ്ട് നമുക്ക്. അവരുടെ മുന്നിൽ ഇസ്ലാമിന്റെ ബ്രാന്റ് അംബാസ്സഡർ ആകുക, ഇസ്ലാമിന്റെ മോഡൽ ആകുക എന്നുള്ളത്! ഏറ്റവും കുറഞ്ഞത്, നമ്മുടെ പണ്ഡിതന്മാർ അവരെ ഇസ്ലാമിലേക്ക് ആകർഷിക്കാൻ വേണ്ടി ശ്രമിക്കുമ്പൊ ഇസ്ലാമിനു തന്നെ ചീത്തപ്പേരായ നാമമാത്രമായ മുസ്ലിംകളായി ഇസ്ലാമിനെ അപമാനിക്കാതിരിക്കുക എന്നുള്ള ബാധ്യത എങ്കിലും!!
16. നമ്മൾ, മനുഷ്യരാണു. മറവി ഉള്ളവരാണു. അതുകൊണ്ട് തന്നെ നമ്മുടെ ഈമാൻ പുതുക്കാൻ വേണ്ടി, സ്ഥിരമായി ഇസ്ലാമികമായ ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളവരാണു. മുൻ തലമുറകളെ അപേക്ഷിച്ച് ഒരുപാടു ദൂഷ്യങ്ങളുള്ള ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്, അതുകൊണ്ടു തന്നെ, മറക്കാനും, പ്രലോഭനങ്ങളിൽ വീഴാനും, വഴി തെറ്റാനും, തെറ്റുകൾ ചെയ്യാനും ഏറെ സാധ്യത ഉള്ളവരുമാണു. എന്നാൽ അവരെക്കാൾ ഒരുപാടു അനുഗ്രഹിക്കപ്പെട്ട കാലഘട്ടവുമാണു ഇതു. കാരണം അത്രയ്ക്ക് അധികം പ്രബോധനങ്ങൾ നമുക്കു ചുറ്റും പല രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങളിൽ ഒരുപാടു മുന്നിലാണു നമ്മൾ. പള്ളികളിലും പൊതുസഭകളിലും പോയി പ്രബോധനം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ വീടുകളിൽ തന്നെ ടി. വിയും, കമ്പ്യൂട്ടറുകളും, മൊബൈൽ ഫോണുകളും വഴി ഒരുപാടു കാര്യങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം വിനോദത്തിനു മാത്രം ഉപയോഗിക്കാതെ, ഒരു ചെറിയ അളവിലെങ്കിലും നമ്മുടെ ഈമാൻ ബൂസ്റ്റേർസ് ആയി ഉപയോഗിക്കാൻ ശ്രമിക്കാം നമുക്ക്. പ്രബോധനങ്ങൾ പ്രയോജനപ്പെടുന്ന, പ്രയോജനപ്പെടുത്തുന്ന, സത്യവിശ്വാസികളുടെ കൂട്ടത്തിൽ, അല്ലെങ്കിൽ സത്യവിശ്വാസികൾ ആകാൻ മനസ്സു കൊണ്ട് തയ്യാരുള്ളവരുടെ കൂട്ടത്തിൽ ആകാൻ ശ്രമിക്കാം നമുക്ക്.
**********************************
അൽഹംദുലില്ലാഹ്!! അല്ലാഹുവിന്റെ അനുഗ്രഹത്തോടു കൂടിയും, നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടു കൂടിയും ഞാൻ ആഗ്രഹിച്ച പോലെ ഈ വിഷയം - 'നമ്മുടെ ഇസ്ലാം' - അവതരിപ്പിക്കാൻ പറ്റി എന്നു വിശ്വസിക്കുന്നു. പലരുടെയും പ്രതികരണങ്ങൾ പലപ്പോഴും എനിക്ക് പ്രചോദനം ആയിട്ടുണ്ട്. എല്ലാവർക്കും എന്റെ ആത്മാർഥമായ സ്നേഹവും നന്ദിയും.
ഈ പരിശുദ്ധ റമദാൻ മാസം മുഴുവനാക്കാനും, അതിൽ നിന്നുള്ള അനുഗ്രഹവും പ്രതിഫലവും നമുക്ക് ലഭിക്കുവാനും അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ. ഈ റമദാനിൽ ലഭിക്കുന്ന എല്ലാ പ്രബോധനങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ എന്നോടും നിങ്ങളോടും ആവശ്യപ്പെടട്ടെ. മാത്രവുമല്ല പ്രാർഥനകളും ദിക്രുകളും മറ്റ് അമലുകളും അധികരിപ്പിക്കുവാനും നമുക്ക് കഴിയട്ടെ. ആമീൻ.
നിങ്ങൾക്കറിയാവുന്നതാണെങ്കിലും ഒന്നു രണ്ടു ഹദീസുകൾ ഈ അവസരത്തിൽ ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ.
1. അബൂ ഹുറൈറ (റ) ഇൽ നിന്നു, അബു സലമ (റ) നിന്നു, അസ്സുഹ്രി (റ) റിപ്പോർട്ട് ചെയ്തത്- നബി (സ) റമദാനിൽ ഖിയാം-അൽ-ലൈൽ (രാത്രി നമസ്ക്കാരം, തറാവീഹ്) പ്രോത്സാഹിപ്പിച്ചിരുന്നു, പക്ഷെ നിർബന്ധപൂർവ്വമല്ല. അദ്ധേഹം (സ) പറയുകയും ചെയ്തു : "റമദാൻ ആരംഭിക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും, നരകത്തിനെ വാതിലുകൾ അടയ്ക്കപ്പെടും, പിശാചുക്കൾ ചങ്ങലയ്ക്കിടപ്പെടും" (നസാഇ, 22,15 - http://sunnah.com/nasai/22/15).
അതുകൊണ്ട് തന്നെ നമ്മുടെ പ്രാർഥനകൾ അധികരിക്കപ്പെടേണ്ട മാസമാണു റമദാൻ, സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ എളുപ്പമുള്ള മാസവുമാണു.
2. അബ്ദുല്ലാഹിബ്നു അംറു ബ്നു ആസ് (റ) റിപ്പൊർട്ട് ചെയ്തു. നബി (സ) പറഞ്ഞു: "നോമ്പുകാരൻ നോമ്പു തുറക്കുമ്പോൾ അവന്റെ പ്രാർഥനകൾ തിരികെ പോവില്ല (ഉത്തരം കിട്ടാതെ പോവില്ല)" (ഇബ്നു മാജ, 1,7,1753 - http://sunnah.com/urn/1271560)
ഇൻഷാ അല്ലാഹ്, തുടരും..
GooG
ReplyDelete