Pages

Wednesday, 17 June 2015

നമ്മുടെ ഇസ്ലാം – 27

3. അബൂ ഹുറൈറ (റ) റിപ്പോർട്ട്‌ ചെയ്തു - നബി (സ) പറഞ്ഞു - "മൂന്നു പ്രാർഥനകൾക്കുത്തരം ലഭിക്കാതിരിക്കില്ല. ഒരു നീതിമാനായ ഭരണാധികാരിയുടെ (പ്രാർഥനയും), ഒരു നോമ്പുകാരൻ നോമ്പുതുറക്കുന്നത്‌ വരെ ഉള്ള (പ്രാർഥനയും), (മറ്റുള്ളവർ ചെയ്യുന്ന) തെറ്റുകളാൽ വേദനിപ്പിക്കപ്പെടുന്നവന്റെ പ്രാർഥനയും അല്ലാഹു ഉയർത്തെഴുന്നേൽപ്പു നാളിലെ മേഘങ്ങൾ വരെയും ഉയർത്തുകയും, സ്വർഗ്ഗത്തിലെ വാതിലുകൾ അവ (ആ പ്രാർഥനകൾ) യ്‌ക്കായി തുറക്കപ്പെടുകയും (ചെയ്യും). അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യും - "എന്റെ ശക്തി കൊണ്ട്‌ ഞാൻ നിന്നെ (ആ തെറ്റുകാരനു എതിരിൽ) സഹായിക്കും അതു അൽപം വൈകി ആണെങ്കിൽ പോലും!" (ഇബ്നു മാജ, തുർമിദി, http://sunnah.com/urn/1271550,
http://sunnah.com/tirmidhi/48/229)


രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന്, പ്രാർഥനകൾക്ക്‌ ഏറ്റവും ഉത്തമമായ സമയം ആണെന്ന് നമുക്കറിയാം. അതുപോലെ തന്നെ, പ്രാർഥിക്കാൻ ഏറ്റവും ഉത്തമമായ സമയം ആണു നോമ്പുകാരനായിരിക്കുന്ന സമയം. പ്രത്യേകിച്ച്‌ നോമ്പു തുറക്കാനാകുന്ന സമയം. നമ്മൾ ഏറ്റവും കൂടുതൽ അവശരായിരിക്കുന്ന സമയം ആണു അതു! അതുകൊണ്ട്‌ തന്നെ സൃഷ്ടാവിന്റെ മുന്നിൽ ഏറ്റവും താഴ്മ കാണിക്കാൻ, ക്ഷമ യാചിക്കാൻ, പാപ മോചനത്തിനു വേണ്ടി തേടാൻ, എല്ലാ അഹങ്കാരങ്ങളും കളഞ്ഞ്‌ അല്ലാഹുവിന്റെ സഹായത്തിനു വേണ്ടി കരയാൻ, ഞാൻ അല്ലാഹുവിന്റെ അടിമ ആണെന്ന് ഏറ്റവും ആത്മാർഥതയോടെയും വിനയത്തോടെയും ഉറപ്പിച്ച്‌ പറയാൻ, ഏറ്റവും എളുപ്പമുള്ള സമയവും, ഏറ്റവും ഉത്തമമായ സമയവും ആണു അതു. നമുക്കെല്ലാവർക്കും ആ ഉത്തമമായ സമയത്തു - നോമ്പു തുറയുടെ തൊട്ടു മുന്നെ, ഒരു പത്തിരുപത്‌ മിനിട്ടെങ്കിലും - അല്ലാഹുവിനു മുന്നിൽ ഏറ്റവും ഉത്തമമായ ആരാധനയ്ക്ക്‌, പ്രാർഥനയ്ക്ക്‌, ദിക്രുകൾക്ക്‌, ഖുറാൻ പാരായണങ്ങൾക്ക്‌ വേണ്ടി കണ്ടെത്താൻ ശ്രമിക്കാം. നമ്മുടെ അടുക്കളയിലെ പാചകത്തിരക്കുകളും കടയിലെ കച്ചവടത്തിരക്കുകളും ഓഫീസിലെ ജോലിത്തിരക്കുകളും മറ്റു എല്ലാ ഐഹിക കാര്യങ്ങളും അതിനനുസരിച്ച്‌ ക്രമപ്പെടുത്താൻ ശ്രമിക്കാം. നമുക്കു അല്ലാഹു കനിഞ്ഞ്‌ അനുഗ്രഹിച്ച ആ നല്ല സമയം നഷ്ടപ്പെടുത്താതെ നോക്കാം.


**************************


മുന്നേ ഏറ്റെടുത്ത വേറെ ചില കാര്യങ്ങൾ റമദാനിൽ ചെയ്തു തീർക്കാൻ ഉള്ളതു കൊണ്ട് ഈ ലേഖന പരമ്പര ഇവിടെ വെച്ച് നിർത്തുകയാണു. ഇൻഷാ അല്ലാഹ്, പിന്നീട് എപ്പോഴെങ്കിലും എന്റെയും നിങ്ങളുടെയും സമയവും സാഹചര്യവും അനുവദിക്കുകയാണെങ്കിൽ, അല്ലാഹു അനുഗ്രഹിച്ചാൽ വേറെ വിഷയങ്ങൾ നമുക്ക്‌ ചർച്ച ചെയ്യാം.


നിങ്ങളിൽ ഞാൻ നേരിട്ട് പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ട്. നമ്മൾ ഓരോരുത്തരുടെയും പ്രതീക്ഷ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സൽപ്രവൃത്തികളിൽ ആണു. അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും അത്‌ നഷ്ടപ്പെട്ടു പോകുന്നത്‌ നമുക്കു സഹിക്കാൻ കഴിയില്ല. എന്നാൽ നമ്മൾ ഓരോരുത്തരും തെറ്റുകളും പിഴവുകളും വന്നു പോകാൻ സാധ്യത ഉള്ള മനുഷ്യന്മാരും ആണു. നിങ്ങളുടെ ആരുടെ എങ്കിലും അവകാശങ്ങൾക്കോ, അഭിമാനത്തിനോ സന്തോഷത്തിനോ, എന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള വാക്കുകളൊ, പ്രവർത്തികളോ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ പരിശുദ്ധ മാസം മുൻ നിർത്തി ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ എളിയ സൽകർമ്മങ്ങളെ പിടിച്ച്‌ വെക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല എന്നു വിശ്വസിക്കുന്നു. ഞാനും നിങ്ങളുടെ സൽക്കർമ്മങ്ങൾക്ക്‌ വിലങ്ങു ആകാൻ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ നമ്മൾ ആരെങ്കിലും മറ്റാരുടെ എങ്കിലും അവകാശങ്ങളോ അഭിമാനമോ സന്തോഷമോ പിടിച്ചു വെക്കാൻ കാരണക്കാരായിട്ടുണ്ടോ എന്നു സ്വയം ചോദിക്കുകയും അല്ലാഹുവിൽ നിന്നുള്ള തൃപ്തിക്ക്‌ വേണ്ടി അതു തിരുത്തുകയും ചെയ്യാൻ ശ്രമിക്കാം, നമ്മുടെ വളരെ ചുരുക്കം വരുന്ന സൽക്കർമ്മങ്ങൾ നഷ്ടപ്പെടാതിരിക്കാൻ!! പരസ്പരം പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും എന്റെ കുടുമ്പത്തെയും ഉൾപ്പെടുത്തണം.


പാപമോചനത്തിനും, ഉത്തമമായ ക്ഷമയ്ക്കും, സ്വീകാര്യമായ അമലുകൾക്കും, ഉപകാരപ്രദമായ വിജ്ഞാനത്തിനും, പരിശുദ്ധമായ ഉപജീവനത്തിനും, അചഞ്ചലമായ ഈമാനിൽ ഉറച്ച് നിൽക്കുന്ന ഹൃദയങ്ങൾക്കും, സ്നേഹത്തിൽ നിർമ്മിക്കപ്പെട്ട ബന്ധങ്ങൾക്കും, സ്വാലിഹായ സന്താനങ്ങൾക്കും, താങ്ങാനാവാത്ത പരീക്ഷണങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും; വെറുക്കപ്പെട്ട വാർദ്ധക്യത്തിൽ നിന്നും; നീചമായ മരണത്തിൽ നിന്നും; ഖബറിലെ അസഹനീയമായ ശിക്ഷയിൽ നിന്നും; മഹ്ശറയിൽ ഇടതു കയിൽ ഗ്രന്ഥം നൽകപ്പെടുന്ന നിർഭാഗ്യത്തിൽ നിന്നും; നരകത്തിലെ അതികഠിനമായ ശിക്ഷയിൽ നിന്നും ഉള്ള മോചനത്തിനും, ജന്നത്തിൽ ഫിർദൗസിൽ നമ്മെ ഏവരെയും, നമ്മുടെ മാതാപിതാക്കളെയും,മക്കളെയും, ഇണകളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും, മറ്റ് സത്യവിശ്വാസികളായ സഹോദരീ സഹോദരന്മാരെയും ഒരുമിച്ചു കൂട്ടുന്നതിനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.


السلام عليكم و رحمة الله و بركاته

جزّٰك الله خيرا كثيرا


-- ആയിഷ ഷെസ്‌ലിൻ --

Tuesday, 16 June 2015

നമ്മുടെ ഇസ്ലാം – 26

12. നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്ക് വേണ്ടി, അല്ലെങ്കിൽ അവരുടെ തൃപ്തിക്കു വേണ്ടി ഒരിക്കലും നമ്മുടെ ഇസ്ലാമിൽ വീഴ്ച്ച വരുത്താതിരിക്കാൻ ശ്രദ്ധിക്കാം. കാരണം അവരുടെ ഹൃദയങ്ങളിൽ സ്നേഹവും വെറുപ്പും ഇടുന്നവൻ അല്ലാഹു ആണു. അവർക്ക് വേണ്ടി ഇസ്ലാമിനെ ഒഴിവാക്കിയിട്ടു പിന്നീട് അവരുടെ വെറുപ്പു സമ്പാദിക്കുമ്പൊ നമ്മൾ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും. എന്നാൽ ആരുടെയും വെറുപ്പ് കാര്യമാക്കാതെ, അല്ലാഹുവിന്റെ തൃപ്തിക്കും സ്നേഹത്തിനും വേണ്ടി ഇസ്ലാമിനെ സ്നേഹിച്ച് തുടങ്ങിയാൽ, ആ സ്നേഹം - അല്ലാഹുവിനു, അതു മൂലം നമ്മളോടുള്ള സ്നേഹം - മാത്രം മതി നമുക്കു നഷ്ടപ്പെട്ടേക്കാവുന്ന ഏതു ബന്ധങ്ങളെയും, സ്നേഹത്തെയും തിരിച്ചു പിടിക്കാൻ, അല്ലെങ്കിൽ അതിനേക്കാൾ ഉത്തമമായതു പകരം ലഭിക്കാൻ!!

13. ആർക്കും ആരെയും ഒരു ദിവസം കൊണ്ട് നന്നാക്കാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ തന്നെ സ്വയം നന്നാകുവാനും പറ്റില്ല. നന്നാകാൻ ഉള്ള ശ്രദ്ധാപൂർവമായ, സാവധാനത്തിലുള്ള, പടി പടിയായുള്ള ആത്മാർത്ഥമായ ശ്രമം, അതിനുള്ള മനസ്സ്, അതാണ് അല്ലാഹു നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആരും പൂർണ്ണരല്ല, പൂർണ്ണരാകാൻ കഴിയുകയും ഇല്ല, മറിച്ച് പൂർണ്ണതയുടെ പരിസരത്തേക്ക് എത്തുവാൻ ശ്രമിക്കുക, അതു മാത്രമേ നമുക്കു കഴിയൂ, അതിനു ശ്രമിക്കുകയും ചെയ്യാം. മതം ഒരിക്കലും നമ്മുടെ മേൽ ഭാരമായി അല്ലാഹു അടിച്ചേൽപ്പിച്ച ഒന്നല്ല. എന്നാൽ നിസ്സാരമായി തള്ളികളയേണ്ട ഒന്നും അല്ല. ശെരിക്കു സ്നേഹിച്ച് തുടങ്ങിയാൽ ജീവിതത്തിൽ ഏറ്റവും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണു ഇസ്ലാം. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നമുക്കു ഭാരമായി തോന്നുന്നുണ്ടെങ്കിൽ, അതു നമ്മൾ സ്വയം ഉണ്ടാക്കി ത്തീർത്തതാണു, അല്ലെങ്കിൽ നമ്മൾ അല്ലാഹുവിന്റെ ഖദ്റിൽ വിശ്വസിക്കാത്തതു കൊണ്ടാണു. അല്ലാതെ അല്ലാഹു ഒരു മനുഷ്യനും ഭാരം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.

14. നമ്മുടെ ഈമാൻ നിലനിർത്താൻ, പുതുക്കികൊണ്ടിരിക്കാൻ, എപ്പോഴും നമ്മളെ നന്മയുടെ വഴിയിലേക്ക് കൈപിടിച്ചു നടത്താൻ, കഴിവും സന്നദ്ധതയും ഉള്ള ആളുകളുടെ സഹവാസം നമ്മുടെ ജീവിതത്തിൽ ഉറപ്പു വരുത്തുക. ഏതെങ്കിലും ബന്ധങ്ങൾ നമ്മൾ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടരുതു എന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത്തരം ബന്ധങ്ങളിൽ ഏറ്റവും യോഗ്യത ഉള്ളത്, എപ്പോഴും നമ്മൾ ചെയ്യുന്നത് ശെരി എന്നു തലകുലുക്കി നമ്മളോടു ചിരിച്ചു കൂടെ നിക്കുന്നവരുമായുള്ള ബന്ധമല്ല, മറിച്ച്, അല്ലാഹുവിന്റെ വാക്കുകളിലൂടെ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു നമ്മളോടു പുഞ്ച്ചിരിക്കുന്നവരുമായുള്ള ബന്ധങ്ങളാണു, അവർ കയറുന്ന നന്മയുടെ പടികളിൽ നമ്മളെയും കൈ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നവരുമായുള്ള ബന്ധങ്ങളാണു, അവർ ആഗ്രഹിക്കുന്ന സ്വർഗ്ഗം എന്ന ലക്ഷ്യസ്ഥാനത്ത് അവരുടെ കൂടെ നമ്മളും വേണം എന്ന് ആഗ്രഹിച്ച് അതിനു വേണ്ടി പ്രവർത്തിക്കുന്നവരുമായുള്ള ബന്ധങ്ങളാണ്!! നമ്മൾ നിലനിർത്തുന്നതും നഷ്ടപ്പെടുത്തുന്നതുമായ ബന്ധങ്ങളെ ക്കുറിച്ച് നാം എപ്പോഴും ചിന്തിക്കേണ്ടിയിരിക്കുന്നു.

15. ഇസ്ലാമിനെ നിസ്സാരമായി കാണുന്ന നമ്മുടെ മുസ്ലിം സുഹൃത്തുക്കളൊട് നമുക്ക് എന്നും ബാധ്യത ഉണ്ട്. അവർക്ക് നേർവഴി കാണിച്ചു കൊടുക്കേണ്ടതായ ബാധ്യത. അവർ ആ വഴി തെരഞ്ഞെടുക്കുന്നോ എന്നുള്ള കാര്യം അല്ലാഹുവിനും അവർക്കും കൊടുത്തിട്ട്, അവർക്ക് വേണ്ടി നിരന്തരം ശ്രമിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യാൻ ശ്രമിക്കാം നമുക്ക്. അതേ പോലെ അമുസ്ലിം സമൂഹത്തോടും ചില ബാധ്യതകൾ ഉണ്ട് നമുക്ക്. അവരുടെ മുന്നിൽ ഇസ്ലാമിന്റെ ബ്രാന്റ് അംബാസ്സഡർ ആകുക, ഇസ്ലാമിന്റെ മോഡൽ ആകുക എന്നുള്ളത്! ഏറ്റവും കുറഞ്ഞത്, നമ്മുടെ പണ്ഡിതന്മാർ അവരെ ഇസ്ലാമിലേക്ക് ആകർഷിക്കാൻ വേണ്ടി ശ്രമിക്കുമ്പൊ ഇസ്ലാമിനു തന്നെ ചീത്തപ്പേരായ നാമമാത്രമായ മുസ്ലിംകളായി ഇസ്ലാമിനെ അപമാനിക്കാതിരിക്കുക എന്നുള്ള ബാധ്യത എങ്കിലും!!

16. നമ്മൾ, മനുഷ്യരാണു. മറവി ഉള്ളവരാണു. അതുകൊണ്ട് തന്നെ നമ്മുടെ ഈമാൻ പുതുക്കാൻ വേണ്ടി, സ്ഥിരമായി ഇസ്ലാമികമായ ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളവരാണു. മുൻ തലമുറകളെ അപേക്ഷിച്ച് ഒരുപാടു ദൂഷ്യങ്ങളുള്ള ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്, അതുകൊണ്ടു തന്നെ, മറക്കാനും, പ്രലോഭനങ്ങളിൽ വീഴാനും, വഴി തെറ്റാനും, തെറ്റുകൾ ചെയ്യാനും ഏറെ സാധ്യത ഉള്ളവരുമാണു. എന്നാൽ അവരെക്കാൾ ഒരുപാടു അനുഗ്രഹിക്കപ്പെട്ട കാലഘട്ടവുമാണു ഇതു. കാരണം അത്രയ്ക്ക് അധികം പ്രബോധനങ്ങൾ നമുക്കു ചുറ്റും പല രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങളിൽ ഒരുപാടു മുന്നിലാണു നമ്മൾ. പള്ളികളിലും പൊതുസഭകളിലും പോയി പ്രബോധനം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ വീടുകളിൽ തന്നെ ടി. വിയും, കമ്പ്യൂട്ടറുകളും, മൊബൈൽ ഫോണുകളും വഴി ഒരുപാടു കാര്യങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം വിനോദത്തിനു മാത്രം ഉപയോഗിക്കാതെ, ഒരു ചെറിയ അളവിലെങ്കിലും നമ്മുടെ ഈമാൻ ബൂസ്റ്റേർസ് ആയി ഉപയോഗിക്കാൻ ശ്രമിക്കാം നമുക്ക്. പ്രബോധനങ്ങൾ  പ്രയോജനപ്പെടുന്ന, പ്രയോജനപ്പെടുത്തുന്ന, സത്യവിശ്വാസികളുടെ കൂട്ടത്തിൽ, അല്ലെങ്കിൽ സത്യവിശ്വാസികൾ ആകാൻ മനസ്സു കൊണ്ട് തയ്യാരുള്ളവരുടെ കൂട്ടത്തിൽ ആകാൻ ശ്രമിക്കാം നമുക്ക്.

       **********************************

അൽഹംദുലില്ലാഹ്!! അല്ലാഹുവിന്റെ അനുഗ്രഹത്തോടു കൂടിയും, നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടു കൂടിയും ഞാൻ ആഗ്രഹിച്ച പോലെ ഈ വിഷയം - 'നമ്മുടെ ഇസ്ലാം' - അവതരിപ്പിക്കാൻ പറ്റി എന്നു വിശ്വസിക്കുന്നു. പലരുടെയും പ്രതികരണങ്ങൾ പലപ്പോഴും എനിക്ക് പ്രചോദനം ആയിട്ടുണ്ട്. എല്ലാവർക്കും എന്റെ ആത്മാർഥമായ സ്നേഹവും നന്ദിയും. 

 

ഈ പരിശുദ്ധ റമദാൻ മാസം മുഴുവനാക്കാനും, അതിൽ നിന്നുള്ള അനുഗ്രഹവും പ്രതിഫലവും നമുക്ക് ലഭിക്കുവാനും അല്ലാഹു നമ്മളെ അനുഗ്രഹിക്കട്ടെ. ഈ റമദാനിൽ ലഭിക്കുന്ന എല്ലാ പ്രബോധനങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ എന്നോടും നിങ്ങളോടും ആവശ്യപ്പെടട്ടെ. മാത്രവുമല്ല പ്രാർഥനകളും ദിക്രുകളും മറ്റ് അമലുകളും അധികരിപ്പിക്കുവാനും നമുക്ക് കഴിയട്ടെ. ആമീൻ.

നിങ്ങൾക്കറിയാവുന്നതാണെങ്കിലും ഒന്നു രണ്ടു ഹദീസുകൾ ഈ അവസരത്തിൽ ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ.

 

1. അബൂ ഹുറൈറ (റ) ഇൽ നിന്നു, അബു സലമ (റ) നിന്നു, അസ്സുഹ്രി (റ) റിപ്പോർട്ട് ചെയ്തത്- നബി (സ) റമദാനിൽ ഖിയാം-അൽ-ലൈൽ (രാത്രി നമസ്ക്കാരം, തറാവീഹ്) പ്രോത്സാഹിപ്പിച്ചിരുന്നു, പക്ഷെ നിർബന്ധപൂർവ്വമല്ല. അദ്ധേഹം (സ) പറയുകയും ചെയ്തു : "റമദാൻ ആരംഭിക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും, നരകത്തിനെ വാതിലുകൾ അടയ്ക്കപ്പെടും, പിശാചുക്കൾ ചങ്ങലയ്ക്കിടപ്പെടും" (നസാഇ, 22,15 - http://sunnah.com/nasai/22/15). 

അതുകൊണ്ട് തന്നെ നമ്മുടെ പ്രാർഥനകൾ അധികരിക്കപ്പെടേണ്ട മാസമാണു റമദാൻ, സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ എളുപ്പമുള്ള മാസവുമാണു.

 

2. അബ്ദുല്ലാഹിബ്നു അംറു ബ്നു ആസ് (റ) റിപ്പൊർട്ട് ചെയ്തു. നബി (സ) പറഞ്ഞു: "നോമ്പുകാരൻ നോമ്പു തുറക്കുമ്പോൾ അവന്റെ പ്രാർഥനകൾ തിരികെ പോവില്ല (ഉത്തരം കിട്ടാതെ പോവില്ല)" (ഇബ്നു മാജ, 1,7,1753 - http://sunnah.com/urn/1271560)

ഇൻഷാ അല്ലാഹ്, തുടരും..

നമ്മുടെ ഇസ്ലാം – 25

5. നമ്മളെ പോലെ തന്നെ മറ്റുള്ളവരും തെറ്റുകൾ ചെയ്യാൻ സാധ്യത ഉള്ളവരാണെന്നു മനസിലാക്കുക. അതുകൊണ്ട് ഞാൻ നല്ലവൻ, അവൻ മോശം എന്ന ചിന്താഗതി മറന്ന് ദീനിൽ പരസ്പരം നന്നാകാൻ സഹായിക്കുന്നവരാകാൻ ശ്രമിക്കാം, സൃഷ്ടാവായ അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി, ഇസ്ലാമിക  സാഹോദര്യം  പരമാവധി കാത്തുസൂക്ഷിക്കാൻ ശ്രമിക്കാം!നമ്മളെ ഉപദേശിക്കുന്നവർ എല്ലാം തികഞ്ഞവരായതു കൊണ്ടും, അവർ ശെരിയാണെന്നു കാണിക്കാനും, നമ്മൾ തെറ്റാണെന്നു കാണിക്കാനും അല്ല ഉപദേശിക്കുന്നതു എന്നു നമുക്കു മനസ്സിലാക്കാം. മറിച്ചു, അവർ പഠിച്ച; മനസ്സിലാക്കിയ; പ്രാവർത്തികമാക്കിയ ഒരു ശെരി കൊണ്ടു, അവർ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന നന്മ; അതു വഴി  ലഭിക്കുന്ന  പ്രതിഫലം; നമ്മളെ  കൂടി  അറിയിക്കാൻ  ശ്രമിക്കുക  ആണെന്നു  മനസ്സിലാക്കാൻ  ശ്രമിക്കാം. നമ്മുടെ  ദുരഭിമാനം  കാരണം  അവർ  കാണിച്ച്  തന്ന  സത്യത്തെ അവഗണിച്ചാൽ, നഷ്ടം അവർക്കല്ല, നമുക്കാണ്.

6. ഇനി നമ്മൾ ആരെയെങ്കിലും ഉപദേശിക്കുക ആണെങ്കിൽ, ഒരുകാര്യം മനസ്സിൽ വെക്കാൻ ശ്രമിക്കാം. ആരെയും ഒരു സുപ്രഭാതത്തിൽ നന്നാക്കാൻ ആവില്ല. സ്ഥിരമായി അറിവു നേടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന; ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന നമ്മൾ നമ്മുടെ പല തെറ്റുകളും മനസ്സിലാക്കാൻ ഒരുപാട് കാലം എടുത്തു. നമ്മൾ ചെയ്യുന്ന പല തെറ്റുകളും ഇനിയും നമുക്ക് അറിയില്ല തെറ്റാണെന്ന്. ചില തെറ്റുകൾ തിരുത്താൻ നമ്മൾ ഇപ്പോഴും കഷ്ടപ്പെടുന്നു. അപ്പോൾ, അവരുടെ കാര്യം - നമ്മുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നവരുടെ കാര്യം?? ഒരു പക്ഷേ, അവർ നമ്മുടെ അത്രയും കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ടാകില്ല, അതിനുള്ള സാഹചര്യങ്ങൾ ലഭിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ അവർക്ക് ചിന്തിക്കാനും, മനസ്സിലാക്കാനും, അതിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തുവാനും നമ്മളേക്കാൾ കൂടുതൽ സമയം വേണ്ടി വരുമായിരിക്കും, അതും അല്ലെങ്കിൽ, അവരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം, മാർഗ്ഗദർശനം ലഭിച്ചു തുടങ്ങിയിട്ടുണ്ടാകില്ല! ഇനി അതും അല്ലെങ്കിൽ, ഒരു പക്ഷേ, നമ്മൾ അറിയാത്ത പല കാര്യങ്ങളിലും നമ്മളേക്കാൾ മികവും സൂക്ഷ്മതയും പുലർത്തുന്നവരായിരിക്കും അവർ. അതുകൊണ്ടു തന്നെ ഉപദേശിക്കുമ്പൊ, നമ്മളെ അല്ലാഹു ഏൽപ്പിച്ച കടമ മാത്രം ചെയ്യാൻ ശ്രമിക്കാം നമുക്കു. ഉപദേശം സ്വീകരിക്കുന്നവരുടെ വിധി നിർണ്ണയിക്കാൻ അല്ലാഹു നമ്മളെ ഏല്പിച്ചിട്ടില്ലല്ലോ! കൂടാതെ അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയാം. പല നബിമാരും, അവർ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹവും കഴിവുകളും ഉള്ളവരായിരുന്നിട്ട് പോലും, സ്വന്തം ഭാര്യമാരെയൊ, മക്കളെയോ മാതാപിതാക്കളെയൊ ഒക്കെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു എന്നു നമുക്ക് അറിയാം. അപ്പോൾ സാധാരണക്കാരായ നമ്മൾ ഒറ്റയടിക്കു ആളുകളെ മുഴുവനായി അങ്ങു നന്നാക്കാം എന്നു വിചാരിക്കുന്നത് വ്യാമോഹമാണെന്നു നമുക്കു മനസ്സിലാക്കാം!

7.  നമ്മുടെ  സൃഷ്ടാവിന്റെ  ക്ഷമയും,  കാരുണ്യവും  നമ്മുടെ തിന്മകളേക്കാൾ  ഒരുപാട് മുകളിൽ ആണു. ശിർക്കും, കുഫ്രും ഒഴികെ ഉള്ള നമ്മുടെ ഏതു തെറ്റും പൊറുത്തു തരും എന്നു അവൻ നമ്മളോട് പല തവണ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും അവന്റെ കാരുണ്യത്തിൽ, ഒരിക്കലും നിരാശപ്പെടേണ്ടതില്ല. എപ്പോൾ നമ്മുടെ മനസ്സിൽ - അവൻ  സൃഷ്ടാവും  യജമാനനും,  ഞാൻ  സൃഷ്ടിയും,  അടിമയും ആണെന്നും, എന്റെ ഓരൊ കാര്യങ്ങൾക്കും, നിലനിൽപ്പിനും, പാപമോചനത്തിനും, സ്വർഗ്ഗത്തിനും എനിക്ക് അവനെ വേണം എന്നും ഉറച്ച ബോധ്യം വരുന്നോ, അപ്പോൾ നമുക്കു പൂർണ്ണ മനസ്സോടെ പശ്ചാത്തപിച്ച് മടങ്ങാവുന്നതാണ്. മരണം തൊണ്ടക്കുഴിയിൽ എത്തുന്ന വരെ നമുക്കു പ്രതീക്ഷ ഉണ്ട്. പക്ഷെ മരണത്തിനെ പിടി എപ്പോഴാണു മുറുകുന്നത് എന്നു മാത്രം ഉറപ്പില്ല. അതുകൊണ്ട്, ഇന്നു, ഈ നിമിഷം പശ്ചാത്തപിച്ചു തുടങ്ങിയാൽ, അത്രയും നന്നു!! നഷ്ടപ്പെടാൻ അല്ലാഹുവിനു ഒന്നും ഇല്ല, നമുക്കാണു നഷ്ടം നമ്മുടെ തൗബ നമ്മൾ വൈകിച്ചാൽ.

8. നമ്മുടെ പ്രവർത്തികളുടെ പ്രതിഫലം നമ്മുടെ ഉദ്ദേശത്തിനു (നിയ്യത്ത്) അനുസരിച്ചാണെന്നു എപ്പോഴും ഓർക്കാൻ ശ്രമിക്കാം. നമ്മൾ എന്തു ചെയ്യുന്നു എന്നതിനേക്കാൾ നമ്മൾ എന്തിനു ചെയ്യുന്നു എന്നാണ് അല്ലാഹു നോക്കുന്നത്, അതായത്, നമ്മുടെ പ്രവർത്തിയിലേക്കല്ല, നമ്മുടെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ഓരോ പ്രവൃത്തികളും അവന്റെ തൃപ്ത്തിക്ക് വേണ്ടി ആക്കാൻ ശ്രമിക്കാം. കൂടാതെ, നമ്മൾ ചെയ്യുന്ന പ്രവർത്തികൾ അവനു തൃപ്തി ഉള്ളതാണോ എന്നു അറിയാൻ ശ്രമിക്കുകയും, അതിനനുസരിച്ച് മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്യാം.

9. നമ്മുടെ 'ക്ഷമ', അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്ന ക്ഷമ, അതിനെ നമുക്കു ഒന്നു പുന:രാലോചിക്കാം. അതു അല്ലാഹുവിനെ തൃപ്തിപ്പെടുത്തികൊണ്ടുള്ള ക്ഷമയാണൊ, അതോ, അല്ലാഹുവിനു ഇഷ്ടമില്ലാതെ, നമ്മുടെ മനസ്സിനു തൃപ്തി ഇല്ലാതെ, നമ്മൾ മനസ്സിൽ ശപിച്ച്, നമ്മുടെ ആരാധനകളെയും ദീനിനെയും ബാധിച്ച്, നമ്മുടെ ബന്ധങ്ങളെ ബാധിച്ച്, എല്ലാം നശിപ്പിച്ച്, പുറമേ മാത്രം നിശബ്ദരായി പുഞ്ചിരിച്ച് കാണിക്കുന്ന ക്ഷമ ആണോ എന്ന്!! ക്ഷമ ഒരിക്കലും മനുഷ്യന്റെ മനസ്സിനെ പീഡിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, അല്ലാഹുവിന്റെ ഖദ് റിൽ വിശ്വസിക്കുകയും, അതിനെ അംഗീകരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു ഇട്ടു കൊടുക്കുന്ന ഒരു പ്രത്യേക അനുഗ്രഹമാണു അതു. മാത്രവുമല്ല, ഈ ക്ഷമയ സ്ഥിരമായ നമസ്കാരത്തിലൂടെ, സ്ഥിരമായി അല്ലാഹുവിനു കീഴ്പ്പെടുന്നതിലൂടെ മാത്രമേ നേടാനാകൂ, അതാകട്ടെ അല്ലാഹുവിന്റെ യതാർഥ ഭക്തന്മാർക്കല്ലാതെ എല്ലാവർക്കും അങ്ങേ അറ്റം ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണു (2: 45). അതുകൊണ്ടു തന്നെ, നിങ്ങൾ ക്ഷമിക്കുന്നു എന്നു നിങ്ങൾക്കു സ്വയം തോന്നുന്നുവെങ്കിൽ, നിങ്ങളോട് തന്നെ ചോദിക്കുക, നിങ്ങൾ അല്ലാഹുവിന്റെ യതാർഥ ഭക്തനാണോ?

10. നമുക്കു അല്ലാഹുവിനോട് നിരന്തരമായി ഹിദായത്തിനെ തേടാം. നമുക്കു വേണ്ടിയും, നമ്മുടെ ജീവിതത്തിലെ വേണ്ടപ്പെട്ടവർക്കു വേണ്ടിയും. ഹിദായത്ത് നിലനിർത്താനും നിരന്തരം പ്രാർഥിക്കാം. കാരണം അല്ലാഹുവാണ് ഹൃദയങ്ങളെ മാറ്റി മറിക്കുന്നവൻ. നമ്മൾ എത്ര പരിശുദ്ധർ ആണെന്നു നമുക്കു തോന്നിയാലും, അല്ലാഹുവിന്റെ അനുഗഹം ഇല്ലാതെ നമുക്കു അതേ രീതിയിൽ മരിക്കുന്ന വരെ തുടരാനാവില്ല. അല്ലാഹുവിനു നമ്മളെക്കുറിച്ച് തൃപ്തി തോന്നിയ അവസ്ഥയിൽ മാത്രം നമ്മളെ മരിപ്പിക്കാൻ സ്ഥിരമായി പ്രാർഥിക്കാം.

11. ഖുറാനിനെയും, ഹദീസുകളെയും, മറ്റു ഇസ്ലാമിക വിജ്ഞാന ശ്രോതസ്സുകളെയും, സദുദ്ദേശത്തോടു കൂടി സമീപിക്കാൻ ശ്രമിക്കാം. മാർഗ്ഗദർശനം, അതു വഴി നമ്മുടെ നല്ല മാറ്റം, എന്നീ ഉദ്ദേശങ്ങളോടു കൂടി. അല്ലാതെ, നമ്മുടെ ചിന്തകളെയും പ്രവർത്തികളെയും ന്യായീകരിക്കാനോ, മറ്റുള്ളവരുടെ തിന്മകളെ ചൂണ്ടി കാണിക്കാനൊ മാത്രം ആകാതിരിക്കാൻ ശ്രമിക്കാം. നമ്മുടെ  പ്രാർഥനകളെയും  ഇബാദത്തുകളെയും, അല്ലാഹുവിന്റെ തൃപ്തിക്കും, നമ്മുടെ ഈമാനിന്റെ ഉറപ്പിനും, നമ്മുടെ പരലോകത്തിന്റെ വിജയത്തിനും കൂടി ആക്കാൻ ശ്രമിക്കാം. ഇഹലോകത്തെ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും, നമ്മുടെ പരാതികൾ ബോധിപ്പിക്കാനും മാത്രം ആക്കാതിരിക്കാൻ ശ്രമിക്കാം. എങ്കിലേ നമ്മുടെ പ്രാർഥനകളിൽ സ്ഥിരത ഉണ്ടാകൂ.

ഇൻഷാ അല്ലാഹ്, തുടരും.....

നമ്മുടെ ഇസ്ലാം - 24


 "വിശ്വസിച്ചവരേ, വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക."  (സൂറത്തു  ജുമുഅ:9).  മുഹമ്മദ് അമാനി മൗലവിയുടെ ഖുറാൻ തഫ്സീറിന്റെ വെളിച്ചത്തിൽ, ഇവിടെ പറഞ്ഞിരിക്കുന്ന ദിക്റ് എന്താണെന്ന് നമുക്കു നോക്കാം. അല്ലാഹുവിന്റെ സ്മരണയ്ക്കായി അവന്റെ മുന്നിൽ തലകുനിച്ചും പ്രാർഥനയർപ്പിച്ചും നടത്തപ്പെടുന്ന മഹത്തായ ഒരു ആരാധനയാണ് നമസ്കാരം. ഖുത്ബയാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും ഭക്തിയും, കേൽക്കുന്നവരിൽ ഉണ്ടാക്കുകയും, അവയെ പുതുക്കികൊണ്ടിരിക്കുകയും ചെയുന്നു. അതുകൊണ്ടാണു ഖുത്ബയെക്കുറിച്ച് തദ് കീർ (ഉത്ബോധനം ) എന്നു പറയപ്പെടുന്നതും. ഈ രണ്ടും ഉൾപ്പെടുത്തിക്കൊണ്ടു തന്നെയാണ് അല്ലാഹു - രണ്ടിലൊന്നിനെ പ്രത്യേകം എടുത്ത് പറയാതെ - 'ദിക് റിലേക്ക്'  - എന്നു  പറഞ്ഞിരിക്കുന്നതും.  അപ്പോൾ  ജുമുഅ:യിൽ  സംബന്ധിക്കാത്ത ആളുകൾ അല്ലാഹുവിന്റെ സ്മരണയെക്കുറിച്ച് അശ്രദ്ധന്മാരാണെന്നു ചുരുക്കം. അതു മാത്രമല്ല, ജുമുഅ: എന്നു വെച്ചാൽ നമസ്കാരത്തിന്റെ കറക്റ്റ് സമയത്ത് ഓടിപ്പോയി പിന്നിലെ സ്വഫ്ഫിൽ നിന്നു നമസ്ക്കരിച്ച് തിരിച്ചു ഓടി വരുന്ന പരിപാടി അല്ല എന്നും സ്പഷ്ടം! അല്ലാഹു നമസ്കരിക്കാൻ മാത്രം അല്ല ജുമുഅയിലൂടെ നമ്മളോട് കല്പിച്ചിരിക്കുന്നത്, മറിച്ച് അല്ലാഹുവിന്റെ സ്മരണയിലേക്ക് വരാൻ, ഖുത്ബ കേൾക്കാൻ, അതു ഉൾകൊള്ളാൻ, അതിലൂടെ ഈമാൻ പുതുക്കാൻ!! ഇപ്പോൾ ജുമുഅ: നിർബന്ധം ആക്കിയതിന്റെ പിന്നിലെ യുക്തിയും ഏറെക്കുറെ വ്യക്തമാണല്ലൊ അല്ലെ?? ഈ ഖുത്ബ കേൾക്കുമ്പോ മുന്നെ പറഞ്ഞ പോലെ, സത്യവിശ്വാസികൾക്ക്, അല്ലെങ്കിൽ സത്യവിശ്വാസം സ്വീകരിക്കാൻ മനസ്സ് കൊണ്ട് ഒരുക്കം ഉള്ളവർക്ക് പ്രയോജനവും ഉണ്ടാകും, മാറ്റവും ഉണ്ടാകും!! 

 

നമ്മൾ, അല്ലെങ്കിൽ നമ്മുടെ സഹോദൻമാർ ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നവരാണെന്നു ഒന്നു ചിന്തിച്ചു നോക്കാം. ജുമുഅ: ഖുതുബ കൂടെ കേൾക്കാൻ ഉദ്ദേശിച്ച് നേരത്തെ പള്ളിയിൽ എത്തുന്നവരോ, അതോ നമസ്ക്കാരത്തിനു വേണ്ടി മാത്രം ഓടി എത്തുന്നവരോ, ഇനി അഥവാ ഖുത്ബ കേട്ടാൽ തന്നെ, നന്നായി പോകുമോ എന്നു ഭയന്നു അതു ശ്രദ്ധിക്കാതിരിക്കുന്നവരോ, ഒരു ചെവിയിൽ കേട്ടു മറ്റേ ചെവിയിലൂടെ പുറം തള്ളുന്നവരോ, ഇനി വല്ലപ്പോഴും തോന്നുമ്പോ മാത്രം ജുമുഅക്ക് പോകുന്നവരോ, ജുമുഅക്കേ പോകാത്തവരൊ എന്നു നമുക്കു സ്വയം ചോദിച്ച്നോക്കാം!! ജുമുഅ: ഖുത്ബയുടെ ഇസ്ലാമിലെ സ്ഥാനം വ്യക്തമാക്കുന്ന വളരെ വിശിഷ്ട്മായ ഹദീസുകൾ ഉണ്ട്. 

                ********************

ഇതോടു കൂടി നമ്മുടെ ഇസ്ലാമിനോടു നമുക്ക് സ്നേഹം ഇല്ലാതിരിക്കാനുള്ള; നമുക്ക് അകൽച്ച ഉണ്ടാകാനുള്ള, കാരണങ്ങൾ എന്റെ  ചിന്തയിലുള്ളവയും, ശ്രദ്ധയിൽ പെട്ടവയും ആയ എല്ലാം പറഞ്ഞു കഴിഞ്ഞു. അതിനെ നേരിടാനുള്ള രീതികളും ഏറെക്കുറെ നമ്മൾ സംസാരിച്ചു. നമ്മൾ തുടക്കത്തിൽ പറഞ്ഞതെല്ലാം ഇപ്പൊ മറന്നു തുടങ്ങിയിട്ടുണ്ടാകുമല്ലൊ അല്ലെ? അതെല്ലാം ഇവിടെ നമുക്കൊന്നു ചുരുക്കിപ്പറയാം. ഈ ലേഖന പരമ്പര വായിച്ചിട്ട് എന്തെങ്കിലും ഒരു മാറ്റം  ഉണ്ടായിട്ടുണ്ടെങ്കിൽ, ഈ താഴെ പറയുന്ന  കാര്യങ്ങൾ  എപ്പോഴും  ജീവിതത്തിൽ  ശ്രദ്ധിക്കുവാൻ ഞാൻ എന്നോടും നിങ്ങളോടും ഒരേപോലെ ആവശ്യപ്പെടട്ടെ! ഇതു ഒരു ചെക്ക്- ലിസ്റ്റ് ആയി കൂടെകൊണ്ടു നടക്കാൻ ആവശ്യപ്പെടട്ടെ!

 

1. നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശം എപ്പോഴും സ്വയം ഓർമ്മിപ്പിച്ചു  കൊണ്ടിരിക്കുക.  (51:56, 67:2)

2. ഇസ്ലാമിനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുക. അറിയുന്തോറും നമ്മുടെ സ്നേഹവും ആത്മാർഥതയും വർദ്ധിക്കുന്നതായി കാണാം. ഒരു ദിവസം ഒരു പുതിയ അറിവെങ്കിലും നേടാൻ ശ്രമിക്കുക. അതു ഖുറാനിലെ ഒരു ആയത്തൊ, അതിന്റെ വ്യാഖ്നമോ, ഒരു ഹദീസൊ, ചരിത്രമോ, അങ്ങനെ എന്തെങ്കിലും,  സ്വയം  പ്ലാൻ ചെയ്തു അതിനു വേണ്ട ശ്രോതസ്സുകൾ കണ്ടു പിടിച്ച് ചെയ്യാൻ ശ്രമിക്കുക. കഴിയുമെങ്കിൽ കുടുമ്പത്തിൽ എല്ലാരുമായി അതുപങ്കു വെക്കുക. ഒരു ചെറിയ ഇസ്ലാമിക ചർച്ച, ദിവസവും കഴിയില്ലെങ്കിൽ ആഴ്ചയിൽ  ഒരിക്കലെങ്കിലും  കുടുമ്പത്തിൽ   നടത്തുക.  ഒരു അഞ്ചു മിനിട്ടെങ്കിലും! അതു  ആരോഗ്യകരമായ  ചർച്ചയായിരിക്കാൻ  ശ്രദ്ധിക്കുക ( അതായത്,ഓരോരുത്തരും അവനവൻ പറയുന്ന കാര്യം ശെരിയാണെന്നു വാദിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും മൗലവി ഏതെങ്കിലും സന്ദർഭത്തിൽ പറഞ്ഞ ഏതെങ്കിലും ഫത്വ തെറ്റാണെന്ന് വാദിക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക, മറിച്ച്, ഒരു പുതിയ വിജ്ഞാനം നേടാനും പകരുവാനും ആയിരിക്കുക ആ ചർച്ച)

3. നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ഓരൊ കാര്യങ്ങളും;അല്ലെങ്കിൽ നമ്മൾ പുതുതായി പഠിച്ച ഓരോ കാര്യവും - അതിനെ  ക്കുറിച്ച്  കൂടുതൽ ചിന്തിക്കുക.  നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ഇസ്ലാമികമായ യുക്തി, ഖുറാനികമായ പിന്തുണ ഉണ്ടൊ എന്നു ഉറപ്പു വരുത്തുക, അതു വഴി ആ ഓരോ കാര്യങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കു ആയിരിക്കാൻ ശ്രമിക്കുക. 

4. നമ്മൾ എല്ലാവരും തന്നെ ഏതു നിമിഷവും തെറ്റ് ചെയ്യാൻ പ്രവണത ഉള്ളവരാണെന്ന് സ്വയം തിരിച്ചറിയുക. എപ്പോഴും സ്വയം ഒരു നോട്ടപുള്ളി ആക്കി വെക്കുക, ചെയ്യുന്ന ഓരോ കാര്യങ്ങളും തെറ്റാണൊ ശെരിയാണൊ എന്നു സ്വയം ചോദിക്കുക, തെറ്റാണെന്നു ബോധ്യമായാൽ, ഉടൻ തൗബ ചെയ്യുക. മുൻപു ചെതു കൊണ്ടിരുന്ന ഓരൊ തെറ്റുകളും, പുതിയ കാര്യങ്ങൾ പഠിച്ചു വരുമ്പോ തെറ്റാണെന്ന് ബോധ്യമായാൽ, തൗബ ചെയ്യുക. ഇനി ഒരു തെറ്റും ചെയ്തില്ലെന്നു തോന്നിയാലും ദിവസവും അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടിരിക്കുക. നമ്മൾ പറഞ്ഞല്ലോ നബി (സ) ദിവസവും 70 മുതൽ 100 വരെ തവണ പൊറുക്കലിനെ തേടിയിരുന്നു എന്നു.

ഇൻഷാ അല്ലാഹ്, തുടരും.....

Sunday, 14 June 2015

നമ്മുടെ ഇസ്ലാം - 23

നമ്മുടെ ഈമാനിനെ സഹായിക്കാൻ ഇസ്ലാമികമായ കൂട്ടുകെട്ട് നിലനിർത്തേണ്ടതിന്റെ ആവശ്യകത നമ്മൾ കണ്ടു. അതോടൊപ്പം തന്നെ ഇസ്ലാമിനെ നിസ്സാരമായി കാണുന്ന മുസ്ലിംകളോടു നമുക്കുള്ള കടപ്പാടും അവരോട് ഇടപെടേണ്ട രീതിയും, അമുസ്ലിംകളോടുള്ള ബാദ്ധ്യതയും, അധികം വിശദമായല്ലെങ്കിലും, നമ്മൾ കണ്ടു. ഇനി നമ്മൾ രണ്ടാമതു പറഞ്ഞ ഒരു പോയിന്റ് ഉണ്ട് - സ്ഥിരമായ ഉത്ബോധനം/ പ്രബോധനം/ ഓർമ്മപ്പെടുത്തൽ.



മനുഷ്യന്റെ ജന്മനാ ഉള്ള സ്വഭാവത്തിൽ പെട്ട ഒരു കാര്യമാണു മറവി. ഇതു അല്ലാഹു പലയിടങ്ങളിലായി നമ്മളോട് പറയുന്നുണ്ട്.നമുക്കു ചെയ്തു തന്ന പല അനുഗ്രഹങ്ങളും നമ്മൾ മറന്നു പോകുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവരാണെന്ന്!! മനുഷ്യൻ എന്ന വാക്കിന്റെ അറബി പദമായ ഇൻസാൻ(إنسان), ചില അറബി ഭാഷാ പണ്ഡിതരുടെ അഭിപ്രായപ്രകാരം, നസിയ (نسي) എന്ന മൂല പദത്തിൽ നിന്നു വന്നതാണ്. അതിന്റെ അർഥമോ, "മറക്കുക" (to forget) എന്നും! അതുകൊണ്ട് തന്നെ നമ്മൾ, നമ്മളോട് നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എളുപ്പം മറന്നു, തെറ്റു വരുത്താൻ കൂടുതൽ സാധ്യത ഉള്ളവരും, നമുക്കു ചെയ്ത അനുഗ്രഹങ്ങൾ മറന്നു നന്ദികേടു കാണിക്കുന്നവരും ആണെന്ന് പറയുന്നതിൽ അതിശയോക്തി ഒന്നും തന്നെ ഇല്ല!!



മനുഷ്യന്റെ ഈ സ്വഭാവ ദൗർബല്യം സൃഷ്ടാവായ അല്ലഹുവിനല്ലാതെ ആർക്കാണു കൂടുതൽ അറിയുക? അതുകൊണ്ട് തന്നെ ഇതിൽനിന്നു രക്ഷ നേടാനുള്ള മാർഗ്ഗവും അല്ലാഹു ഖുറാനിൽ പലയിടങ്ങളിലായി പറഞ്ഞിട്ടുണ്ട്. മറ്റൊന്നുമല്ല, തുടർച്ചയായ ഉത്ബോധനം. സൂറത്തുദ്ദാരിയാത്ത് (51:55) ഇൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് നോക്കാം - "(നീ ഉപദേശം നൽകി) ഓർമ്മിപ്പിക്കയും ചെയ്യുക. തീർച്ചയായും ഓർമ്മിപ്പിക്കൽ (ഉപദേശം) സത്യവിശ്വാസികൾക്ക് ഫലം ചെയ്യും.". ഈ ആയത്തിനു അമാനി മൗലവിയുടെ തഫ്സീർ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കാം. അല്ലാഹു നബി (സ) യോട് മുൻപുള്ള സമുദായങ്ങളെ ക്കുറിച്ച് പറയുകയായിരുന്നു ഇതിനു മുൻപുള്ള ആയത്തുകളിൽ! അവയുടെ സാരം: " ആ സമുദായങ്ങളെല്ലാം അവർക്ക് വന്നിരുന്ന റസൂലുകളെ നിഷേധിക്കാതെയും അവർ ജാലവിദ്യക്കാരാണെന്നും ഭ്രാന്തന്മാരാണെന്നും പറയാതെയും വിട്ടിട്ടില്ല. അതുപോലെ ഈ അവിശ്വാസികളും പറയുന്നുവെന്നെയുള്ളൂ. ഇവരുടെ രണ്ടു കൂട്ടരുടെയും ഒരേ രീതിയിലുള്ള പെരുമാറ്റം കണ്ടാൽ, ഓരോ സമൂഹവും അവരുടെ പിൻഗാമികൾ അങ്ങനെ ചെയ്യാൻ വസിയത്തും നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് തോന്നും. പക്ഷെ, അതൊന്നുമില്ല. അവർ എല്ലാവരും ധിക്കാരികളും അതിക്രമികളുമാണെന്ന് മാത്രം. അതുകൊണ്ടാണ് അവർ ഉപദേശം ചെവികൊള്ളാത്തതു. ആകയാൽ നീ അവരുടെ കാര്യത്തിൽ മനസ്സുമുഷിഞ്ഞ് വിഷമിക്കേണ്ടതില്ല. അവരെ വിട്ടുമാറി നിന്നു കൊള്ളുക. എന്നാലും ഉപദേശം തുടർന്നു ചെയ്തു കൊണ്ടിരിക്കണം. അവർക്കതു ഫലം ചെയ്തില്ലെങ്കിലും സത്യ്വിശ്വാസം സ്വീകരിച്ചവർക്കും സ്വീകരിക്കുവാൻ സന്നദ്ധതയുള്ളവർക്കും ഫലം ചെയ്യുന്നതാണ്."



സൂറത്തുൽ അഅ്ലാ യിലെ 9-11 ആയത്തുകൾ. നമ്മൾ സ്ഥിരമായി വിത്റു നമസ്കാരത്തിലും, ജുമുഅയിലും എല്ലാം ഓതുന്നവയാണ്. (87: 9-11) - "അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌. ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ ( ഉപദേശത്തെ ) വിട്ടകന്നു പോകുന്നതാണ്‌." നമുക്കറിയാം നമ്മുടെ പൂർവ്വ പിതാവായ ആദം (അ) പോലും അല്ലാഹു കൊടുത്ത ഉപദേശം ഒരു നിമിഷത്തേക്ക് മറന്നതാണ് ശൈത്താന്റെ പ്രലോഭനത്തിൽ പെട്ടു പോകാൻ കാരണം. അപ്പോൾ നമ്മുടെ ഒക്കെ അവസ്ഥയോ???



ഇനി സൂറത്തു ജുമുഅയിലെ 9 ആമത്തെ ആയത്ത് നോക്കാം - "വിശ്വസിച്ചവരെ വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക." "നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാൽ നമസ്ക്കാരത്തിനു വരണം എന്നല്ല. അല്ലാഹുവിന്റെ സ്മരണയാകുന്ന ദിക്റിലേക്ക്‌ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്." എന്താണു ഇവിടുത്തെ ദിക്‌റു?ഇതിനെക്കുറിച്ച് അല്പം വിശദമായി നമുക്കു നാളെ കാണാം.



നമ്മുടെ മറവിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നതു കൊണ്ടാണ്‌, അല്ലാഹു, നമുക്കു സ്ഥിരമായി ഓർമ്മപ്പെടുത്തലിനായി എല്ലാ ആഴ്ചയിലും ജുമുഅ ഖുത്ബ ഏർപ്പെടുത്തിയിരിക്കുന്നത്. നമ്മൾ ഈ ഓർമ്മപ്പെടുത്തലുകൾ എത്രത്തോളം ഉപയ്യൊഗപ്പെടുത്തുന്നു വെന്നു ഒന്നു ആലോചിചി നോക്കാം. കൂടാതെ, ജുമുഅ ഖുത്ബകളിൽ ആഴ്ചതോറും പങ്കെടുക്കാതെ, നമ്മുടെ വീടുകളിൽ ഇരിക്കുന്ന സഹോദരിമാർക്ക് ഓർമ്മപ്പെടുത്തലിനു നമ്മൾ എങ്ങനെയാണു അവസരം ഒരുക്കാൻ പോകുന്നത് എന്നും ചിന്തിക്കാം. ഈ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ ഈമാനിനെ കാത്തുസൂക്ഷിക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും നമ്മളോട് തന്നെ ചെയ്യേണ്ട കടമകളിൽ ഒന്നാണു. നമുക്കു ചുറ്റും ഒരുപാട് സാധ്യതകൾ ഈ ഓർമ്മപ്പെടുതലുകൾക്ക്ക് വേണ്ടി ഉണ്ടായിട്ടും അതിനു നേരെ കണ്ണടച്ചിട്ടു, പിതാവോ ഭർത്താവൊ, സമുദായമോ എന്നെ പള്ളീയിൽ കൊണ്ടുപോകാത്തത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് മറുപടി പറഞ്ഞ് രക്ഷപ്പെടാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ഏതെങ്കിലും വിധത്തിൽ എങ്കിലും സ്ഥിരമായി നമ്മൾ ഇത്തരം ഉപദേശങ്ങളോ ഉത്ബോധനങ്ങളോ കൈകൊണ്ടാൽ അതു നമ്മുടെ ഈമാനിനെയും, ഫലത്തിൽ നമ്മുടെ പരലോകത്തെയും രക്ഷിക്കാൻ നമ്മളോട് തന്നെ ചെയ്യുന്ന ഒരു നന്മയാകും....


ഇൻഷാ അല്ലാഹ്, തുടരും.

Thursday, 11 June 2015

നമ്മുടെ ഇസ്ലാം - 21

ഇസ്ലാമിനോടുള്ള സ്നേഹത്തിൽ നിന്ന് നമ്മളെ അകറ്റാൻ കാരണങ്ങളായ ഒരുപാട് കാര്യങ്ങൾ നമ്മൾ വിശദീകരിച്ചു. ഇൻഷാ അല്ലാഹ് ഈ ലേഖനത്തിന്റെ അവസാനം നമുക്കു അവയെ ചുരുക്കിപ്പറയാം. ഇനി നമ്മൾ അത്ര കാര്യമാക്കി എടുക്കാത്ത രണ്ടു കാര്യങ്ങളുണ്ട് നമ്മളെ ഇസ്ലാമിനോട് അടുപ്പിക്കാൻ സഹായിക്കുന്നത്. അതു ഏതൊക്കെയാണെന്ന് നോക്കാം. 1. ഇസ്ലാമികമായ കൂട്ടുകെട്ട് അല്ലെങ്കിൽ സഹവർത്തിത്വം. 2. സ്ഥിരമായ ഉത്ബോധനം/ പ്രബോധനം/ ഓർമ്മപ്പെടുത്തൽ. ഇതു രണ്ടും തന്നെ ഒന്നുകിൽ നമ്മൾ തീരെ പരിഗണിക്കാറില്ല, അല്ലെങ്കിൽ ഇവയ്ക്കു അത്ര പ്രാധാന്യം കൊടുക്കാറില്ല.


മനുഷ്യൻ ജന്മനാ ഒരു സാമൂഹികചിന്ത ഉള്ള ജീവി ആണ്. അവൻ ഏത് സമൂഹത്തിൽ, ഏത് സമുദായത്തിൽ, ഏതു നാട്ടിൽ, ഏത് കുടുമ്പത്തിൽ, ഏത് സുഹൃദ് വലയത്തിൽ ജീവിക്കുന്നുവോ, ആ കൂട്ടത്തിലുള്ള ആളുകളെ, അവരുടെ സംസ്കാരത്തെ, അവരുടെ ഭാഷയെ, അവരുടെ ശൈലികളെ, അവരുടെ രീതികളെ, അവരുടെ ഭക്ഷണരീതികളെ, അവരുടെ വേഷവിധാനത്തെ, അവരുടെ സ്വഭാവഗുണങ്ങളെ എല്ലാം സാവധാനം അനുകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ രക്തത്തിൽ അലിഞ്ഞ ഒരുസ്വഭാവഗുണമാണ്. അതു ആർക്കും എതിർക്കാനാകാത്ത ഒരു സത്യമാണ്. പലപ്പോഴും അത്തരം രീതികളും മര്യാദകളും ഏറ്റു ചെയ്യുമ്പൊ അതിന്റെ പിന്നിലെ സത്യാവസ്ഥയൊ ശെരിയും തെറ്റുമോ പ്രയോജനമോ മതപരമായ പിന്തുണയൊ ഒന്നും മനുഷ്യൻ നോക്കാറില്ല. "ഈ നാട്ടിലെ നടപ്പ് അങ്ങനെയാ. അതുകൊണ്ട് അങ്ങനെ ചെയ്തേ പറ്റൂ" എന്ന ഒരു നിലപാടാണ് മിക്കവാറും നമ്മൾ എല്ലാരും എടുക്കാറ്. അല്ലെങ്കിൽ "സമൂഹത്തെയും നമ്മൾ തൃപ്തിപ്പെടുത്തണ്ടെ, നമ്മൾ ഇവിടെ അല്ലെ ജീവിക്കേണ്ടത്?", അതും അല്ലെങ്കിൽ "അവരുടെ കൂടെ ജീവിച്ച് അവൻ അങ്ങനെ ആയിപ്പോയി" ഇതൊക്കെ നാം സ്ഥിരമായി പറയാറും കേൾക്കാറുംഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സഹവർത്തിത്വം മനുഷ്യന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് കൂടുതൽ വിശദമാക്കേണ്ടതില്ല.


പിന്നെ ഇസ്ലാമികമായ സഹവർത്തിത്വം എന്ന് പറയുമ്പൊ നമ്മളിൽ പലരും ചിന്തിക്കും, നമ്മൾ ഇസ്ലാമികമായ ചുറ്റുപാടിൽ തന്നെ അല്ലെ? നമ്മുടെ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, ബന്ധുക്കൾ, സുഹ്രുത്തുക്കൾ എല്ലാരും മുസ്ലിങ്ങളാണല്ലോ എന്നു!! ഇവരുടെ ഒക്കെ കൂടെ തന്നെ അല്ലെ നമ്മൾ ജീവിക്കുന്നത് എന്ന്! ശെരിയാണ്. പക്ഷെ, ഇവരിൽ ആരൊക്കെ നമ്മളെ സ്ഥിരമായി അല്ലാഹുവിനെയും മരണത്തെയും അന്ത്യനാളിനെയും സ്വർഗ്ഗത്തെയും നരകത്തെയും ഖുറാനിനെയും സുന്നത്തിനെയും പറ്റി ഓർമ്മിപ്പിക്കാറുണ്ട്? ഇവരിൽ ആരുടെ ഒക്കെ കൂടെ ദിവസവും ഒരു പത്ത് മിനുട്ട് എങ്കിലും നമ്മൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്? ഒക്കെ പോട്ടെ, ഇവരിൽ ആരൊക്കെ നമ്മളെ അഞ്ചു നേരം പള്ളിയിലെ ജമാഅത്തിനു പോകുമ്പൊ വിളിക്കാറുണ്ട്? അല്ലെങ്കിൽ വീട്ടിൽ നിസ്കരിക്കുമ്പോ അഞ്ചു നേരവും നിർബന്ധമായും ജമാഅത്ത് കൂടാൻ കൂട്ടാറുണ്ട്? ഇവരൊക്കെ തന്നെ നമ്മൾ ഏതെങ്കിലുമൊരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ വഴക്കു പറയുന്നവരായിരിക്കും, മരുന്ന് കൃത്യമായി കഴിക്കാൻ ഓർമ്മിപ്പിക്കുന്നവരായിരിക്കും, നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ഒരുങ്ങി കല്യാണങ്ങൾക്ക് പോകാനും സപ്പോർട്ട് ചെയ്യുന്നവരായിരിക്കും, നമുക്ക്ഒരു വിഷമം വരുമ്പോ ആശ്വാസവാക്കുകളുമായി എത്തുന്നവരായിരിക്കും. ഇതൊന്നും വേണ്ടാ എന്നല്ല. എന്നാൽ ഇതു മാത്രം മതിയോ? നമുക്ക് ഇതു മാത്രം മതി, അല്ലെ? കാരണം നമുക്ക് ഇഷ്ടമല്ല ഒരുപാട് വെല്യ വെല്യ കാര്യങ്ങൾ സംസാരിച്ചും ഉപദേശിച്ചും നമ്മുടെ സമയം മെനക്കെടുത്തുന്നത്! "ഓഹ് ഒരു വെല്യ പുണ്യാളൻ/ പുണ്യാളി വന്നിരിക്കുന്നു, ആദ്യം സ്വയം നന്നാകട്ടെ, എന്നിട്ട് എന്നെ നന്നാക്കിയാൽ മതി" എന്ന ചിന്തയാണ് അല്ലെ?


അല്ലാഹു ഖുറാനിൽ പല സ്ഥലങ്ങളിലായി പറഞ്ഞിരിക്കുന്നു സച്ചരിതരുടെ കൂടെ ആയിരിക്കാൻ - സൂറത്തു തൗബ (9:119) - "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക." സൂറത്തുൽകഹ്‌ഫ് (18:28) - "തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌." സൂറത്തു ഫുസ്സിലാത്ത് (41:33) - "അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" സൂറത്തു അൻ ആം (6:68) - "നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌." - ഇങ്ങനെ പലയിടങ്ങളിലായി അല്ലാഹു നമളെ ഓർമിപ്പിക്കുന്നുണ്ട് സച്ചരിതരുടെ കൂട്ടുകെട്ടിനെ പറ്റി, നന്മയെ ക്കുറിച്ച്‌ നമ്മളെ ഓർമ്മപ്പെടുത്തുന്നവരെ പറ്റി, തിന്മയിൽ നിന്ന് നമ്മളെ വിലക്കുന്നവരെ പറ്റി!!! എന്നാൽ നമുക്കിഷ്ടം എന്തു ചെയ്താലും നമ്മളോട് പുഞ്ചിരിച്ച്, ശെരി എന്ന് പറയുന്ന, നമ്മുടെ പരലോകത്തെ ക്കുറിച്ച്‌ ചിന്തയില്ലാതെ, ഇഹലോകത്തിനു വേണ്ടി മാത്രം നമ്മളെ സ്നേഹിക്കുന്ന "നമ്മുടെ കാഴ്ചപ്പാടിലെ ക്ഷമ" ഉള്ളവരെയാണ്!!!!!


എന്നാൽ സച്ചരിതരല്ല എന്ന് നമുക്ക് തോന്നുന്നവരെ വെറുക്കാനോ അവരെ നമ്മുടെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കാനോ അല്ലാഹു പറയുന്നും ഇല്ല. ഇതിനെ ക്കുറിച്ച് കൂടുതൽ നമുക്ക് നാളെ നോക്കാം ഇൻഷാ അല്ലാഹ്!



നന്മയെ നിർദ്ദേശിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന കാര്യം പറഞ്ഞല്ലോ. ഇതു മനസ്സിലാക്കാൻ അബൂദാവൂദ്, മുസ്ലിം എന്നിവ റിപ്പോർട്ട് ചെയ്ത അബൂ സഈദ് അൽ-ഖുദ്രി (റ) പറഞ്ഞ സ്വഹീഹായ ഒരു ഹദീസ് കൂടി പറഞ്ഞ് നിർത്തട്ടെ! "അബൂ സഈദ് അൽ-ഖുദ്രി (റ) റിപ്പോർട്ട് ചെയ്തു - നബി (സ) പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ, അവൻ അതു കൈ കൊണ്ട് തടുക്കട്ടെ, അവനു അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അവന്റെ നാവു കൊണ്ട്, അതും കഴിഞ്ഞില്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും. അതാകട്ടെ വിശ്വാസത്തിന്റെ ഏറ്റവും ദുർബ്ബലമായ രൂപവുമാണ്!!" (മുസ്ലിം, അബൂദാവൂദ് 39,50(http://sunnah.com/abudawud/39/50,http://sunnah.com/riyadussaliheen/1/184)



അപ്പോൾ തിന്മകളെ ഹൃദയം കൊണ്ട് വെറുക്കാൻ പോലും കഴിയാത്ത നമ്മുടെ വിശ്വാസം?? "ദുർബ്ബലത്തിന്റെയും" താഴെയുള്ള പടിയിൽ!!!??? അതിനെ വിശ്വാസം എന്നു വിളിക്കാമൊ? ചിന്തിച്ച് നോക്കാം നമുക്ക്!!??


ഇൻഷാ അല്ലാഹ്, തുടരും...

Wednesday, 10 June 2015

നമ്മുടെ ഇസ്ലാം - 20

ഇന്നലെ ചർച്ച ചെയ്ത വിഷയത്തോട് അനുബന്ധിച്ച് ഒന്നു രണ്ട് കാര്യങ്ങൾ കൂടെ പറയട്ടെ. നമ്മൾ പറഞ്ഞല്ലോ പൂർണ്ണരാകാൻ അല്ലാഹു നമ്മളോട് കല്പിക്കുന്നില്ല, മറിച്ച് പൂർണ്ണതയുടെ അടുത്തെത്താൻ ശ്രമിക്കാൻ ആണ് ആവശ്യപ്പെടുന്നത് എന്ന്! ഖുറാനും ഹദീസുകളും പരിശോധിച്ചാൽ നമുക്ക് ആയിരക്കണക്കിനു പ്രതിഫലാർഹങ്ങളായ സൽകർമ്മങ്ങളും, പ്രവാചക സുന്നത്തുകളായ ദിക്റുകളും, ദുആകളും, സുന്നത്ത് നമസ്കാരങ്ങളും, കൂടാതെ ഹറാമായ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും, ചെയ്യാതിരിക്കൽ ഉത്തമമായുള്ള കാര്യങ്ങളും തുടങ്ങി ഒരുപാട് കാര്യങ്ങൾ കാണാം. നമ്മളെ പോലുള്ള സാധാരണക്കാരായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം മുഴുവനായി വായിക്കാനും അറിയാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും ഉള്ള സാധ്യത വളരെ കുറവാണ്. ഓരോരുത്തരും അവനവന്റെ കഴിവിനും സാഹചര്യത്തിനും അനുസരിച്ചു തന്റെ കഴിവിന്റെ "പരമാവധി ശ്രമിക്കുകയാണ്" വേണ്ടത്. നമ്മളുടെ മനസ്സിലെ ഉദ്ദേശം അല്ലാഹുവിനെ തൃപ്തിപ്പെടുത്താനായി പരമാവധി ശ്രമിക്കുക എന്നാണെങ്കിൽ, ദിനംതോറും കൂടുതൽ നന്നാകാൻ ശ്രമിക്കുക എന്നാണെങ്കിൽ, മരണം എത്തുന്നതിനു മുന്നെ പരമാവധി പ്രതിഫലം വാരിക്കൂട്ടുക എന്നാണെങ്കിൽ പരമകാരുണികനായ സൃഷ്ടാവിന്റെ കരുണയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം!

സൽകർമ്മങ്ങളും സുന്നത്തുകളും എല്ലാം, ഒരാൾക്ക് ചെയ്യാൻ കഴിയുന്നവ ആയിരിക്കില്ല മറ്റൊരാൾക്ക് ചെയ്യാൻ കഴിയുന്നത്. ധനികനായ തിരക്കേറിയ ഒരു ബിസിനസുകാരന് ഒരു പക്ഷേ ധാരാളമായി ധർമം നൽകിയായിരിക്കും അല്ലാഹുവിന്റെ തൃപ്തി നേടാനാവുന്നത്. അതോടൊപ്പം മറ്റു കാര്യങ്ങളിലും അവൻ ശ്രദ്ധിക്കണമെങ്കിലും! എന്നാൽ ദരിദ്രരായ ആളുകൾക്ക് ഒരു പക്ഷെ കൂടുതൽ സുന്നത്ത് നോമ്പുകളും ദിക്രുകളും ആയിരിക്കും സാധിക്കുന്നത്. എന്തു തന്നെ ആയാലും നമ്മൾ ചെയ്യുമ്പോ മനസ്സിലെ ഉദ്ദേശം സൃഷ്ടാവിന്റെ തൃപ്തി ആണെങ്കിൽ എത്ര ചെയ്താലും വീണ്ടും വീണ്ടും ചെയ്യാൻ നമ്മുടെ മനസ്സും ശരീരവും നമ്മളോട് ആവശ്യപ്പെടും. നമുക്കറിയാം നബി (സ) പറഞ്ഞതായി - "നിങ്ങളിൽ ആരും നിങ്ങൾ ചെയ്ത സൽകർമ്മങ്ങളുടെ ഗുണം കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല." അപ്പോൾ നബി(സ) യോട് അവർ ചോദിച്ചു: "നബിയേ, താങ്കളും?". നബി (സ) പറഞ്ഞു: "ഞാനും!! അല്ലാഹുവിന്റെ കാരുണ്യവും കൃപയും എന്നിൽ വ്യാപിച്ചെങ്കിൽ അല്ലാതെ!!" (ഇബ്നു കഥീർ ഖുറാൻ വ്യാഖ്യാനം - സൂറത്ത് അൽ ഫാത്വിർ 35ആം ആയത്ത് വ്യാഖ്യാനം - http://www.qtafsir.com/index.php?option=com_content&task=view&id=1902&Itemid=91#1). അപ്പോൾ നമ്മുടെ ഒരു സൽകർമ്മത്തിലും അഹങ്കരിക്കാൻ നമുക്ക് അവകാശം ഇല്ലെന്ന് മനസ്സിലായല്ലൊ!! പരമാവധി അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും കാരുണ്യവും തേടാൻ വേണ്ടി നല്ല ഉദ്ദേശത്തോട് കൂടി നമ്മളോട് തന്നെ മൽസരിക്കുകയല്ലാതെ വേറെ വഴി ഇല്ല!! നമ്മുടെ ഇന്നലെയെ തോല്പിച്ച് ഇന്ന് കൂടുതൽ നന്നാകാൻ ശ്രമിക്കുക. നാളെ ഇന്നത്തേക്കാൾ നന്നാകാൻ ശ്രമിക്കുക!!


എന്നാൽ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ, സുന്നത്തുകൾ, ചെയ്യാതിരിക്കുന്ന തിന്മകൾ എല്ലാം തന്നെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചല്ല ചെയ്യുന്നതെങ്കിൽ; ലോകമാന്യതയ്ക്ക് വേണ്ടി ആണ് നമ്മൾ നിയ്യത്ത് വെച്ചതെങ്കിൽ; വളരെ കുറച്ച് ചെയ്യുമ്പോൾ തന്നെ നമുക്ക് സ്വയം തോന്നും ഞാൻ ഒരുപാട് ചെയ്യുന്നുണ്ട്, ഇതൊക്കെ തന്നെ ധാരാളം ആണെന്ന്, മറ്റെ ആൾ ഇത്രയും ചെയ്യുന്നില്ലല്ലൊ; അയാൾ ആ തെറ്റ് ചെയ്യുന്നുണ്ടല്ലൊ; ഞാൻ ഈ തെറ്റ് ചെയ്യുന്നില്ലാല്ലോ; എന്നൊക്കെ നമ്മൾ സ്വയം ന്യായീകരിക്കുകയും, മറ്റുള്ളവരുടെ മുന്നിൽ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തു തൃപ്തിയടയും. പക്ഷേ അപ്പോൾ നമ്മൾ അറിയുന്നില്ല അവിടെ നഷ്ടക്കാർ നമ്മൾ തന്നെ ആണെന്ന്!! മറിച്ച് ഉദ്ദേശം അല്ലാഹുവിന്റെ തൃപ്തി ആണെങ്കിൽ ഈ ന്യായീകരണത്തിനു പകരം നമ്മൾ ചെയ്യുക, അല്ലാഹുവിനോട് നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കേണമേ, നമ്മുടെ തെറ്റുകൾ പൊറുക്കണേ എന്ന് താണു കേണു കരഞ്ഞ് അപേക്ഷിക്കുകയാണ്. അതു നമ്മളെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുകയെ ഉള്ളൂ...!! കൂടുതൽ കൂടുതൽ സ്വീകാര്യമായ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും!!


എന്നാൽ ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സ്വഹീഹുൽ ബുഖാരി ഉദ്ധരിച്ച ആയിശ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്:അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "കർമ്മങ്ങൾ കൃത്യമായും, മിതമായും, ആത്മാർഥമായും ചെയ്യുക. നിങ്ങളുടെ കർമ്മങ്ങൾ നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കില്ല എന്ന് അറിഞ്ഞിരിക്കുക. അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള കർമ്മം എറ്റവും പതിവായതും, സ്ഥിരമായതും ആണ്, അതു വളരെ കുറച്ചാണെങ്കിൽ പോലും" (സ്വഹീഹുൽ ബുഖാരി, 8, 76, 471, Reference: http://sunnah.com/bukhari/81/53). അതുകൊണ്ട് തന്നെ കൂടുതൽ കർമ്മങ്ങൾ ജീവിതത്തിൽ ഉൾകൊള്ളിക്കുന്നതിനു മുന്നെ, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ആത്മാർഥവും കൃത്യവും സ്ഥിരവും ആക്കാൻ ശ്രമിക്കാം!! ചെയ്യുന്ന കർമങ്ങൾ അല്ലഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് കൂടുതൽ കൃത്യമാക്കാൻ ശ്രമിക്കുന്നതിനും ആ ഉദ്ദേശത്തിന്റെ പ്രതിഫലം ഉണ്ടാകുമല്ലൊ!!


ഇതിനെല്ലാം ഉപരി നമ്മൾ ചെയ്യുന്ന കർമങ്ങൾ സ്വീകരിക്കാൻ നമുക്ക് അല്ലഹുവിനോട് നിരന്തരമായി പ്രാർഥിക്കാം. മാത്രമല്ല, നമ്മൾക്ക് കൂടുതൽ ഇസ്ലാമികമായ വിജ്ഞാനം നൽകുവാനും, ആ വിജ്ഞാനം നമുക്കും മറ്റുള്ളവർക്കും ഉപകാരപ്രദമാകാനും, നമ്മുടെ ഉപജീവനം ശുദ്ധമായതും ഹലാലായതും ആകാനും സ്ഥിരമായി നമ്മൾ പ്രാർഥിക്കേണ്ടിയിരിക്കുന്നു. കാരണം ഇതെല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു ആണല്ലൊ!


ഉമ്മുസലമ (റ) പറഞ്ഞ് ഇബ്നു മാജ റിപ്പോർട്ട് ചെയ്ത ഒരു ദുആ ഉണ്ട് ദിവസവും സുബ് ഹി നമസ്കാരത്തിനു ശേഷം നമ്മളെല്ലാം പ്രാർഥിക്കുന്നത്. ആരെങ്കിലും അത് പ്രാർഥിക്കാറില്ലെങ്കിൽ നാളെ തന്നെ തുടങ്ങാൻ വേണ്ടി ഇവിടെ ആ ഹദീസ് പറയട്ടെ: ഉമ്മുസലമ (റ) ഇൽ നിന്നു ഉദ്ധരിക്കപ്പെട്ടു: നബി(സ) സുബ്ഹ് നമസ്കാരം കഴിഞ്ഞ്‌ സലാം പറഞ്ഞതിനു ശേഷം ഇപ്രകാരം പറയുമായിരുന്നു:

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً (അല്ലാഹുമ്മ ഇന്നീ അസ്'അലുക ഇല്മൻ നാഫിഅൻ, വ റിസ്ക്കൻ ത്വയ്യിബൻ, വ അമലൻ മുതഖബ്ബലാ) - അല്ലാഹുവേ ഉപകാരപ്രദമായ വിജ്ഞാനവും, പരിശുദ്ധമായ ഉപജീവനവും, സ്വീകാര്യമായ കർമ്മങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു (ഇബ്നു മാജ - 1,5, 925) (Reference: http://sunnah.com/urn/1282730)


അല്ലാഹു നമ്മളെ ഏവരെയും സ്വീകാര്യമായ കർമ്മങ്ങൾ ധാരാളമായി, സ്ഥിരമായി, കൃത്യമായി മരണം വരെ ചെയ്യാൻ അനുഗ്രഹിക്കട്ടെ!!. (ആമീൻ)

ഇൻഷാ അല്ലാഹ്, തുടരും....

Tuesday, 9 June 2015

നമ്മുടെ ഇസ്ലാം -19

ഇസ്ലാമിനോട് അടുക്കുന്നത് ഭാരമായി കാണുന്ന; അടുത്ത് കഴിഞ്ഞു നമ്മൾ പഴയപടി ആയാൽ ആളുകൾ എന്ത് വിചാരിക്കും എന്ന് ഭയപ്പെടുന്ന നമ്മുടെ മനോഭാവത്തെ എങ്ങനെ നേരിടാം എന്ന് നോക്കാം നമുക്ക്. അല്ലാഹു ഖുറാനിലൂടെ പലയിടങ്ങളിലായും (2:286, 2:233, 2:185, 4:28, 6:152....) പല ഹദീസുകളിലും പറഞ്ഞിട്ടുണ്ട് ഇസ്ലാം എളുപ്പമുള്ള മതമാണ്, നാം ആർക്കും അയാളുടെ കഴിവിന്ന് അതീതമായി ബാധ്യത ചുമത്തുന്നില്ല, എന്നൊക്കെ!!


അബൂഹുറൈറ (റ) പറഞ്ഞ് ബുഖാരി റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഒരു ഹദീസ് നമുക്ക് കാണാം - അബൂ ഹുറൈറ (റ) പറഞ്ഞു - നബി (സ) അരുളി ചെയ്തു: "മതം വളരെ എളുപ്പമാണ്. വല്ലവനും മതത്തിന്റെ കാര്യത്തിൽ സ്വയം അമിതഭാരം ചുമത്താൻ ശ്രമിച്ചാൽ അവനു ആ അവസ്ഥയിൽ തുടരാൻ ആവില്ല. അതിനാൽ നിങ്ങൾ തീവ്രത ഉദ്ദേശിക്കരുത്, മറിച്ച് പൂർണ്ണതയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുക. എന്നാൽ നിങ്ങൾക്ക് പ്രതിഫലം ഉണ്ടെന്ന സന്തോഷവാർത്ത ഉണ്ട്. പിന്നെ രാവിലെയും സായാഹ്നങ്ങളിലും രാത്രിയുടെ അവസാന സമയങ്ങളിലും ഉള്ള ആരാധന കൊണ്ട് ശക്തി നേടുകയും ചെയ്യുക." (സ്വഹീഹുൽ ബുഖാരി - 1,2,32) (Reference: http://sunnah.com/bukhari/2/32)


എത്ര പൂർണ്ണമായ ഹദീസ് ആണ് ഇതെന്ന് ഒന്നു ചിന്തിച്ച് നോക്കൂ!! മതത്തിന്റെ കാര്യത്തിൽ ആരെങ്കിലും തീവ്രത അടിച്ചേൽപ്പിച്ചാൽ ആ അവസ്ഥയിൽ തുടരാൻ ആവില്ല. എത്ര സത്യമാണ്! എന്നാൽ ഇതു കണ്ട് മതത്തെ വളരെ നിസ്സാരമായി എടുക്കുന്നവരും ഉണ്ട്. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയാൽ, ആ രീതിയിൽ നമ്മുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ചാൽ ഈ രണ്ട് അറ്റങ്ങളിൽ നിന്നും - മതത്തെ തീവ്രമായി കാണുന്നതിൽ നിന്നും, വളരെ നിസ്സാരമായി കാണുന്നതിൽ നിന്നും - നമുക്ക് രക്ഷ നേടാം. എന്നിട്ട് സാവധാനം ചെറിയ ചെറിയ മാറ്റങ്ങളിലൂടെ അല്ലാഹു ഇഷ്ടപ്പെടുന്ന സദ്വൃത്തരായ സത്യവിശ്വാസി സമൂഹത്തിലേക്ക് എത്താൻ ശ്രമിക്കാം! അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളെ നമ്മുടെ മനസ്സിലെ ഉദ്ദേശങ്ങൾക്കനുസരിച്ചാണ് വിലയിരുത്തുന്നത് എന്ന ചിന്ത നമ്മുടെ മനസ്സിൽ ആഴത്തിൽ വേരുറപ്പിച്ചാൽ, മതം എത്ര എളുപ്പമാണ് എന്നു നമുക്കു സാവധാനം മനസ്സിലാകും. നമ്മുടെ ജീവിതത്തിലെ മതപരവും, അല്ലാത്തതുമായ ഓരോ ബുദ്ധിമുട്ടുകളും ഭാരങ്ങളും നമ്മൾ സ്വയം ഉണ്ടാക്കിത്തീർത്തതാണെന്ന് മനസ്സിലാകും. ഇത്തരത്തിലുള്ള ഓരോ ബുദ്ധിമുട്ടുകളും ഒരു അളവ് കഴിഞ്ഞാൽ നമുക്ക് താങ്ങാനാവാത്ത ഭാരമായി മാറുന്നത് കാണാം. നമുക്ക് ആ അവസ്ഥയിൽ തുടരാൻ കഴിയുന്നില്ല എന്ന അവസ്ഥയിൽ എത്തുന്നത് നമുക്കു കാണാം! ഞാൻ ഇവിടെ ഉദാഹരണങ്ങൾ ഒന്നും പറയുന്നില്ല, നമുക്കെല്ലാവർക്കും സ്വയം ചോദിച്ച് നോക്കാം, മതത്തിന്റെ പേരിലും അല്ലാതെയും അല്ലാഹു പറയാത്ത രീതിയിൽ നമ്മൾ നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ഭാരമുള്ളതാക്കിത്തീർത്തത് എന്ന്!!!!! എന്നാൽ അല്ലാഹു മനുഷ്യ ജീവിതത്തിനു തന്ന ഒരു മാർഗ്ഗദർശനവും ജീവിതത്തിനു ഭാരമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ജീവിതം വളരെ എളുപ്പമുള്ളതാക്കിതീർക്കുകയും ചെയ്യുന്നു!! ഇത്രമാത്രം ഏത് കാലഘട്ടത്തിലും ഒരുപോലെ പ്രായോഗികമായ ജീവിതരീതി കാണിച്ചുതരാൻ ലോകസ്രഷ്ടാവായ അല്ലാഹുവിനല്ലാതെ വേറെ ആർക്കു സാധിക്കും??!!


മതത്തിൽ പൂർണ്ണരാവാൻ അല്ല അല്ലാഹു നബി (സ) വഴി നമ്മളോട് കൽപ്പിക്കുന്നത്. മറിച്ച് പൂർണ്ണതയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കാനാണ്. അല്ലാഹുവിനറിയാം അവന്റെ സൃഷ്ടിയായ മനുഷ്യനു സ്വയം പൂർണ്ണത കൈവരിക്കാൻ ആവില്ല എന്ന്. അത് അവൻ നമ്മോട് തുറന്ന് പറയുന്നും ഉണ്ട്. പിന്നെ നമ്മൾ എന്തിനാണ് പൂർണ്ണരാകണമല്ലോ എന്ന് ഭയപ്പെട്ട് മതത്തിൽ നിന്ന് അകന്ന് നിൽക്കുന്നത്? അല്ലെങ്കിൽ എന്തിനാണ് നമ്മൾ സ്വയം പൂർണ്ണരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്? എന്തിനാണ് മറ്റുള്ളവർ പൂർണ്ണരല്ല എന്ന് ആരോപിക്കാൻ മെനക്കെടുന്നത്? മറിച്ച് നമ്മുടെ ഓരോ ദിവസവും തലേ ദിവസത്തേക്കാൾ ഒരു ചെറിയ പടി നന്നാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ഒരു പുതിയ കാര്യം മതപരമായി മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ഒരു പുതിയ ദുആയോ ദിക്റോ പഠിക്കുകയും അതിന്റെ പ്രതിഫലങ്ങൾ മനസിലാക്കി അതു നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ഈമാൻ വർദ്ധിക്കാൻ ഉപകരിക്കുന്ന ഒരു ക്ലാസ് കേൾക്കുകയോ ഒരു പുസ്തകം വായിക്കുകയോ ചെയ്തിരുന്നെങ്കിൽ, ഫർദ് കർമ്മങ്ങൾ ഒരു പടി കൂടി ആത്മാർഥവും ഉത്തമവും ആക്കാൻ ശ്രമിചിരുന്നെങ്കിൽ, ഒരു സുന്നത് നമസ്ക്കരത്തെ പറ്റി കൂടി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തി കൂടി ഉദ്ദേശം നന്നാക്കി അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം ആഗ്രഹിച്ചാക്കിയിരുന്നെങ്കിൽ, നമ്മുടെ ജീവിതത്തിൽ ഒരു വ്യക്തിയെ തനിക്ക് വേണ്ടി അല്ലാതെ അല്ലാഹുവിനു വേണ്ടി സ്നേഹിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ഇത്തരം കാര്യങ്ങൾ ഈ ദിവസത്തേക്കാൾ അടുത്ത ദിവസം ഒരു പടി കൂടി നന്നാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ... ഇങ്ങനെ എന്തെങ്കിലും ഒന്നെങ്കിലും, ഒരു പടി എങ്കിലും ദിവസവും തലേ ദിവസത്തേക്കാൾ കൂടുതൽ ആയി ചെയ്താൽ; അത് ആത്മാർഥവും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ഉദ്ദേശിച്ച് കൊണ്ടും ചെയ്താൽ, അതു മാത്രം മതി പൂർണ്ണതയുടെ അടുത്തെത്താനുള്ള നമ്മുടെ ശ്രമം ആയിട്ട്!!!!! എത്ര ലളിതമാണ്!!! ഈ ഓരോ കാര്യത്തിനും നമുക്ക് പ്രതിഫലം ഉണ്ടെന്ന സന്തോഷ വാർത്തയും ഉണ്ട്! പിന്നെ എന്ത് വേണം??!!


ഈ ഹദീസിൽ തുടർന്ന് പറയുന്ന കാര്യമോ? ഇതു വരെ പറഞ്ഞതിനേക്കാൾ ഉത്തമമായതും!! - "പിന്നെ രാവിലെയും സായാഹ്നങ്ങളിലും രാത്രിയുടെ അവസാന സമയങ്ങളിലും ഉള്ള ആരാധന കൊണ്ട് ശക്തി നേടുകയും ചെയ്യുക". ഇത്രയും നേരം ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗമാണ് അല്ലാഹു ഇവിടെ പറയുന്നത്. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ നമുക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാകാറുണ്ട്. ദിവസവും ഇത്തിരി എങ്കിലും നന്നാകാൻ. പക്ഷേ പലപ്പോഴും സാധിക്കാറില്ല. എന്നാൽ രാവിലെയും വൈകുന്നേരങ്ങളിലും രാത്രിയുടെ അവസാന സമയങ്ങളിലും ആരാധന സ്ഥിരമാക്കി നോക്കിയാലോ? പിന്നെ നമുക്ക് ഇപ്പറഞ്ഞ കാര്യങ്ങൾക്ക് വേണ്ട ശക്തിക്കു എവിടെയും പോകേണ്ട കാര്യമില്ല. നമ്മൾ മനുഷ്യരാണ്. എത്രയൊക്കെ സ്വയം നന്നാകാൻ നോക്കിയാലും, പ്രവർത്തങ്ങൾ സ്ഥിരമാക്കാൻ നോക്കിയാലും വീഴ്ചകൾ പറ്റും. പക്ഷെ ഈ ആരാധനകൾ ഉണ്ടല്ലൊ - ഈ രാവിലെയും വൈകുന്നേരവും രാത്രിയുടെ അന്ത്യയാമങ്ങളിലും ഉള്ള ആരാധനകൾ - അവയ്ക്ക് അത്ഭുതകരമായ ചില കഴിവുകൾ ഉണ്ട്. നമ്മുടെ മനുഷ്യ സഹജമായ അശ്രദ്ധയും, നമ്മുടെ ഈമാനിൽ ചില സമയങ്ങളിൽ ചില കാരണത്താലും കാരണങളില്ലാതെയും വരുന്ന കുറവുകളും ബാലൻസ് ചെയ്യാൻ ഉള്ള കഴിവ് ഈ ആരാധനകൾക്കുണ്ട്. നമ്മുടെ ശരീരത്തിനു ഒരിത്തിരി ക്ഷീണം ബാധിച്ചാൽ, ആരൊഗ്യക്കുറവ് തോന്നിയാൽ നമ്മൾ ഉടനെ ഓടും അല്ലെ ഡോക്ടറുടെ അടുത്തെക്ക്? അല്ലെങ്കിൽ ഹോർലിക്സോ ലേഹ്യങ്ങളോ പോലെ ഉള്ള ശക്തി മരുന്നുകൾ സ്ഥിരമായി കഴിക്കും അല്ലേ, ആരോഗ്യം കുറഞ്ഞ് പോകാതിരിക്കാൻ? അല്ലെങ്കിൽ കുറഞ്ഞ് പോയ ആരോഗ്യം റീചാർജ്ജ് ചെയ്യാൻ? ഫോണിന്റെ ബാലൻസ് തീർന്നാൽ റീചർജ്ജ് ചെയ്യുന്ന കാര്യം പിന്നെ ഇവിടെ എടുത്ത് പറയേണ്ടല്ലൊ!! നമ്മുടെ ഈമാനും തഖ്വയും കുറഞ്ഞാലോ? അതിനേം നമുക്ക് റീചാർജ്ജ് ചെയ്യണ്ടെ? അല്ലെങ്കിൽ കുറവു വരാതിരുക്കാനുള്ള മാർഗ്ഗങ്ങൾ നോക്കണ്ടേ? അതിനുള്ള വഴികളാണ് ഈ സ്ഥിരമായ ആരാധനകൾ. നമ്മുടെ ഈമാനിന്റെ ഞരമ്പുകൾ ക്ഷീണിക്കാതിരിക്കാൻ കൊടുക്കേണ്ട ശക്തിമരുന്നുകൾ ആണ് അവ!!


ഈ ഹദീസിനെക്കുറിച്ച് മൊത്തമായി ഒന്ന് ചിന്തിച്ച് നോക്കൂ!! ശെരിക്ക് ചിന്തിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതം സമ്പൂർണ്ണമായി ക്രമപ്പെടുത്താൻ വേണ്ട, ഏറ്റവും എളുപ്പമായി ക്രമീകരിക്കാൻ വേണ്ട, എല്ലാ വശങ്ങളും ഇതിൽ പറഞ്ഞിട്ടുണ്ട്. അല്ലാഹു നബി (സ) വഴി നമ്മളോട് പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ഇതുപോലെ പൂർണ്ണമാണ്!! പൂർണ്ണരല്ലാത്ത നമ്മൾ നമ്മുടെ അപൂർണ്ണത മനസ്സിലാക്കാത്തത് കാരണം ഈ കാര്യങ്ങളൊക്കെ അറിയാനും മനസ്സിലാക്കാനും, ചിന്തിക്കാനും ശ്രമിക്കുന്നില്ലെന്ന് മാത്രം!!


ഇൻഷാ അല്ലാഹ്, തുടരും...

നമ്മുടെ ഇസ്ലാം - 18

ഇന്നലെ പറഞ്ഞ് വെച്ച പ്രശ്നങ്ങളെ നമുക്ക് ഒന്നു വിശദമായി കാണാം. അതിനു മുന്നെ അബൂഹുറൈറ (റ) പറഞ്ഞ് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു സ്വഹീഹായ ഹദീസ് നമുക്ക് നോക്കാം.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: "അല്ലാഹു ഒരു മനുഷ്യനെ സ്നേഹിച്ചാല് ജിബ്രീല് (അ) നെ വിളിച്ച് ഇപ്രകാരം പറയും; "ഞാൻ ഇന്നിന്ന ആളെ സ്നേഹിക്കുന്നു, അതുകൊണ്ട് നീയും അയാളെ സ്നേഹിക്കണം. അങ്ങനെ ജിബ്രീലും (അ) അവനെ സ്നേഹിക്കും. മാത്രമല്ല, സ്വർഗ്ഗവാസികളിൽ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്ന മനുഷ്യനെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുക. അപ്പോള് വാനലോക നിവാസികള് അഖിലവും (മലക്കുകൾ) അവനെ സ്നേഹിക്കും.മാത്രമല്ല അവനു ഭൂമിയിൽ ആദരവ് ലഭിക്കുകയും ചെയ്യും. (ഭൂമിയിലെ (സച്ചരിതരായ) മനുഷ്യരും അവനെ സ്നേഹിക്കും).


എന്നാൽ അല്ലാഹു തന്റെ അടിമകളിൽ ഒരാളോട് ദേഷ്യപ്പെട്ടാൽ ജിബ്രീല് (അ) നെ വിളിച്ച് ഇപ്രകാരം പറയും; "ഞാൻ ഇന്നിന്ന ആളെ വെറുക്കുന്നു. അതുകൊണ്ട് നീയും അയാളെ വെറുക്കണം. അങ്ങനെ ജിബ്രീലും അവനെ വെറുക്കും. മാത്രമല്ല, സ്വർഗ്ഗവാസികളിൽ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്നിന്ന മനുഷ്യനെ വെറുക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ വെറുത്തുകൊളളുക. അപ്പോള് വാനലോക നിവാസികള് അഖിലവും (മലക്കുകൾ) അവനെ വെറുക്കും. മാത്രമല്ല അവന് ഭൂമിയിലും കോപത്തിനു ഇരയായ ഒരു വസ്തു ആയി മാറും. (ഭൂമിയിലെ (സച്ചരിതരായ) മനുഷ്യരും അവനെ വെറുക്കും) (സഹീഹ് മുസ്ലിം -201,45, റിയാദുസ്സ്വാലിഹീൻ 387,1(References:http://sunnah.com/muslim/45/201,http://sunnah.com/riyadussaliheen/1/387)


ഈ ഹദീസിനു ഇനി കൂടുതൽ വിശദീകരണം ആവശ്യമുണ്ടോ നമുക്കു? നമുക്ക് അല്ലാഹുവിന്റെ സ്നേഹം അല്ലേ ആവശ്യം? അവനെ അല്ലെ നമ്മൾക്ക് തൃപ്തിപ്പെടുത്തേണ്ടത്? ആ സ്നേഹം നമ്മൾ സമ്പാദിക്കാൻ ശ്രമിക്കുമ്പോ, നമുക്കു പകരം ലഭിക്കുന്നത്, നമ്മൾ ആഗ്രഹിക്കുന്ന വളരെ ചുരുങ്ങിയ ചുറ്റളവിൽ ഉള്ള ആളുകളുടെ സ്നേഹം മാത്രമല്ല! മലക്കുകളിൽ ശ്രേഷ്ഠനായ ജിബ്രീൽ (അ) ന്റെ, സ്വർഗ്ഗനിവാസികളായ മറ്റെല്ലാ മലക്കുകളുടെയും സ്നേഹം! മാത്രമല്ല, നമ്മൾ ആരുടെ വെറുപ്പ് ഭയന്നു, ആരുടെ സ്നേഹവും പിന്തുണയും നഷ്ടപ്പെടും എന്ന് ഭയന്ന് ഇസ്ലാമിൽ നിന്ന് അകന്നു നിക്കുന്നുവോ ആ മനുഷ്യരുടെ ആദരവും സ്നേഹവും അല്ലാഹു നമുക്കു ഉറപ്പു നൽകുന്നു. ഇനി നമ്മുടെ മനസ്സിൽ ആ ഭയം വേണൊ? നമ്മുടെ ഇസ്ലാമിനെ ഇല്ലാതാക്കുന്ന; നമ്മുടെ ഇസ്ലാമിനെ വെറുക്കുന്ന; നമ്മുടെ ഇസ്ലാമിനെ പരിഹസിക്കുന്ന; നമ്മുടെ ഇസ്ലാമിനെയും, ഇസ്ലാമിക ചിന്തകളെയും പ്രവർത്തനങ്ങളെയും സപ്പോർട്ട് ചെയ്യാത്ത മനുഷ്യന്മാരോടുള്ള, നമ്മുടെ സ്നേഹത്തിന്റെ മുന്നിൽ, അല്ലാഹുവിന്റെ സ്നേഹത്തെ; അവന്റെ മലക്കുകളുടെ സ്നേഹത്തെ; അവനിഷ്ടപ്പെട്ട ഭൂമിയിലെ മനുഷ്യന്മാരുടെ സ്നേഹത്തെ, ആദരവിനെ വേണ്ടെന്ന് വെക്കണോ? അല്ലാഹു നമ്മളെ സ്നേഹിക്കുമ്പൊ നമുക്ക് ലഭിക്കുന്ന സുഖമോ, സൗകര്യങ്ങളോ, അനുഗ്രഹങ്ങളോ, കാരുണ്യമോ, സന്തോഷമോ, സമാധാനമോ, പാപമോചനമോ, സ്വർഗമോ, എന്തെങ്കിലും ഈ മനുഷ്യന്മാർക്ക് നൽകാൻ ആകുമോ? പിന്നെ നമ്മൾ എന്തിനാണ് അല്ലാഹുവിലേക്ക് മടങ്ങാൻ വൈകുന്നത്? എന്തിനെയാണ് നമ്മൾ ഇനിയും ഭയക്കുന്നത്? ആരെയാണ് നമ്മൾ ഇനിയും കാത്ത് നിൽക്കുന്നത്?



അതോ നമുക്ക് ഇനിയും അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ ഉള്ള വിശ്വാസം ഉറപ്പായിട്ടില്ലെ? അല്ലാഹു ഖുറാനിലൂടെയും ഹദീസുകളിലൂടെയും നമുക്ക് വീണ്ടും വീണ്ടും ഉറപ്പിച്ച് തരുന്ന വാക്കുകൾ, പ്രതിഫലങ്ങൾ, വാഗ്ദാനങ്ങൾ, ഇതെല്ലാം ഇപ്പോഴും നമുക്കൊരു തമാശയാണോ? ആ വാക്കുകളിൽ വിശ്വാസം ഉണ്ടെങ്കിൽ നമ്മൾ അല്ലാഹുവിനെ സ്നേഹിക്കുന്നതിനു മുന്തൂക്കം കൊടുത്ത്, അല്ലാഹുവിന്റെ വാക്കുകളിൽ വിശ്വസിച്ച്, നമ്മൾക്ക് നഷ്ടപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്ന മനുഷ്യന്മാരുടെ സ്നേഹത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കില്ലേ? അല്ലെങ്കിൽ അല്ലാഹുവിനു വേണ്ടി നമ്മൾ നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാൻ തുടങ്ങില്ലേ? അതല്ലേ യഥാർത്ഥ സ്നേഹം? അതല്ലേ ആത്മാർഥമായ സ്നേഹം?? അവരുടെ പരലോകം എന്തു വേണേലും ആയിക്കൊള്ളട്ടെ, അവരെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെന്ന് നമുക്ക് തോന്നുന്നുണ്ടോ? അതോ നമുക്ക് ഈ പരലോക ജീവിതത്തിലും അല്ലാഹുവിലും അല്ലാഹുവിന്റെ കൽപനകളിലും ഒന്നും ഇനിയും ശരിയായ വിശ്വാസം ഇല്ലേ?



അല്ലാഹുവിന്റെ ഈ ആയത്തുകളും ഹദീസുകളും എല്ലാം നമുക്ക് ഒരു നേരമ്പോക്കിനുള്ള കഥകളാണോ? ഈ പറഞ്ഞ മനുഷ്യന്മാരെയും, ഈ ഭൂമിയിലെ നമ്മുടെ എല്ലാ കൈവശവസ്തുക്കളെയും ഇട്ടേച്ച് ഏത് നിമിഷവും നമ്മൾ തിരിച്ച് ചെല്ലണം; ആ മടക്കയാത്ര അല്ലാഹുവിലേക്കാണ് എന്നു നമ്മളോട് വീണ്ടും വീണ്ടും പറയുന്നതൊക്കെ നമ്മുടെ തലയ്ക്കകത്തേക്ക് ഇനിയും കേറിയിട്ടില്ലേ? ഈ പറഞ്ഞ കൈവശവസ്തുക്കളെല്ലാം നമ്മൾ കണ്ണടയ്ക്കുമ്പൊ പലരും പകുത്തെടുക്കും.... നമ്മൾ അല്ലാഹുവിനെ ഒഴിവാക്കി സ്നേഹിച്ച മനുഷ്യർക്കെല്ലാം നമ്മൾ ഒരു ഓർമ്മ മാത്രം ആകും. എന്നാൽ ആ യാത്രയോടെ അല്ലാഹുവിന്റെ അടുത്ത് നമ്മൾ അടുത്ത ഘട്ടം ജീവിതം തുടങ്ങുകയാണ്. ആ ജീവിതം ആണെങ്കിൽ ഇവിടുത്തെ ജീവിതം പോലെ കൂടിയാൽ 60/70 വർഷങ്ങളിൽ ഒതുങ്ങുന്നും ഇല്ല. കണക്കില്ലാത്ത ആയിരക്കണക്കിനു വർഷങ്ങൾ തന്നെ ഒരു പക്ഷെ ബർസഖീ (ഖബർ) ജീവിതം ഉണ്ടാകും, അതു കഴിഞ്ഞ് വിചാരണ ദിവസം തന്നെ ഭൂമിയിലെ അൻപതിനായിരം വർഷങ്ങൾക്ക് തുല്യമാണ് (70:1-4). അതും കഴിഞ്ഞ് ശാശ്വതമായ സ്വർഗ/നരക ജീവിതവും!!! ഇതെല്ലാം അല്ലാഹു പല തവണ പല വചനങ്ങളിലൂടെ ഊന്നി ഊന്നി പറഞ്ഞ സത്യങ്ങളാണ്. എന്നാൽ നമ്മൾക്ക് ആ കണക്കുകളെക്കാൾ എല്ലാം ഇഷ്ടം, ഈ യാതൊരു ഉറപ്പുമില്ലാത്ത 70 ഇൽ കുറഞ്ഞ വർഷങ്ങളോടാണ്. അതിനു വേണ്ടി ആണ് നമ്മൾ അല്ലാഹുവിനോടുള്ള സ്നേഹം വേണ്ടാ എന്നു വെക്കുന്നത്!! അല്ലേ??!!


ഈ 70 വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നമ്മൾ തീരുമാനിച്ചത് നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ്, അല്ലാതെ അടുത്ത പതിനായിരക്കണക്കിനു വർഷങ്ങൾ നന്നായി ജീവിക്കാൻ അല്ലാഹു തന്ന കൽപനകൾക്കനുസരിച്ചല്ല!! ചിന്തിക്കണ്ടേ നമുക്ക്?!! മാറാൻ സമയം ആയില്ലേ?!!

ഇൻഷാ അല്ലാഹ്, തുടരും....

നമ്മുടെ ഇസ്ലാം - 17

നമ്മുടെ ദീനുൽ ഇസ്ലാമിൽ നിന്ന് അകന്നു പോകാനുള്ള കാരണങ്ങൾ ചർച്ച ചെയ്യുകയായിരുന്നു നമ്മൾ. ഇസ്ലാമിനോടും, ഖുറാനിനോടും അല്ലാഹുവിനോടും അടുക്കാൻ ശ്രമിച്ചാലും, അത് സ്ഥിരമായ ഒരു മാറ്റം ആകാതിരിക്കുന്ന അവസ്ഥ ആണ് നമ്മൾ അവസാനമായി ചർച്ച ചെയ്തത്. നന്നാകുവാൻ ശ്രമിച്ചാലും കുറച്ച് ദിവസങ്ങൾകുള്ളിൽ പഴയ പടി ആകുന്ന ഒരു രീതി! അതിന്റെ കാരണങ്ങൾ ആയി നമ്മൾ കണ്ടത്, ഒന്ന്, നമ്മൾ അല്ലാഹുവിനോടു നിരന്തരമായി ഹിദായത്തിനു വേണ്ടി പ്രാർഥിക്കുന്നില്ല, നമ്മൾ ഹിദായത്ത് ലഭിക്കുവാനുള്ള മാർഗങ്ങളിൽ പ്രവർത്തിക്കുന്നില്ല. രണ്ട്, നമ്മൾ ഖുറാനിനെയോ ഹദീസിനെയോ സമീപിക്കുമ്പൊ ഉണ്ടാകുന്ന നമ്മുടെ മനോഭാവം. അതായത്, നമ്മൾ നമ്മുടെ ചില ആവശ്യങ്ങൾക്കായി മാത്രമാണ് അവയെ സമീപിക്കുന്നത്. അല്ലാതെ മാർഗദർശനം എന്ന ഒരു ഉദ്ദേശത്തോട് കൂടി അല്ല. ഈ രണ്ട് കാര്യങ്ങളും അതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അത്യാവശ്യം വിശദമായി ത്തന്നെ നമ്മൾ പറഞ്ഞ് വെച്ചല്ലൊ! നിങ്ങൾ എല്ലാവരും തന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അതിനനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണം എന്ന് ആദ്യം എന്നോടും പിന്നെ നിങ്ങളോടും ഞാൻ ആവശ്യപ്പെടുന്നു.

ഇനി നമുക്ക് അടുത്ത പ്രശ്നങ്ങളിലേക്ക് കടക്കാം. നമ്മൾ പലപ്പോഴും ഇസ്ലാമികമായ മാറ്റങ്ങൾ ആഗ്രഹിക്കുമ്പോ നമ്മുടെ മുന്നിലുള്ള തടസ്സങ്ങളിൽ ഒന്നാണ്, നമ്മുക്കു ചുറ്റുമുള്ള ആളുകൾ - അത് നമ്മുടെ ബന്ധുക്കളോ, സുഹ്രുത്തുക്കളോ, സ്വന്തം വീട്ടിലുള്ളവരോ, ആരുമായിക്കോട്ടെ! ഞാൻ പെട്ടെന്ന് ഇങ്ങനെ മാറിയാൽ, അവർ എന്ത് വിചാരിക്കും, ഇവർ എന്ത് പറയും, അല്ലെങ്കിൽ അത് അവർക്കിഷ്ടമല്ലാല്ലോ, ഇവർക്ക് വെറുപ്പാണല്ലൊ, എന്ന് തുടങ്ങിയ ചിന്തകൾ! ചിലരാണെങ്കിൽ മാറാൻ ശ്രമിച്ചാലും, സ്വന്തം വീട്ടിൽ, അല്ലെങ്കിൽ മാതാപിതാക്കളിൽ, അല്ലെങ്കിൽ ഇണകളിൽ നിന്ന് തന്നെ ഉള്ള ശക്തമായ എതിർപ്പ്. അതുമൂലം ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ, ബുദ്ധിമുട്ടുകൾ തുടങ്ങിയവ.

മറ്റൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇസ്ലാമിന്റെ പല നിയമങ്ങളും, രീതികളും, ആവശ്യങ്ങളും; നമ്മുടെ ജീവിത ചുറ്റുപാടുകൾക്ക്, നമ്മുടെ സ്വപ്നങ്ങൾക്ക്, നമ്മുടെ ഭാവി പരിപാടികൾക്ക്, നമ്മുടെ ജോലിസ്ഥലത്തെ സാഹചര്യങ്ങൾക്ക്, നമ്മുടെ ആഗ്രഹങ്ങൾക്ക്, നമ്മൾ സമൂഹത്തിൽ നമുക്ക് ഉണ്ടാക്കിയെടുത്ത ഇമേജിനു, ഒക്കെ എതിരാണെന്നതാണ്. ഇഹലോക ജീവിതത്തോട് അമിതമായ ഇഷ്ടം ഉള്ള നമ്മൾ മനുഷ്യർ അപ്പോൾ സ്വാഭാവികമായും ഈ പറഞ്ഞ കാരണങ്ങൾക്കൊക്കെ വേണ്ടി ദീനിനെ വേണ്ടാന്ന് വെക്കൽ, അല്ലെങ്കിൽ ദീനിപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യൽ സ്വാഭാവികം ആണ്.


ഇതൊക്കെ ആയി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു തടസ്സം കൂടി ഉണ്ട് നമ്മുടെ ജീവിതത്തിൽ. അതായത്, ഇസ്ലാമിനോട് അടുക്കുക, ദീനിപരമായി നന്നാകുക എന്നു വെച്ചാൽ, പെട്ടെന്നൊരു സുപ്രഭാത്തിൽ ഒറ്റയടിക്ക് അങ്ങു ധർമശീലനും പുണ്യവാനും ആകുക ആണെന്നുള്ള ചിന്ത! പിന്നീട് ഒരിക്കലും ഈമാനിലും തഖ്വയിലും ഒരു കുറവും ഉണ്ടായിക്കൂട, അതുകൊണ്ട് തന്നെ, നമ്മൾ നന്നായിക്കഴിഞ്ഞിട്ട് തിരിച്ച് പഴയ രീതിയിൽ ആയാൽ???!! വെറുതെ എന്തിനാ ആളുകൾക്ക് പരിഹസിക്കാൻ ഒരു അവസരം കൊടുക്കുന്നത്, അല്ലെ? എന്നൊക്കെ ചിന്തിച്ച്, ഇസ്ലാമിനോട് അടുക്കൽ ഒരു മല പോലെ ഉള്ള ബുദ്ധിമുട്ടുള്ള പണിയായി ക്കണ്ട്, അതിനെ നാളെ നാളെ, നീളെ, നീളെ, എന്നു മാറ്റി വെച്ച് ആ മുഹൂർത്തം നമ്മുടെ മരണം വരെ എത്തിക്കുന്ന അവസ്ഥ!!


മുകളിൽ പറഞ്ഞ ഓരോ കാര്യവും വിശദമായ ചർച്ചയും ചിന്തകളും അർഹിക്കുന്നവയാണ്. ഞാനുൾപ്പടെ നമ്മിൽ എല്ലാവരും തന്നെ കടന്ന് പോകുന്ന, അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്ന് പോയിട്ടുള്ള അവസ്ഥകളിൽ ഒന്നാണ് ഇതെല്ലാം!!


ഇൻഷാ അല്ലാഹ് ഇത് ഓരോന്നും, ഇനി വരുന്ന ദിവസങ്ങളിൽ നമുക്ക് കൂടുതൽ വിശദമായി ചർച്ച ചെയ്യാം.

നമ്മുടെ ഇസ്ലാം - 16

മാർഗ്ഗദർശനം (ഹിദായത്ത്) നൽകുന്നത് അല്ലാഹു ആണെങ്കിലും അതിനു വേണ്ടി നമ്മൾ ആത്മാർഥമായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണം എന്നു കണ്ടു. ഇനി മാർഗ്ഗദർശനം നമ്മളിൽ വരുത്തുന്ന വ്യത്യാസം, അല്ലെങ്കിൽ മാർഗ്ഗദർശനത്തിന്റെ ആവശ്യകത, ഖുറാനിലെ ആയത്തുന്നൂർ (24:35) എന്നറിയപ്പെടുന്ന ആയത്തിന്റെ വെളിച്ചത്തിൽ നമുക്കൊന്ന് നോക്കാം!


അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: ( ചുമരില് വിളക്ക് വെക്കാനുള്ള ) ഒരു മാടം അതില് ഒരു വിളക്ക്. വിളക്ക് ഒരു സഫടികത്തിനു അകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില് നിന്നാണ് അതിന് ( വിളക്കിന് ) ഇന്ധനം നല്കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില് നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില് പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്മേല് പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന് ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്ക്ക് വേണ്ടി ഉപമകള് വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (24:35).


നമ്മൾ ഒരുപാട് നാളു ഒരു ഇരുട്ടുമുറിയിൽ ജീവിക്കുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. വിഷാദ രോഗം ഉറപ്പാണ്. അല്ലെ? മനുഷ്യനു ജീവിക്കാൻ, ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ വെളിച്ചം അത്യാവശ്യമാണ്. അല്ലാഹു നമുക്ക് നൽകിയ ഭൗതികമായ വെളിച്ചമാണ് സൂര്യൻ. ഈ വെളിച്ചം അസ്തമിക്കുമ്പോ, സന്ധ്യ ആകുമ്പോ നമ്മൾ ഒരുപാട് പണം ചെലവാക്കി കൃതിമമായ വിളക്കുകൾ തെളിയിക്കും അല്ലേ? ആ വെളിച്ചം കുറച്ച് നേരത്തേക്ക് ഇല്ലാതായാൽ നമ്മുടെ ബുദ്ധിമുട്ട് പറയാതെ തന്നെ അറിയാല്ലോ അല്ലെ? നമുക്ക് ഇരുട്ട് ഒരു പ്രശ്നമില്ലാതാകുന്നത് എപ്പോഴാണ്? നമ്മൾ കണ്ണടയ്ക്കുമ്പോ, ഉറങ്ങുമ്പോ, ബോധമില്ലാതാകുമ്പോ, അല്ലെ?


എന്നാൽ അല്ലാഹു ഈ ആയത്തിൽ പറയുന്ന ആന്തരികമായ വെളിച്ചം ഇല്ലാതിരിക്കുമ്പോ ഉള്ള അവസ്ഥയോ? നമ്മളെല്ലാം തന്നെ ജന്മനാ ഈമാൻ എന്ന വെളിച്ചം ഉള്ളിലേറ്റി ജനിച്ചവരാണ്. എന്നാൽ പലരും അത് അറിയാതെ പോകുന്നു. ചിലർ അത് അവഗണിക്കുകയും ചെയ്യുന്നു. ഈ വെളിച്ചത്തിനു മേലെ, ഈ വെളിച്ചത്തിനെ നിലനിർത്താൻ, കൂടുതൽ പ്രകാശിപ്പിക്കാൻ മാർഗ്ഗദർശനം എന്ന വെളിച്ചവും അല്ലാഹു നൽകുന്നു നമുക്കു. ആ വെളിച്ചം കിട്ടിക്കഴിഞ്ഞാലോ? പിന്നെ ആ വിളക്കിനെ തെളിയിക്കാൻ എണ്ണയുടെ ആവശ്യം പോലും ഇല്ല. എത് ഇരുട്ടത്തും അത് പതിന്മടങ്ങോടെ തെളിയും.



ഉള്ളിൽ വെളിച്ചമുള്ള ഒരു ജീവിയെ നമുക്കറിയാം. മിന്നാമിനുങ്ങ്!! അതു ഏതു ഇരുട്ടത്തും ചുറ്റുപാടിലേക്കു വെളിച്ചം കൊടുക്കുന്നു അല്ലെ? ഇതേ പോലെ ആണ്, ഉള്ളിൽ വെളിച്ചം ഉള്ള, മാർഗദർശനം ലഭിച്ച, ഈമാൻ ഉള്ള മനുഷ്യന്മാരുടെയും സ്ഥിതി!! ഏത് ഇരുട്ടത്തും ചുറ്റുപാടിലേക്ക് പ്രകാശം ചൊരിയാൻ അവരെക്കൊണ്ട് പറ്റും! പുറത്ത് പ്രകാശം ഇല്ലങ്കിലും ഉള്ളിലെ പ്രകാശം പുറത്തേക്ക് ചൊരിയാൻ, അതു കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ, മറ്റുള്ളവർക്ക് നേർമാർഗം കാണിക്കാൻ അവരെ കൊണ്ട് സാധിക്കും!


എന്നാൽ ഇരുട്ടത്ത് ജീവിക്കുന്നവർക്കോ? അവർ സ്വയം തിരഞ്ഞെടുത്ത വഴി ആണ് അത്. മനസ്സിൽ പ്രകാശം വേണ്ട, ഈമാൻ വേണ്ട, മാർഗദർശനം വേണ്ട എന്ന് സ്വയം തീരുമാനിച്ചതാ! അതു കൊണ്ട് തന്നെ വിഷാദ രോഗം സ്വയം ഏറ്റുവാങ്ങിയതാ, മനസ്സമാധാനക്കേട് സ്വയം ചോദിച്ച് വാങ്ങിയതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമായ അല്ലാഹു കൊടുത്ത മാർഗ്ഗദർശനം വേണ്ട, എനിക്ക് അതിന്റെ ആവശ്യമില്ല എന്ന് നമ്മൾ തീരുമാനിച്ചോ?? അല്ലാഹു തന്ന വെളിച്ചം വേണ്ട എന്നു വെച്ച് എത്ര പണം ചെലവാകി, എത്ര ബുദ്ധിമുട്ടി നമ്മൾ കൃത്രിമ വെളിച്ചം ഉണ്ടാക്കാൻ ശ്രമിച്ചാലും, അതുകൊണ്ട് നമുക്ക് പ്രയോജനം ഉണ്ടാകുമോ? സന്തോഷം ഉണ്ടാകുമോ??


ചിന്തിക്കുക, പ്രവർത്തിക്കുക!!


ഇൻഷാ അല്ലാഹ്... തുടരും...

നമ്മുടെ ഇസ്ലാം - 15

"മാർഗ്ഗദർശനം നൽകുന്നത് അല്ലാഹുവാണ്. അവൻ ഉദ്ദേശിച്ചവരെ അവൻ നേർവഴിയിലാക്കും" - ഇതാണ് നമ്മൾ ഇന്നലെ പറഞ്ഞ് വെച്ച കാര്യം. ഖുറാനിലെ ഏതെങ്കിലും ഒരു ആയത്തിന്റെ വെളിച്ചത്തിൽ ഇതിനെ വിശദീകരിക്കുന്നതിനു മുൻപായി, നമുക്ക് സ്വയം ഇതിനെ ക്കുറിച്ച് ഒന്നു ചിന്തിച്ച് നോക്കാം.

പലപ്പോഴും ഹിദായത്തിന്റെ കാര്യം പറയുമ്പോ നമ്മൾ നമ്മളെ പറ്റിയും മറ്റുള്ളവരെ പറ്റിയും നെടുവീർപ്പോടു കൂടി പറയുന്ന ഒരു ഡയലോഗ് ആണ് : "ആഹ്! ഒന്നും പറഞ്ഞിട്ട് കാര്യമില്ല! ഹിദായത്ത് അല്ലാഹു തന്നെ നൽകണം" എന്ന്. ശെരിയാണ്! അല്ലാഹു തന്നെയാണ് ഹിദായത്ത് നൽകേണ്ടത്. എന്നാൽ ഇതേ അല്ലാഹു ഖുറാനിൽ പലയിടത്തായി പറഞ്ഞിട്ടുണ്ട്, ഞാനാണ് അന്നം നൽകുന്നവൻ, ഞാനാണ് ഉപജീവനം നൽകുന്നവൻ (51:57,58, 6:14) എന്നൊക്കെ! ഇത് കേട്ടിട്ട് നമ്മൾ ഉപജീവനം അന്വേഷിക്കാതെ, അന്നന്നത്തെ അന്നത്തിനുള്ള വകുപ്പുണ്ടാക്കാതെ കയ്യും കെട്ടി "ആഹ്! എന്ത് പറയാനാ! അന്നം തരേണ്ടത് അല്ലാഹുവാണ്" എന്നും പറഞ്ഞ് ഇരിക്കുന്നുണ്ടോ?

നമുക്കറിയാം, ഖുറാനിൽ പറഞ്ഞിട്ടുണ്ട് - "അവൻ അറിയാതെ ഒരു ഇല പോലും പൊഴിയുന്നില്ല" (6:59) എന്ന്; എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചപ്പൊൾ തന്നെ അവയുടെ ഖദ്റും നിശ്ചയിച്ചിട്ടുണ്ടെന്ന് (54:49). അതായത് എല്ലാ കാര്യങ്ങളും അല്ലാഹു മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം ആണ് നടക്കുന്നത് എന്ന്! ഇതൊക്കെ അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും, നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോ നമ്മൾ മിണ്ടാതെ സഹിച്ചിരിക്കുന്നുണ്ടോ, അത് അല്ലാഹു ആദ്യമെ നിശ്ചയിച്ചതാണെന്ന് കരുതി? നമ്മുടെ ബിസിനസ്സ് അപ്രതീക്ഷിതമായി നഷ്ടത്തിലേക്ക് കടന്നാൽ? നമ്മുടെ ജോലി ഒന്ന് നഷ്ടപ്പെട്ടാൽ? നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും മാറാത്ത രോഗങ്ങൾ വന്നാൽ? നമ്മൾ ആഗ്രഹിച്ച വിവാഹബന്ധം നടക്കാതിരുന്നാൽ? (അല്ലാഹു ഇതുപോലെ ഉള്ള പരീക്ഷണങ്ങളെ ഒക്കെ തൊട്ട് നമ്മളെ കാത്ത് രക്ഷിക്കുമാറാകട്ടെ, ആമീൻ). ഇതു പോലെ ഉള്ള കാര്യങ്ങൾ സംഭവിച്ചാൽ നമ്മൾ പിന്നെ സുജൂദിൽ നിന്ന് എഴുന്നേൽക്കുകയേ ഇല്ല അല്ലേ? രാവും പകലുമെന്നില്ലാതെ കരഞ്ഞ് പ്രാർഥിക്കും, അല്ലേ? അല്ലാഹു ആദ്യമേ തീരുമാനിച്ച് വെച്ചിരിക്കുന്ന കാര്യമാണ്, അല്ലെങ്കിൽ, എന്ത് ചെയ്യാനാ!! അല്ലാഹു ആണ് ശെരിയാക്കേണ്ടത്, എന്നും പറഞ്ഞ് പ്രാർഥിക്കാതെ, അതിനു വേണ്ടി പ്രവർത്തിക്കാതെ ഇരിക്കാത്തത് എന്തു കൊണ്ടാ??


എങ്ങനെ പ്രാർഥിക്കാതിരിക്കും അല്ലെ? എങ്ങനെ പ്രവർത്തിക്കാതിരിക്കും അല്ലെ? കാരണം ഇതെല്ലാം നമ്മുടെ ഇഹലോക ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളല്ലേ?!!!! നമ്മൾ ദൃശ്യമായതും അദൃശ്യമായതിലും, ഇഹലോകത്തിലും പരലോകത്തിലും എല്ലാം ഒരേ പോലെ വിശ്വസിക്കുന്നു എന്ന് ഉറപ്പിച്ച് പറയുന്നവരാണ്. എന്നാൽ നമ്മളുടെ പ്രവൃത്തികളിൽ ഈ വിശ്വാസം കാണുന്നത്, ദൃശ്യമായ കാര്യങ്ങളിലും, ഇഹലോകജീവിതത്തിലും


മാത്രമാണെന്ന് മാത്രം!!!പരലോകജീവിതത്തിൽ അതേ ആഴത്തിൽ വിശ്വസിച്ചിരുന്നെങ്കിൽ, മുകളിൽ പറഞ്ഞ ഏത് പ്രശ്നത്തേക്കാളും നമ്മൾ കരഞ്ഞ് ആത്മാർഥമായി പ്രാർത്ഥിക്കുമായിരുന്നു നമ്മുടെ ഹിദായത്തിനു വേണ്ടി! അല്ലാഹുവാണ് മാർഗ്ഗ ദർശനം തരുന്നത്, അതു കിട്ടുമ്പോ കിട്ടട്ടെ എന്നു കരുതി നിരന്തരം പ്രാർഥിക്കാതിരിക്കില്ലായിരുന്നു, അതിനു വേണ്ടി പ്രവർത്തിക്കാതിരിക്കില്ലായിരുന്നു!! ആ ഹിദായത്ത് കിട്ടുന്ന വരെ നമുക്ക് സന്തോഷിക്കാൻ കഴിയില്ലായിരുന്നു!!! അപ്പോൾ നമ്മുടെ ഈ പരലോകജീവിതത്തിലുള്ള വിശ്വാസം, അദൃശ്യകാര്യങ്ങളിൽ ഉള്ള വിശ്വാസം - ഇതൊക്കെ ആരെ കബളിപ്പിക്കാൻ ഉള്ളതായിരുന്നു? ആരെയാണ് നമ്മൾ പറ്റിക്കുന്നത്? നമ്മെ കുറിച്ച് നമുക് അറിയാവുന്നതിലേറെ അറിയാവുന്ന അല്ലാഹുവിനെയോ?? നമുക്ക് മാർഗ്ഗ ദർശനം തരാൻ വേണ്ടി റെഡി ആയിരിക്കുന്ന നമ്മുടെ സൃഷ്ടാവിനോട്, മാർഗ്ഗദർശനം ഒഴികെ ബാക്കി എല്ലാ കാര്യങ്ങൾക്കും വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്ന നമ്മൾ!!! എന്നിട്ടും നമ്മൾക്ക് അനുഗ്രഹങ്ങൾ കോരിച്ചൊരിയുന്ന സൃഷ്ടാവ്!!! ഒന്ന് ചിന്തിക്കണ്ടെ നമ്മൾ ഇതിനെക്കുറിച്ച്???????


ഇൻഷാ അല്ലാഹ്, തുടരും....

നമ്മുടെ ഇസ്ലാം - 14

നമ്മുടെ വിഷയം, ഇസ്ലാമിനോടുള്ള സ്നേഹം ആയിരുന്നു. നമ്മൾ ഇസ്ലാമിൽ നിന്ന് അകലാൻ ഉള്ള കുറച്ച് കാരണങ്ങൾ നമ്മൾ കണ്ടു. ഇസ്ലാമിനെ കുറിച്ചുള്ള അറിവില്ലായ്മ, ചിന്തിക്കാതെ കാര്യങ്ങൾ സ്വീകരിക്കുന്ന ശീലം - ഇതു രണ്ടും നാം വിശദമായി ചർച്ച ചെയ്തു.


പിന്നീട് പറഞ്ഞ കാരണങ്ങൾ, നമ്മൾ ചെയ്തു പോയ പാപങ്ങൾ, ദീനിയായ ആളുകൾ ചെയ്യുന്ന തെറ്റുകൾ കാരണം അവരോടും; അതു മൂലം ദീനിനോടും ഉള്ള വെറുപ്പ്, പിന്നെ നമ്മൾ എല്ലാം അറിയുന്നവരാണ്, തെറ്റുകൾ ഒന്നും ചെയ്യാത്തവരാണ് എന്നുള്ള ചിന്ത, ഇവയൊക്കെയാണ്!


ഈ പ്രശ്നങ്ങളെ നേരിടാൻ നമ്മൾ ഒരു ഹദീസ് ഉദ്ധരിച്ചിരുന്നു - റസൂല്(സ) പറഞ്ഞു: "എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെത്തന്നെയാണെ (സത്യം), നിങ്ങള് പാപം ചെയ്യുന്നില്ലെങ്കില് ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്ത്തിക്കുകയും ഇസ്തിഗ്ഫാര് ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും." ഈ ഹദീസിന്റെ എല്ലാ വശങ്ങളും, ഇതിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യങ്ങളും, ചിന്തിക്കേണ്ട കാര്യങ്ങളും നമ്മൾ ചർച്ച ചെയ്തു. നമ്മൾ മുകളിൽ പറഞ്ഞ മൂന്നു പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ഈ ഒരു ഹദീസിൽ നിന്ന് മാത്രം നമുക്കു മനസ്സിലായല്ലൊ! അതിനെ ക്കുറിച്ച് ചിന്തിക്കുകയും, ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരാൻ തീരുമാനിക്കുകയും ചെയ്യണം എന്ന് എന്നോടും നിങ്ങളോടും ഞാൻ ഒന്നുകൂടെ ഓർമ്മിപ്പിക്കുകയാണ്.


ഇനി നമുക്ക് അടുത്ത പ്രശ്നത്തിലേക്ക് കടക്കാം. നമ്മളിൽ ചിലരെങ്കിലും പലപ്പോഴും നന്നാവണം, ഖുറാനിനോട് അടുക്കണം എന്നൊക്കെ വിചാരിക്കാറും അതിനു ശ്രമിക്കാറും ഉണ്ട്. പക്ഷെ, അതു അധികം നീണ്ടു പോകാറില്ല, എന്നുള്ളതാണ് സത്യം. കുറച്ച് ദിവസം കൊണ്ട് തന്നെ നമ്മുടെ ചങ്കരൻ വീണ്ടും തെങ്ങിൽ കേറും! ശെരിയല്ലേ? ഇതിനു രണ്ട് പ്രധാന വശങ്ങൾ ആണുള്ളത്. അതിൽ ഒന്നാമത്തെ വശം - "മാർഗ്ഗദർശനം നൽകുന്നത് അല്ലാഹുവാണ്. അവൻ ഉദ്ദേശിച്ചവരെ അവൻ നേർവഴിയിലാക്കും". ഇത് ഖുറാൻ പല സ്ഥലങ്ങളിൽ പറഞ്ഞിട്ടുള്ളതായി കാണാം. നമ്മളെ ഒക്കെ പലപ്പോഴും സംശയത്തിൽ ആക്കുന്ന ഒരു കാര്യം ആണ് ഇത്. ചിലർക്കെങ്കിലും രക്ഷപ്പെടാനുള്ള ഒരു സൂത്രവുമാണ് ഈ വാക്കുകൾ. ഇതിന്റെ ശെരിയായ അർഥവും ആഴവും മനസ്സിലാക്കണം. അതാണ് ഒന്നാമത്തെ വശം! ഇതു കുറച്ചധികം വിശദീകരണം ആവശ്യമുള്ള ഒരു വിഷയമാണ്. ഇൻഷാ അല്ലാഹ് തുടർന്നുള്ള ദിവസങ്ങളിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാം.


രണ്ടാമത്തെ വശം - നമ്മളുടെ സമീപന രീതി. ഖുറാൻ ആകട്ടെ, നമസ്കാരം ആകട്ടെ, മറ്റു ദീനി കാര്യങ്ങൾ ആകട്ടെ, നമ്മൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.


പലപ്പോഴും നമ്മൾ ഖുറാനിന്റെ മലയാളവും വ്യാഖ്യാനവും വായിക്കുന്നത്, അല്ലെങ്കിൽ ഹദീസുകൾ റെഫർ ചെയ്യുന്നത് എന്തെങ്കിലും ഒരു പ്രത്യേക ഉദ്ദേശം മനസ്സിൽ വെച്ചായിരിക്കാം - അത് നമ്മൾ ചെയ്യുന്ന എതെങ്കിലും ഒരു കാര്യം - നന്മയോ തിന്മയോ ആകട്ടെ - അതിനെ ന്യായീകരിക്കാൻ പറ്റിയ വല്ല ആയത്തുകളും ഹദീസുകളും ഉണ്ടോന്ന് നോക്കാൻ ആയിരിക്കാം, അല്ലെങ്കിൽ നമ്മളെ ബാധിച്ചിരിക്കുന്ന വല്ല വിഷമങ്ങളിൽ നിന്നും താൽക്കാലിക ആശ്വാസം കിട്ടുമോന്ന് അറിയാൻ ആയിരിക്കാം, നമ്മളോട് വല്ല തിന്മയും പ്രവർത്തിച്ചവർ അല്ലെങ്കിൽ നമ്മൾ ചെയ്ത വല്ല തെറ്റും ചൂണ്ടിക്കാണിച്ചവർ പറയുന്ന ന്യായവാദം തെറ്റാണെന്ന് തെളിയിക്കാൻ ആയിരിക്കാം, ഇങ്ങനെ ഏതെങ്കിലും വിധത്തിൽ ഉള്ള ഉദ്ദേശവുമായാണ് നമ്മൾ ഖുറാനിനെ സമീപിക്കുന്നത് എങ്കിൽ, ഉറപ്പായും ഖുറാൻ നമ്മളെ സഹായിക്കും ആ കാര്യത്തിൽ!! നമുക്കുള്ള ഉത്തരവും ഖുറാനിൽ നിന്ന് കിട്ടും. അത് ഖുറാനിന്റെ ഒരു പ്രത്യേകത ആണ്.


ഇതു പോലെ തന്നെ ഇന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ വരുന്ന ഒരു 80% ഇസ്ലാമിക ഫോർവേർഡ് മെസ്സേജുകളും നമ്മൾ ഉപയോഗിക്കുന്നത് ഇതു പോലെ ഉള്ള നമ്മുടെ ആവശ്യങ്ങൾക്കാണ്. നമ്മുടെ നിസ്കാരങ്ങളും പ്രാർത്ഥനകളും അധികപക്ഷവും ഇതേ പോലെ ആണ്. നമ്മുടെ ഏതെങ്കിലും ഒരു ആവശ്യം നടന്ന് കഴിയുന്ന വരെ, അല്ലെങ്കിൽ നമ്മുടെ ഒരു പ്രശ്നം തീരുന്നത് വരെ ആയിരിക്കും. എന്നാൽ ആവശ്യം നടന്ന് കഴിയുമ്പോൾ സ്വാഭാവികമായും നമ്മൾ നമ്മുടെ പാട്ടിനു പോകും! അത് കഴിയുമ്പോ ഖുറാൻ ഷെൽഫിലും നിസ്കാരക്കുപ്പായം അലക്കി വെളുപ്പിച്ച് അലമാരിയിലും! അല്ലെങ്കിൽ യാന്ത്രികമായി ഓതുകയും നിസ്കരിക്കുകയും ഒക്കെ ചെയ്യും, പക്ഷെ നിഷ്കളങ്കതയും ശ്രദ്ധയും ഒക്കെ അതിന്റെ പാട്ടിനു പോയിക്കാണും!!

മറിച്ച് നമ്മൾ ആത്മാർഥമായ ഹിദായത്ത് (മാർഗ്ഗ ദർശനം) ആഗ്രഹിച്ച് കൊണ്ട് ഖുറാനെ എന്നെങ്കിലും സമീപിച്ച് നോക്കിയിട്ടുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് ഖുറാൻ വായിക്കാനും അർത്ഥം മനസ്സിലാക്കാനും വ്യാഖ്യാനത്തെ ക്കുറിച്ച് ചിന്തിക്കാനും ശ്രമിച്ചിട്ടുണ്ടോ? വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഒരു സുഖം, ഒരു സന്തോഷം, സമാധാനം, അനുഗ്രഹം, വെളിച്ചം, അറിവ്, ചിന്ത, യുക്തി, ബുദ്ധി, ധൈര്യം, പ്രതീക്ഷ.... എന്നു വേണ്ട പല അതി വിശിഷ്ഠമായ മാറ്റങ്ങളും ഖുറാൻ നമുക്ക് തരും എന്ന് ഉറപ്പാണ്.

ആത്മാർഥമായ ഹിദായത്ത് ആഗ്രഹിച്ച് നിസ്കാരത്തിൽ
إهدنا الصّراط المستقيم
(ഞങ്ങളെ നീ നേർവഴിയിലാക്കേണമേ!)
എന്ന് നമ്മൾ അല്ലാഹുവിനോട് ആവശ്യപ്പെടാറുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് കൊണ്ട് നമ്മൾ ഫേസ്ബുക്കിലെ ഏതെങ്കികും ഇസ്ലാമിക പേജ് സ്ഥിരമായി വായിക്കുകയും വീഡിയോകൾ കാണുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? ഹിദായത്ത് ആഗ്രഹിച്ച് കൊണ്ട് വാട്സാപ്പിലെ ഏതെങ്കിലും ഒരു ഇസ്ലാമിക ഗ്രൂപ്പിലെ സ്ഥിരം ആക്ടീവ് മെംബർ ആയിട്ടുണ്ടോ? അതിനൊക്കെ എവിടെയാ നമുക്ക് സമയം അല്ലെ? കുടുമ്പം, കുട്ടികൾ, അടുക്കള ജോലികൾ, വീട് വൃത്തിയാക്കൽ, ഓഫീസിലെ ജോലികൾ, ബിസിനസ്സ്, കുട്ടികളുടെ പഠനം, കല്യാണം, സൽക്കാരം, ഇതൊക്കെ കഴിഞ്ഞിട്ടെവിടാ ഈ പറഞ്ഞ ഹിദായത്തിനൊക്കെ സമയം നമുക്ക്!! ഫാമിലി, ഫ്രെണ്ട്സ് ഗ്രൂപ്പുകളിൽ ഒരു ദിവസം പത്തോ പതിനഞ്ചോ മെസ്സേജുകൾ മോഡിയുടെ വിദേശ യാത്രയെ പറ്റിയും, രാഹുൽ ഗാന്ധിയുടെ മണ്ടത്തരങ്ങളെ പറ്റിയും വായിക്കുന്നതിനും ആസ്വദിക്കുന്നതിനും ഫോർവേർഡ് ചെയ്യുന്നതിനും എടുക്കുന്ന സമയത്തിൽ ഒരു പത്ത് മിനിട്ട് നമുക്ക് ദിവസവും മാറ്റി വെച്ചൂടെ? ഒരു ദിവസം ഒരു സഹീഹായ ഹദീസ് ഇത്തരം ഗ്രൂപ്പുകൾ വഴി വരുന്നത് ഒന്ന് വായിച്ച് മനസിലാക്കാൻ! ഒരു ആയത്തിന്റെ വിശദീകരണം മനസ്സിലാക്കാൻ?!! പഠിക്കണ്ട. ഒന്നു വായിച്ച് മനസ്സിലാക്കിക്കൂടെ? നമ്മുടെ ഹിദായത്തിനു വേണ്ടി? ഈമാനിനു വേണ്ടി? തഖ്വയ്ക്ക് വേണ്ടി? ഇതെല്ലാം നമുക്ക് സ്വയം ചോദിക്കാനുള്ള ചോദ്യങ്ങളാണ്. വാട്സാപ്പും ഫേസ്ബുക്കും ഒക്കെ ആണ് ഹിദായത്ത് ലഭിക്കാനുള്ള മാർഗ്ഗങ്ങൾ എന്നല്ല പറഞ്ഞ് വരുന്നത്. പക്ഷേ നമ്മളൊക്കെ ദിവസവും കുറച്ച് സമയമെങ്കിലും ഇതിന്റെ ഒക്കെ മുന്നിൽ ഇരിക്കുന്നവരാണ്. ആ സമയം കൊണ്ട് ഇത്രയെങ്കിലും നമുക്ക് ചെയ്യാനായാൽ ഒരു വർഷം ഏറ്റവും ചുരുങ്ങിയത് ഒരു 300 ആയത്തുകൾ മനസ്സിലാക്കാൻ പറ്റുമല്ലൊ! ഒരു 300 ഹദീസുകൾ എങ്കിലും പുതിയതായി അറിയാൻ പറ്റുമല്ലൊ! അതിന്റെ മാറ്റം നമുക്ക് ഉണ്ടാകുമല്ലോ!! ചിന്തിച്ച് നോക്കാം നമുക്ക്?!

ഇൻഷാ അല്ലാഹ് തുടരും....

നമ്മുടെ ഇസ്ലാം - 13

പശ്ചാത്തപിച്ച് മടങ്ങുന്നതിന്റെ ഗുണങ്ങൾ തുടരുന്നു....

5. നമ്മളെ പോലെ തന്നെ മറ്റുള്ളവരും ഇതു പോലെ പല തെറ്റുകൾ കാരണം നീറുന്നവരാണ് എന്ന തിരിച്ചറിവ്, അത് പശ്ചാത്തപിച്ച് തുടങ്ങുമ്പോ കൂടുതൽ എളുപ്പമാകും. നമ്മുടെ ചുറ്റുമുള്ളവരെ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ, അവരെ കുറ്റപ്പെടുത്താതിരിക്കാനുള്ള സന്മനസ്സ് ഇതെല്ലാം ചെറിയ തോതിൽ നമ്മളുടെ സ്വഭാവത്തിൽ കലരുന്നത് കാണാം. സ്വയം തെറ്റുകൾ തിരുത്തുന്നതോടൊപ്പം, മറ്റുള്ളവരെ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ സഹായിക്കാനുള്ള ഉത്സാഹം, നമ്മളോട് എന്ത് തന്നെ ചെയ്താലും, മനസ്സ് കൊണ്ട് അതു പൊറുത്ത്, അവർക്ക് കൂടി വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള, അവരുടെ മാറ്റത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സ്, ഈ പശ്ചാത്താപം മൂലം നമ്മൾ അനുഭവിക്കുന്ന മനസമാധാനവും സന്തോഷവും നമ്മുടെ ജീവിതത്തിൽഉണ്ടായ മാറ്റങ്ങളും അവരും കൂടെ അനുഭവിക്കണം എന്ന ആഗ്രഹം, ഇതെല്ലാം തൗബയുടെ മറ്റ് ഫലങ്ങളാണ്.

ഇവിടെ നമ്മൾ പുന:പരിശോധിക്കേണ്ട ഒരു കാര്യമാണ് 'ക്ഷമ' എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം! നമുക്ക് ക്ഷമ ആവശ്യമായി വരേണ്ട രണ്ട് പ്രധാന സാഹചര്യങ്ങളാണ്, 1. അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വരുമ്പൊ. 2. മറ്റു മനുഷ്യർ നമ്മളോട് അന്യായം പ്രവർത്തിക്കുമ്പോ! ഇതിൽ രണ്ടാമത്തെ ക്ഷമയെ കുറിച്ച് ഒരു ചെറിയ ചിന്ത ആവശ്യം ആണെന്ന് തോന്നുന്നു!

നമ്മളെല്ലാം മനുഷ്യരാണ്. തെറ്റുകൾ നമ്മളോട് തന്നെയും മറ്റുള്ളവരോടും ചെയ്യൽ സ്വാഭാവികമാണ്. അതുകൊണ്ടാണ് അതു തിരുത്താനും പശ്ചാത്തപിച്ച് മടങ്ങാനും ഉള്ള അവസരം അല്ലാഹു നമുക്കു നൽകിയത്. പലപ്പോഴും ജീവിതത്തിൽ മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തിന്മകളും അന്യായങ്ങളും, നമ്മളെയും; നമ്മൾ മറ്റുള്ളവരോട് ചെയ്യുന്ന അന്യായങ്ങൾ, അവരെയും, അങ്ങേ അറ്റം വിഷമിപ്പിക്കാറും ബുദ്ധിമുട്ടിക്കാറും ഉണ്ട്. ഇത് അനുഭവിക്കാത്ത ആരും തന്നെ ഇല്ല. എന്നാൽ ഇത്തരം അവസരങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കായ 'ക്ഷമ' പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ്. നമ്മൾ ഇവിടെ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ സാധാരണയായി പ്രോത്സാഹിപ്പിക്കുന്ന ക്ഷമ എന്നത്, നമ്മളോട് തെറ്റു ചെയ്യുന്നവരോട് പുറമേ ചിരിച്ച് കാണിച്ച്, മാന്യമായി സംസാരിച്ച്, മനസ്സിൽ വെറുത്ത്, കഴിയുമെങ്കിൽ അവരുടെ അന്യായത്തെ ക്കുറിച്ച് അവർ അല്ലാത്ത എല്ലാവരോടും ചർച്ച ചെയ്ത്, അവർക്കെതിരെ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ഒരു രീതി ആണ്. എന്നിട്ട് നമ്മൾ പറയുകയും ചെയ്യും: "എന്ത് ചെയ്യാനാണ്, ക്ഷമിക്ക്യല്ലാതെ വേറെ വഴി ഇല്ലാല്ലോ" എന്ന്!!!


ഈ ക്ഷമയിലൂടെ നമ്മൾ ചെയ്യുന്നത് :

1. നമ്മളെ സ്വയം നശിപ്പിക്കുകയാണ്. കാരണം നമ്മുടെ മനസ്സ് മുഴുവൻ വെറുപ്പും, ഈ അന്യായങ്ങൾ സഹിക്കുന്നത് മൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും ആണ്. നമ്മുടെ ചിന്തകൾ മുഴുവനും ഇതിനെക്കുറിച്ചായിരിക്കും. ഉറക്കം കുറയും, നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും അത് ബാധിക്കും. നമ്മളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അത് ബാധിക്കും. നമ്മുടെ എല്ലാ ബന്ധങ്ങളെയും അത് ബാധിക്കും. ഇതു സാവധാനം നമ്മുടെ ആരാധനകളെ ബാധിക്കും. നമ്മൾ അല്ലാഹുവിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്ന; അല്ലാഹുവിനെ ആരാധിച്ച് കൊണ്ടിരുന്ന സമയം മുഴുവൻ, ഈ അന്യായത്തെക്കുറിച്ചുള്ള ചിന്തയും, അന്യായം ചെയ്യുന്ന ആളുകളോടുള്ള വെറുപ്പും കയ്യടക്കും. നമുക്ക് പ്രാർത്ഥനകളിൽ ശ്രദ്ധ നഷ്ടപ്പെട്ടു തുടങ്ങും. ആത്മാർത്ഥത കുറഞ്ഞ് തുടങ്ങും. ഇതു സാവധാനം നമ്മുടെ ഈമാനിനെയും തഖ് വയെയും ബാധിക്കും.


ഈ പറഞ്ഞതിൽ ഒരു ലക്ഷണമെങ്കിലും ഇല്ലാത്ത രീതിയിൽ, ഏതെങ്കിലും ഒരു പ്രശ്നത്തിൽ അതിന്റെ അവസാനം വരെ ക്ഷമിക്കാൻ നിങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ടോ? എങ്കിൽ അതിനെ ഇസ്ലാം നിർവചിച്ച സുന്ദരമായ ക്ഷമ എന്നു വിളിക്കാം. അതു പ്രതിഫലാർഹമായ ക്ഷമ തന്നെ! അല്ല എങ്കിൽ, ഈ ഒരു രീതിയിൽ ക്ഷമിക്കാൻ വേണ്ടി നമ്മുടെ സൃഷ്ടാവ് നമ്മളോട് കൽപിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈമാനും തഖ്വയും നഷ്ടപ്പെടുത്തി ക്ഷമിക്കാൻ ഇസ്ലാം പഠിപ്പിക്കും എന്ന് തോന്നുന്നുണ്ടോ? ആ ക്ഷമയ്ക്ക് പ്രതിഫലം ഉണ്ടെന്ന്ന് തോന്നുന്നുണ്ടോ?

2. ഇപ്പറഞ്ഞ, തെറ്റിദ്ധരിക്കപ്പെട്ട ക്ഷമ കൊണ്ട് നമ്മൾ ചെയ്യുന്ന മറ്റൊരു ദോഷം, മറുവശത്തുള്ളവരെ, അവർ ആരും ആയിക്കോട്ടെ, അവർ ചെയ്യുന്ന അന്യായത്തിൽ തുടരാൻ അനുവദിക്കലാണ്. ഒരു പക്ഷെ അവർ ചെയ്യുന്നത് തെറ്റാണെന്ന് അറിയാതെ ചെയ്യുന്നതാണെങ്കിലോ? അവർക്ക് തിരുത്താൻ ഒരു അവസരം കൊടുത്താൽ തിരുത്തുമെങ്കിലോ? പകരം നമ്മൾ എന്താണ് ചെയ്യുന്നത്? ക്ഷമ എന്ന വ്യാജേന മനസ്സിൽ വെറുത്ത്, പുറമെ അവരോട് ചിരിച്ച് കാണിക്കുന്നു അല്ലെ? നമുക്കറിയാം 'അമലുകൾ (പ്രവർത്തനങ്ങൾ) അവയുടെ ഉദ്ദേശത്തിനനുസരിച്ചാണ്'. ഒരുപാട് സ്വഹീഹായ ഹദീസുകൾ ഉദ്ദരിച്ച കാര്യമാണ് ഇത്. അപ്പോൾ നമ്മുടെ ഈ പുഞ്ചിരിയുടെ ഉദ്ദേശം എന്തായിരുന്നു? നമ്മൾ അവരോട് കാണിക്കുന്ന പുറമേ ഉള്ള മാന്യതയുടെ ഉദ്ദേശം എന്തായിരുന്നു? നമ്മൾ സ്വയം വെറുത്തും ശപിച്ചും നമ്മുടെ ഈമാൻ നഷ്ടപ്പെടുത്തി നമ്മളുടെ സീറ്റ് നരകത്തിൽ ഉറപ്പിക്കുന്നതോടൊപ്പം, അവർക്ക് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കാതെ, അവരെ തെറ്റിൽ തുടരാൻ അനുവദിച്ച് കൊണ്ട്, അവർക്കും കൂടെ ഒരു സീറ്റ് ഉറപ്പിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്? ഇതിനെ അല്ലെ നമ്മൾ ക്ഷമ എന്ന് വിളിക്കുന്നത്?


നമ്മൾ സമൂഹം കാരണം പലപ്പോഴും ഇത്തരത്തിലുള്ള ക്ഷമയ്ക്ക് നിർബന്ധിതരാകുന്നവർ ആണ്. കാരണം സമൂഹം പഠിപ്പിച്ച് തന്ന, ഒരുപക്ഷേ നമ്മുടെ മാതാപിതാക്കൾ തന്നെ പഠിപ്പിച്ച് തന്ന ക്ഷമയുടെ നിർവചനം ഇതാണ്. പിന്നെ മറ്റൊരു കാരണം, തിരുത്താൻ ശ്രമിച്ചാലും എതിർഭാഗം തിരുത്താൻ തയാറാവില്ല എന്ന തോന്നൽ, അല്ലെങ്കിൽ തിരുത്താൻ ശ്രമിച്ചാൽ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങളുടെ കാഠിന്യം, സമൂഹത്തിൽ നിന്നുള്ള സപ്പോർട്ട് നഷ്ടപ്പെടും എന്ന ഭയം! എന്നാൽ നമ്മൾ ഇവിടെ മനസ്സിലാക്കേണ്ട ഒന്ന്, നമ്മൾ ചെയ്യുന്ന ഈ പ്രവർത്തി - തിരുത്താനുള്ള ശ്രമം, അതിന്റെ പിന്നിലെ ഉദ്ദേശം ശുദ്ധമാണോ? നമ്മളെ വെറുപ്പിൽ നിന്ന് രക്ഷിക്കാനും, അവരെ അന്യായത്തിൽ നിന്ന് രക്ഷിക്കാനും ആണോ? എങ്കിൽ അല്ലാഹു ഉണ്ടാകും നമ്മുടെ കൂടെ! അല്ലാഹു നമ്മളെ സഹായിക്കും, അത് ഏത് രീതിയിലുള്ള സഹായം ആയാലും, ആ സഹായം വന്നെത്തുന്നത് വരെ ക്ഷമിക്കാൻ നിങ്ങൾ തയ്യാറാണൊ?എങ്കിൽ നിങ്ങൾ കാണിക്കുന്നത് ഇസ്ലാം പറഞ്ഞ വ്യക്തമായ ഉദ്ദേശത്തോട് കൂടിയുള്ള അല്ലാഹുവിന്റെ പ്രീതി നേടുന്ന, പ്രതിഫലാർഹമായ ക്ഷമ ആണു. അതു പോരെ? പക്ഷേ നമ്മൾക്ക് അതു പോരാ, അല്ലേ? സമൂഹം

കൂടെ ഇല്ലെങ്കിൽ എങ്ങനെ ജീവിക്കും

അല്ലെ??? ഒന്നു ചിന്തിച്ച് നോക്കൂ.... നമ്മുടെ ഉദ്ദേശങ്ങളെ കുറിച്ച്!!

ഇതിനെല്ലാം ഉപരി സമൂഹം ഉത്തരവിട്ട ഈ ക്ഷമ നമുക്കു ശെരിയായി തോന്നാൻ ഉള്ള പ്രധാന കാരണം, "നമ്മൾ ഒന്നും ചിന്തിക്കുന്നില്ല, ചിന്തിക്കാൻ തയ്യാറല്ല" എന്നുള്ളതാണ്. ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ, നമ്മുടെ പല പ്രവർത്തനങ്ങളിലെയും അർഥശ്യൂന്യത നമ്മൾക്ക് മനസ്സിലായേനേ! പക്ഷേ എന്ത് കാര്യവും ചിന്തിക്കണമെങ്കിൽ, ഏത് വഴിക്ക് ചിന്തിക്കണം എന്ന വ്യക്തമായ മാർഗ്ഗദർശ്ശനം നമുക്ക് ഉണ്ടായിരിക്കണം. കണക്കിലെ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ ആ ചോദ്യത്തിനെ സപ്പോർട്ട് ചെയ്യുന്ന തിയറികൾ നമ്മൾ അറിഞ്ഞിരിക്കണം, അല്ലേ? ഒരു കവിത എഴുതണമെങ്കിൽ അതിന്റെ ഭാഷയും, മറ്റു ഗ്രാമർ നിയമങ്ങളും നമ്മൾ അറിഞ്ഞിരിക്കണം. അത് പോലെ ജീവിത്തെയും അതിന്റെ പ്രശ്നങ്ങളെയും കുറിച്ച് ചിന്തിക്കണമെങ്കിൽ, അതിലെ പ്രശ്നങ്ങളെ പരിഹരിക്കണമെങ്കിൽ, അതിന്റെ അടിസ്ഥാന മാർഗ്ഗ ദർശനങ്ങൾ, നമ്മുടെ ഖുറാനും, ഹദീസുകളും ചരിത്രവും എല്ലാം നമ്മൾ അറിഞ്ഞിരിക്കണം, അറിയാൻ ശ്രമിക്കണം. അല്ലാതെ ആരെയും കുറ്റപ്പെടുത്തുന്നത് ഒന്നിനും ഒരു പരിഹാരവും അല്ല! എല്ലാ പരിഹാരങ്ങളും ഇസ്ലാമിൽ ഉണ്ട്. നമ്മൾ ഇസ്ലാമിലേക്ക് തിരിയണം എന്ന് മാത്രം!!

ഇസ്ലാമികമായ ക്ഷമയെ ക്കുറിച്ച് ആധികാരികമായി ഒന്നും തന്നെ ഇവിടെ പറഞ്ഞിട്ടില്ല. ഇൻഷാ അല്ലാഹ്, സാധിച്ചാൽ അത് നമുക്ക് പിന്നീട് എപ്പോഴെങ്കിലും ചർച്ച ചെയ്യാം. മറിച്ച്, നമ്മുടെ ക്ഷമയെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ എനിക്കും നിങ്ങൾക്കും ഒരു അവസരം തരിക മാത്രമാണ് ഇന്നത്തെ പോസ്റ്റിലൂടെ ചെയ്തത്. അല്ലാഹു നമ്മെ എല്ലാവരെയും ഇസ്ലാം അനുശാസിക്കുന്ന ക്ഷമയുടെ ഉടമസ്ഥർ ആകാൻ സഹായിക്കട്ടെ (ആമീൻ)


ഇൻഷാ അല്ലാഹ്, നാളെ നമ്മുടെ വിഷയത്തിലേക്ക് തിരിച്ച് പോകുകയും കൂടുതൽ ചർച്ചകൾ തുടരുകയും ചെയ്യാം!

നമ്മുടെ ഇസ്ലാം - 12

പശ്ചാത്തപിച്ച് മടങ്ങുന്നതിന്റെ ഗുണങ്ങൾ തുടരുന്നു....


2. പല തെറ്റുകളും ചെയ്യുന്നതിൽ നിന്നു മാറി നിൽക്കുന്നതോടൊപ്പം നന്മകൾ കൂടുതലായി ചെയ്യാൻ നമ്മൾ ശ്രമിക്കും. അതിന്റെ ഭാഗമായി നമ്മൾ ചെയ്യുന്നതിൽ, ഏതൊക്കെയാണ് തെറ്റുകൾ എന്ന് അന്വേഷിച്ച് കണ്ട് പിടിക്കാനും, അതിനെ ക്കുറിച്ച് വായിക്കാനും അറിയാനും ശ്രമിക്കും. ജീവിതത്തിൽ ഇത് വരെ ശെരിയാണെന്ന് വിചാരിച്ച പല കാര്യങ്ങളും ഗൗരവമേറിയ തെറ്റുകൾ ആയിരുന്നുവെന്ന് ബോധ്യം വരും. അതേ പോലെ മറ്റുള്ളവർ ചെയ്യുന്നതിൽ തെറ്റാണെന്ന് നമ്മൾ വിശ്വസിച്ച പല കാര്യങ്ങളും ശെരിയാണെന്നും ബോധ്യം വരും!! ഇത് പശ്ചാത്താപത്തിന്റെ ആത്മാർത്ഥതയും ആഴവും കൂട്ടും. അതിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താൻ ശ്രമിക്കും!! അതു പോലെ തന്നെ നമ്മൾ സ്ഥിരമായി ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്മകൾ ചെയ്യാൻ ആവുമോ എന്ന് അറിയാൻ ശ്രമിക്കും, അത് കർമ്മപരമായാലും, വിശ്വാസപരമായാലും, സ്വഭാവപരമായാലും, അറിയാനും പ്രാവർത്തികമാക്കാനും ശ്രമിക്കും! സുബ് ഹാനല്ലാഹ്!! നമുക്ക് ആ ഒരു നല്ല മാറ്റത്തിനായി ശ്രമിക്കണ്ടേ? നമ്മുടെ സൃഷ്ടാവിന്റെ പ്രീതിക്കായി ജീവിച്ച് തുടങ്ങണ്ടേ? നാളെയാണ് മരണം എങ്കിൽ ഇന്നൊരു ദിവസമെങ്കിലും ഒരു യതാർഥ മുസ്ലിം ആയി ജീവിക്കണ്ടെ?


3. നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മളും അല്ലാഹുവും തമ്മിൽ മാത്രം ആകും. പലതും, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി, അവർ അറിയാൻ വേണ്ടി ചെയ്യുന്ന രീതിയിൽ നിന്ന് മാറും.

ഇതിന്റെ പിന്നിലെ യുക്തി നമുക്കു നോക്കാം, നമ്മൾ പശ്ചാത്തപിച്ച് തുടങ്ങുന്നത് വരെ, സ്വയം വിശ്വസിച്ചിരുന്നത്, അല്ലെങ്കിൽ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്, നമ്മൾ ചെയ്യുന്നതെല്ലാം ശെരികൾ മാത്രമാണ് എന്നായിരുന്നു. കാരണം നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് മറ്റുള്ളവരോട് സമ്മതിക്കുന്നത്, മനുഷ്യന്റെ ജന്മനാ ഉള്ള അഭിമാനബോധത്തിനു എതിരാണ്, എന്ന് മാത്രമല്ല പശ്ചാത്തപിച്ച് തുടങ്ങുന്നതെ വരെ നമ്മൾക്ക് തന്നെ അറിയുകയും ഇല്ല ചെയ്യുന്നത് പലതും തെറ്റാണെന്ന്.


തെറ്റുകൾ ഏറ്റു പറയുന്നത്, മനുഷ്യന്റെ ജന്മപ്രകൃതി അനുസരിച്ച് അടിയറവ് പറയലിനു തുല്യമാണ്. അതു കൊണ്ട് തന്നെ, നമ്മളുമായി വളരെ അധികം അടുത്തവരോട് അങ്ങേ അറ്റം നിർബന്ധിത സാഹചര്യം വരുമ്പൊ മാത്രമേ നമ്മൾ തെറ്റുകൾ 'ആത്മാർത്ഥമായി' ഏറ്റു പറയുകയുള്ളൂ. അല്ലാത്ത അവസ്ഥയിൽ മനുഷ്യർ എപ്പോഴും സ്വന്തം ശെരികളെ ഉയർത്തിക്കാണിച്ച് ആളുകളുടെ മുന്നിൽ സ്വയം ന്യായീകരിക്കാൻ ഉള്ള വ്യഗ്രതയിൽ ആയിരിക്കും. അങ്ങനെ ഉള്ള നമ്മൾക്ക് എപ്പോഴെങ്കിലും ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് സ്വയംബോധ്യം വരുമ്പോൾ; നമ്മുടെ മനസമാധാനക്കേടിനു കാരണം ആ കുറ്റബോധം ആണെന്ന് മനസ്സികാകുമ്പോ മാത്രമേ, നമുക്കു പശ്ചാത്തപിക്കാൻ കഴിയൂ. അങ്ങനെ ബോധം വരുമ്പോ സ്വാഭാവികമായും നമ്മൾ അത് മറ്റുള്ളവരെ കാണിക്കാതിരിക്കാൻ ശ്രമിക്കും. അപ്പോൾ അതു നമ്മളും അല്ലാഹുവും തമ്മിൽ മാത്രം ഉള്ള ഡീലിംഗ് ആയി മാറും.


അങ്ങനെ നമ്മൾ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ തെറ്റുകൾ തിരുത്താനും അതു പിന്നീട് ആവർത്തിക്കാതിരിക്കാനും ശ്രമിക്കും, എന്നു മാത്രമല്ല മുകളിൽ പറഞ്ഞ പോലെ പല തെറ്റുകളിൽ നിന്നും വിട്ട് നിൽക്കുകയും പുതിയ പുതിയ നന്മകൾ കണ്ടെത്തുകയും അതും പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യും. ഇതു കാരണം നമ്മുടെ മനസ്സിനു ലഭിക്കുന്ന സമാധാനവും സന്തോഷവും കാരണം, പ്രത്യേകിച്ച് ഈ തൗബ ചെയ്യുന്നത് - ഏറ്റവും ഉത്തമമായ സമയം ആയ രാത്രിയുടെ അവസാനത്തെ മൂന്നിൽ ഒന്നിലാണെങ്കിൽ (തഹജ്ജുദിന്റെ സമയം) - സാവധാനം നമ്മൾ ആ ഒരു ബന്ധത്തിന്റെ - നമ്മളും അല്ലാഹുവുമായുള്ള ആ ബന്ധത്തിന്റെ - സുഖം അറിഞ്ഞ് തുടങ്ങും. അപ്പോൾ നമ്മൾ ചെയ്യുന്ന നന്മകളും, അല്ലാഹുവിന് വേണ്ടി ആയി മാറും സ്വാഭാവികമായും. ഓരോ നന്മ ചെയ്യുന്നതിനു മുന്നെയും നമ്മൾ അതിനെ ക്കുറിച്ച് അല്ലാഹുവിനോട് പറയാൻ ശ്രമിക്കും. ഇതു ആ നന്മയെ കുറിച്ച് ആളുകളോട് പറയുന്നതിൽ നിന്ന് നമ്മെ മെല്ലെ പിന്തിരിപ്പിക്കും, ഓരോ തിന്മ ഓർക്കാതെ ചെയ്ത് പോകുമ്പ്പൊഴും, അല്ലെങ്കിൽ ചെയ്തു കഴിഞ്ഞിട്ടാണ് തെറ്റാണെന്ന് അറിയുന്നതെങ്കിലും, നമ്മൾ ഉടനെ പശ്ചാത്തപിക്കും. ഇനി അറിഞ്ഞ് കൊണ്ട് വല്ലതും ചെയ്യുകയാണെങ്കിൽ നമ്മൾ അത് പകുതിക്ക് വെച്ച് നിർത്തും.


തെറ്റ് ചെയ്താലും ഇല്ലെങ്കിലും പശ്ചാത്താപം ഒരു ശീലമാക്കും, കാരണം നമ്മുടെ അറിവ് ഒരിക്കലും പൂർണ്ണമല്ലല്ലോ!! ശെരിയും തെറ്റും ഏതൊക്കെയാണ് എന്ന പൂർണ്ണമായ ലിസ്റ്റ് നമ്മുടെ കയ്യിൽ ഇല്ലല്ലൊ! നമ്മൾ ചെയ്ത ശെരികളിൽ എന്തെങ്കിലും പാകപ്പിഴവുകൾ വന്നിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലൊ!


അങ്ങനെ നമ്മുടെ ജീവിതത്തിലെ ഓരൊ പ്രവൃത്തിയും അതിന്റെ ശെരിയായ ഉദ്ദേശത്തിനും അല്ലാഹുവിന്റെ തൃപ്തിക്കും വേണ്ടി ആയി മാറ്റുവാൻ നമ്മൾ പരമാവധി ശ്രമിക്കും. ലോകമാന്യതയുടെ കാര്യം നമ്മൾ സാവധാനം മറക്കാൻ ശ്രമിക്കും. ജീവിതം കൂടുതൽ എളുപ്പമായി തോന്നും!!


മുൻ കഴിഞ്ഞ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുത്ത് കൊടുക്കപ്പെട്ട സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട നമ്മുടെ നബി (ﷺ) "ദിവസവും എഴുപത് മുതൽ നൂറു തവണ വരെ പാപമോചനം തേടുമായിരുന്നു" എന്നു അബൂ ഹുറൈറ (റ) പറഞ്ഞ് ബുഖാറി, മുസ്ലിം തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത സഹീഹായ ഹദീസുകളിൽ കാണാം (ബുഖാരി, 8, 75, 319)
Reference: sunnah.com/bukhari/80/4


അപ്പ്പോൾ സാധാരണക്കാരായ നമ്മൾ എത്ര തവണ പാപമോചനം തേടിയാലാണ് മതിയാകുക?? ഒന്നു ചിന്തിക്കണ്ടെ നമുക്കു??

തൗബയുടെ കൂടുതൽ ഗുണങ്ങളുമായി ഇൻഷാ അല്ലാഹ് ഞായറാഴ്ച്ച തുടരും...

നമ്മുടെ ഇസ്ലാം - 11

ഇസ്തിഗ്ഫാർ - പാപമോചനം തേടൽ! നമ്മുടെ റബ്ബ് നമ്മൾക്ക് തന്ന് അനുഗ്രഹിച്ച ഒരു രക്ഷാ മാർഗ്ഗം! ഏതു തരത്തിലുള്ള അക്രമവും പാപവും പ്രവർത്തിച്ച് പോയവർക്കും - [ശിർക്കും, കുഫ്റും - അല്ലാഹുവിൽ പങ്കു ചേർക്കലും, അവിശ്വാസവും ഒഴികെ]പ്രതീക്ഷ തരുന്ന ഒരു അനുഗ്രഹം!! ഏത് വലിയ തെറ്റു ചെയ്തു പോയിട്ടുണ്ടെങ്കിലും, മരണം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുൻപു വരെ ഉള്ള ഏത് നിമിഷവും പശ്ചാത്തപിച്ച് മടങ്ങിയാൽ ആ പാപങ്ങൾ മുഴുവൻ അല്ലാഹു പൊറുത്ത് തരുമെന്ന് നമുക്ക് പല ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും ഉറപ്പ് തരുന്നുണ്ട്. (ഈ ആയത്തുകളും ഹദീസുകളും ഇൻഷാ അല്ലാഹ്, നമുക്കു ഇനി വരുന്ന ഭാഗങ്ങളിൽ ചർച്ച ചെയ്യാം). നമ്മൾ പശ്ചാത്തപിച്ച് മടങ്ങാൻ തയ്യാറാണോ? അതോ തിന്മയിൽ തന്നെ തുടരാനാണോ നമ്മുടെഉദ്ദേശം? ഈ അനുഗ്രഹം; പാപമോചനം എന്ന ഈ മഹാഭാഗ്യം കണ്ടില്ലെന്ന് നടിക്കാനാണൊ? അതോ ഇസ്ലാം അല്ലാത്ത മറ്റു വിശ്വാസികളെ പോലെ നിങ്ങളുടെ പാപഭാരം ചുമക്കാൻ ആരെങ്കിലും ഭൂമിയിൽ ജനിച്ചിട്ടുണ്ടെന്നൊ, അല്ലെങ്കിൽ ഈ പാപങ്ങൾ കാരണം അടുത്ത ജന്മത്തിൽ ഏതെങ്കിലും നികൃഷ്ട ജീവിയായി ജനിച്ച് പാപമോചനം നേടാമെന്നോ ആണൊ നമ്മൾ ഉദ്ദേശിക്കുന്നത്? ഇനി അതല്ല, നമ്മുടെ സൃഷ്ടാവ് നമ്മളെ ക്കുറിച്ച് പറഞ്ഞതിനു വിപരീതമായി; സൃഷ്ടാവിന്റെ മഹത്തായ അറിവിനെ വെല്ലു വിളിച്ച്, ഞാൻ ഒരു തെറ്റും ചെയ്യാറില്ല എന്ന് വീണ്ടും വീണ്ടും മനസ്സിൽ ഉറപ്പിക്കാനും പുറത്ത് പറയാനും ആണോ നമ്മുടെ ഉദ്ദേശം?


മരണം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുൻപു വരെ പശ്ചാത്താപം സ്വീകരിക്കും എന്നു കേൾക്കുമ്പോ പൊതുവെ നമുക്കു തോന്നുന്ന കാര്യം ആണ്; അല്ലെങ്കിൽ ഇബ്ലീസ് തോന്നിപ്പിക്കുന്ന കാര്യമാണ്, നമ്മൾ മുന്നെ പറഞ്ഞ പോലെ, "ഏതായാലും ഇത്രയും ചെയ്തില്ലെ, ഇനി ഇതും കൂടെ ചെയ്തിട്ട് പശ്ചാത്തപിക്കാം, കാരണം, പശ്ചാത്തപിച്ചാൽ പിന്നെ ഈ തെറ്റ് ചെയ്യാൻ പറ്റില്ല, തിരുത്തുകയും വേണം" എന്നു!! എന്നാൽ നമ്മൾ ഒന്നു ചിന്തിച്ചോ? "നമ്മിൽ ആർക്കാണ് ലാസ്റ്റ് ഡേറ്റ് തന്നു വിട്ടിട്ടുള്ളത് അല്ലാഹു?, ഇന്നു, ഇപ്പൊ, ഈ മെസ്സേജ് വായിച്ച് തീരുന്നതിനിടയിൽ ഒന്നു കുഴഞ്ഞു വീണാൽ, ഒരു സ്ട്രോക്ക് വന്നാൽ, ഒരു സൈലന്റ് അറ്റാക്ക് വന്നാൽ, അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ച വേറെ ഏതെങ്കിലും ഒരു രീതിയിൽ തീരാവുന്നതല്ലെ ഉള്ളൂ ഈ ജീവിതം?" അപ്പോൾ ഒരു നിമിഷം മുന്നെ എങ്കിൽ, ഒരു നിമിഷംമുന്നെ പശ്ചാത്തപിച്ച് മടങ്ങുന്നതല്ലെ നല്ലത്? ഒരു നിമിഷം മുന്നെ മരണത്തിന് വേണ്ടി തയ്യാറാകുന്നതല്ലെ നല്ലത്??


മനുഷ്യൻ ജന്മനാ പാപിയല്ല!! നമുക്കറിയാം, ഒരു കുഞ്ഞു ജനിച്ച് വീഴുന്നത് ശുദ്ധനായിട്ടാണെന്ന്. സമാധാനവും നിഷ്കളങ്കതയും ആണ് ആ കുഞ്ഞിൽ നമ്മൾ കാണുന്നത്, അല്ലെ? മനുഷ്യന്റെ ജന്മപ്രകൃതിയിൽ മാറ്റം വരുത്തുന്നതെന്തും, അതായത് അവന്റെ ഹൃദയത്തിന്റെ ജന്മനാ ഉള്ള പരിശുദ്ധിയിൽ മാറ്റം വരുത്തുന്നതെന്തും, അവന്റെ മനസ്സിനെ ബാധിക്കും, അവന്റെ ഹൃദയത്തെ ബാധിക്കും. അവന്റെ ശുദ്ധപ്രകൃതിയെ മാറ്റം വരുത്തുന്ന ഒന്നാണ് അവൻ ചെയ്യുന്ന തിന്മകൾ എന്നതിൽ ഒരു സംശയവും ഇല്ലാല്ലൊ? അപ്പോൾ ആ തിന്മകൾ അവന്റെ മനസ്സിനെ, ഹൃദയത്തെ മോശമായി ബാധിക്കും. അതായത് അവന്റെ ജനിച്ച് വീഴുമ്പോഴുണ്ടായിരുന്ന ശുദ്ധാവസ്ത്ഥയെ ബാധിക്കും - അവന്റെ നിഷ്കളങ്കതയെ ബാധിക്കും, സമാധാനത്തെ ബാധിക്കും. അതിന്റെ ഫലമാണ് മനുഷ്യൻ ഇന്നു അനുഭവിച്ച് കൊണ്ടിരിക്കുന്ന "സ്ഥിരമായ മനസ്സമാധാനക്കേട്". അത്, ആ തിന്മകൾ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിലെ സമാധാനത്തെ സാവധാനം ഇല്ലാതാക്കും. നിങ്ങൾക്ക് സമാധാനം ഉണ്ടോ ജീവിതത്തിൽ എന്നു ആത്മാർഥമായി നിങ്ങളോട് തന്നെ ഒന്ന് ചോദിച്ച് നോക്കൂ? "ഉണ്ട്"എന്നാണ് ഉത്തരം എങ്കിൽ, നിങ്ങൾ സ്ഥിരമായി തൗബ ചെയ്യുന്ന ഒരാളാണ്. നിങ്ങൾ ഈ ലോകത്തോടും നിങ്ങളുടെ ഇച്ഛകളോടും ഉള്ള അടിമത്വം ഒഴിവാക്കി അല്ലാഹുവിനോടുള്ള അടിമത്വം മനസ്സ് കൊണ്ട്, വാക്കുകൾ കൊണ്ട്,പ്രവർത്തി കൊണ്ട് സ്വീകരിച്ച ഒരാളാണ്. (ഈ അടിമത്തത്തെ കുറിച്ചും കുറച്ച് വിശദമായി നമുക്കു പിന്നീട് സംസാരിക്കാം, ഇൻഷാ അല്ലാഹ്) . ഇനി "ഇല്ല"എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾക്കുള്ള "starting point" ആണ് തൗബ - പശ്ചാത്തപിച്ച് മടങ്ങൽ!!!


തൗബ ചെയ്തു തുടങ്ങിയാൽ ജീവിതത്തിന് ഒരുപാട് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം.

1. പശ്ച്ചാത്തപിച്ചതിനു ശേഷം, ആ തെറ്റെന്നല്ല, പല തെറ്റുകളും ചെയ്യുമ്പോൾ, നമ്മൾക്ക് ഉള്ളിൽ നിന്ന് മുൻപില്ലാത്ത രീതിയിലുള്ള ഒരു ഓർമ്മപെടുത്തൽ ഉണ്ടാകും, അല്ലാഹു ഇതു കാണുന്നുണ്ട് എന്ന്!! ഈ ചിന്ത പലതെറ്റുകളും ചെയ്യുന്നതിൽ നിന്ന് നമ്മളെ പിന്മാറാൻ സഹായിക്കും.

ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച് ബുഖാരി റിപ്പോർട്ട് ചെയ്ത നമ്മളെല്ലാം പല തവണ കേട്ടിട്ടുള്ള ഒരു ഹദീസ് നോക്കാം:

ഇബ്നുഅബ്ബാസ്(റ) പറയുന്നു: "നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിര്ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള് ഒരാള് നന്മ പ്രവര്ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്ത്തിച്ചില്ല. എങ്കില് അവന്റെ ഉദ്ദേശത്തെ ഒരു പൂര്ണ്ണ പുണ്യകര്മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്മ്മം പ്രവര്ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്ത്തിക്കുകയും ചെയ്താല് ആ പുണ്യകര്മ്മത്തെ അല്ലാഹു തന്റെയടുക്കല് പത്തുമുതല് എഴുനൂറ് ഇരട്ടിയായും അതിന് മേല്പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന് ഉദ്ദേശിച്ചു. പക്ഷെ പ്രവര്ത്തിച്ചില്ല. എങ്കില് അതു ഒരുപൂര്ണ്ണമായ സല്ക്കര്മ്മമായി അവന്റെ പേരില് അല്ലാഹു രേഖപ്പെടുത്തും. പ്രവര്ത്തിച്ചാല് മറ്റൊരു ദുഷ്കൃത്യം അവന് ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)". (Reference: http://sunnah.com/bukhari/81/80, http://hadees.hudainfo.com/2010/03/blog-post_4847.html,http://www.qtafsir.com/index.php?option=com_content&task=view&id=877&Itemid=67)


ഇതിൽ കൂടുതൽ എന്ത് വേണം നമുക്ക്, അല്ലേ?


തൗബ കൊണ്ടു ജീവിതത്തിൽ ഉണ്ടാകുന്ന മറ്റു മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയുമായി ഇൻഷാ അല്ലാഹ്, നാളെ തുടരാം...

Wednesday, 27 May 2015

നമ്മുടെ ഇസ്ലാം - 10

നമ്മൾ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് തുടങ്ങാം. ഇസ്ലാമിൽ നിന്നും; അല്ലാഹുവിൽ നിന്നും, അകലാൻ ഉള്ള ചില കാരണങ്ങൾ ആണല്ലോ ഇന്നലെ പറഞ്ഞത്. മുസ്ലിം റിപ്പോർട്ട് ചെയ്ത സഹീഹ് ആയ ഒരു ഹദീസ് നോക്കാം നമുക്ക് - (സഹീഹ് മുസ്ലിം 2749) അബൂ ഹുറൈറ (റ) ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: "എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെത്തന്നെയാണെ (സത്യം), നിങ്ങള് പാപം ചെയ്യുന്നില്ലെങ്കില് ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്ത്തിക്കുകയും ഇസ്തിഗ്ഫാര് ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും."(References: http://sunnah.com/muslim/50/13, http://www.qtafsir.com/index.php?option=com_content&task=view&id=1971&Itemid=95)

ഈ ഹദീസിൽ നിന്ന് നമ്മൾ ഉൾകൊള്ളേണ്ട ചില കാര്യങ്ങൾ ഉണ്ട്:

1. നമ്മളെ സൃഷ്ടിച്ച അല്ലാഹുവിനറിയാം, നമ്മൾ ജന്മനാ പാപങ്ങൾ ചെയ്യാൻ പ്രവണത ഉള്ളവരാണെന്ന്. അത് നമ്മൾ എത്ര മറച്ച് വെച്ചാലും, നമ്മുടെ സൃഷ്ടാവിനു നമ്മളെ അറിയുന്ന പോലെ നമ്മൾക്ക് തന്നെ നമ്മളെ അറിയില്ലല്ലൊ! അത് കൊണ്ട് തിന്മകൾ ചെയ്തു പോയി എന്നത് ഒരിക്കലും ദീനിൽ നിന്നും; അല്ലാഹുവിൽ നിന്നും, അകലാൻ ഉള്ള ഒരു കാരണം അല്ല. എന്നാൽ ഈ ഹദീസ് തിന്മകൾ ചെയ്തു കൊണ്ടിരിക്കാൻ ഉള്ള ഒരു ലൈസൻസും അല്ല. ഇതിനെക്കുറിച്ച് കൂടുതൽ നമ്മൾക്ക് വഴിയെ മനസ്സിലാക്കാം.


2. ഞാൻ തിന്മകൾ ചെയ്യുന്ന പോലെ തന്നെ എന്റെ എല്ലാ സഹജീവികളും (മനുഷ്യർ) തിന്മ ചെയ്യാൻ ഒരു ചായ്വ് ഉള്ളവരാണ്. എന്നെ പോലെ തന്നെ ഓരോരുത്തരും ഓരോ നിമിഷവും സ്വന്തം നഫ്സിനോട്, തന്റെ ഉള്ളിലെ ഇബ്ലീസിനോട്, തന്റെ ഉള്ളിലെ തിന്മയോട് യുദ്ധം ചെയ്ത്, തന്റെ ഉള്ളിലെ നന്മയെ ജയിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. അത് ആരായാലും, ഏത് വലിയ പണ്ഡിതൻ ആയാലും, മാതൃകാ പുരുഷൻ ആയാലും, ഉപദേശകൻ ആയാലും, മതപ്രാസംഗികൻ ആയാലും, അല്ലാഹു എല്ലാരെയും സൃഷ്ടിച്ചിരിക്കുന്നത് പാപങ്ങളോട്; തിന്മയോട് ഉള്ള ചായ്വുമായിട്ടാണ്.

നമ്മളെ ഉപദേശിക്കുന്ന ആരും, പണ്ഡിതന്മാരും, പ്രാസംഗികരും മറ്റു ദഅ്വാ പ്രവർത്തനം നടത്തുന്നവരും, അവർ 100% തികഞ്ഞവർ ആയത് കൊണ്ടല്ല, മറിച്ച് അവർ മനസ്സിലാക്കിയ; അവർ അനുഭവിച്ച, ഒരു നന്മ, ഒരു ശെരി, ഒരു പ്രതിഫലാർഹമായ കാര്യം, ഒരു തിന്മയുടെ ദോഷം - അതെല്ലാം നമ്മളെ കൂടെ അറിയിക്കാനുള്ള, അതിന്റെ ഗുണങ്ങൾ നമ്മൾ കൂടി അനുഭവിക്കാനുള്ള നല്ല മനസ്സ് കൊണ്ടാണ് അവർ അതിനു വേണ്ടി ബുദ്ധിമുട്ടുന്നത്. നമ്മൾ അതു സ്വീകരിക്കില്ലെന്ന് മാത്രമല്ല, ചിലപ്പോൾ അവരെ വെറുക്കും, അവരെ ക്കുറിച്ച് മോശം പറയും എന്നറിഞ്ഞിട്ടും, അവർ അവരുടെ ജീവിതത്തിന്റെ നല്ലൊരു സമയം ദീനിലേക്ക് ക്ഷണിക്കാനും ഉപദേശിക്കാനും വേണ്ടി മാറ്റി വെക്കുന്നത്, അവർ വളരെ നല്ലവരാണെന്ന് കാണിക്കാനല്ല. നമ്മളെ പോലെ തന്നെ കുടുമ്പവും കുട്ടികളും ജോലിയും സമ്പാദ്യവും സുഹൃത്തുക്കളും മറ്റു, സാമാന്യ മനുഷ്യന്റേതായ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉള്ളവരാണ് അവരും. മാത്രമല്ല, സമയവും നമ്മളെ പോലെ അവർക്കും ദിവസത്തിൽ ഇരുപത്തി നാല് മണിക്കൂർ തന്നെ!!


ഇസ്ലാം ഒരിക്കലും "ഞാൻ നല്ലത് നീ മോശം" എന്നു കാണിക്കാൻ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഞാൻ മനസിലാക്കിയ ഒരു നന്മയും അതിന്റെ ഗുണവും ഞാൻ മാത്രം അനുഭവിച്ച്, സുഖിച്ച്, മിണ്ടാതെ എന്റെ കാര്യം മാത്രം നോക്കി ഇരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് ഞാൻ അറിഞ്ഞ നന്മ, ഞാൻ തെറ്റാണെന്ന് മനസിലാക്കിയ തിന്മ, അതു അനുസരിക്കുന്നത് കൊണ്ട് ഞാൻ അനുഭവിക്കുന്ന ഗുണം, അതിൽ നിന്നുണ്ടാകുന്ന മന:സ്സമാധാനം, സന്തോഷം, പ്രതിഫലം, എല്ലാം തന്നെ നീയും കൂടെ അറിഞ്ഞോട്ടെ, അനുഭവിച്ചോട്ടെ എന്നു ചിന്തിക്കാൻ ആണ് പഠിപ്പിക്കുന്നത്. അതു അറിയിക്കുന്നതിനും, അതിലേക്ക് ക്ഷണിക്കുന്നതിനും, അതിനു പിന്നിലെ നല്ല ഉദ്ധേശത്തിനും അല്ലാഹു പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉപദേശം സ്വീകരിക്കുകയൊ നിരാകരിക്കുകയോ ചെയ്യുക എന്നത് കേൾക്കുന്നവന്റെ മാത്രം ഇഷ്ടമാണ്. അതു സ്വീകരിച്ചാലും ഇല്ലെങ്കിലും ഉപദേശിക്കുന്നവന്, അവന്റെ ഉദ്ദേശം ശെരിയാണെങ്കിൽ, അല്ലാഹുവിന്റെ പ്രതിഫലം ഉള്ളത് കൊണ്ട് അവൻ വിഷമിക്കേണ്ട കാര്യവും ഇല്ല. കേൾക്കുന്നവന് തീരുമാനിക്കാം, സ്വയം നഷ്ടക്കാരൻ ആകണോ വേണ്ടേ എന്നത്.


എല്ലാവരും ഒരേപോലെ ഒരേ ലക്ഷ്യത്തിനു വേണ്ടി, അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടി, അവന്റെ പ്രീതിക്ക് വേണ്ടി, മരണാനന്തരം സ്വർഗ്ഗം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി, പരസ്പരം മനസ്സിലാക്കി, ഉപദേശങ്ങൾ നമ്മുടെ സ്വയം നന്മയ്ക്കാണെന്ന് മനസ്സിലാക്കി, മുന്നോട്ട് പോയാൽ, അല്ലാഹു സൂർത്തുൽ ആൽ-ഇമ്രാനിൽ ആവശ്യപ്പെടുന്ന പോലെ (3:103) അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുന്ന ഇസ്ലാമിക സഹോദരന്മാർ ആകുവാൻ ഉള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ കുറയും!!


3. നമ്മൾ എത്രയൊക്കെ തിന്മ ചെയ്താലും, നന്ദികേട് കാണിച്ചാലും, അതെല്ലാം അറിഞ്ഞ് കൊണ്ട് നമ്മളോട് പൊറുക്കാൻ തയ്യാറാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയുന്ന നമ്മുടെ സൃഷ്ടാവിന്റെ സ്നേഹവും കാരുണ്യവും വിശാലതയും! ഇവിടെ വേറെ ഒരു ഹദീസ് കൂടി പറയട്ടെ. "അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തിന്റെ നൂറിൽ ഒരംശം മാത്രമേ ഈ ഭൂമിയിലേക്ക് അവൻ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ളുവെന്നും, ആ ഒരംശം നിമിത്തം മാത്രമാണ് ഈ ഭൂമുഖത്തെ വസ്തുക്കളെല്ലാം പരസ്പരം കാണിക്കുന്ന ദയയെന്നും ബാക്കി തൊണ്ണൂറ്റി ഒൻപത് ഭാഗവും ഖിയാമത്ത് നാളിൽ അല്ലാഹു പ്രത്യക്ഷപ്പെടുത്തുമെന്നും നബി (സ) അരുളി ചെയ്തതായി ഇമാം ബുഖാരി (റ) യും മുസ്ലിം (റ) യും റിപ്പോർട്ട് ചെയ്തിരിക്കുന്നു (സഹീഹ് മുസ്ലിം - 2753)

(References: http://sunnah.com/muslim/50/23, മലയാളം തഫ്സീർ മുഹമ്മദ് അമാനി മൗലവി, പേജ് - 2850).


ഒന്നു ചിന്തിച്ച് നോക്കൂ. ആ നൂറിൽ വെറും ഒരു ഭാഗത്തിന്റെ തന്നെ അർത്ഥവും വ്യാപ്തിയും. അപ്പോൾ ഖിയാമത്ത് നാളിൽ നമുക്ക് വേണ്ടി അല്ലാഹു മാറ്റി വെച്ചിരിക്കുന്ന തൊണ്ണൂറ്റിയൊൻപത് ഭാഗത്തിന്റെ സ്ഥിതി????!!!!!!!!!!!!!!!! ഇത്രയും കാരുണ്യവാനായ, എല്ലാ വിധ അനുഗ്രഹങ്ങളും നമുക്കു തന്നിട്ടും, നമ്മൾ ഇത്രയ്ക്കധികം അവഗണനയും നന്ദികേടും തിരിച്ചു കൊടുതിട്ടും, ഇത്രയ്ക്കു നമ്മളെ സ്നേഹിക്കാം എന്ന് വഗ്ദാനം ചെയ്യുന്ന അല്ലാഹുവിനെ ഒഴിവാക്കി നമ്മൾ എന്തിന്റെ ഒക്കെ, ആരുടെ ഒക്കെ പിന്നാലെ ഓടിയിട്ട് എന്തു നേടാനാണ് എന്ന് നമുക്കു ഒന്നു ചിന്തിച്ചൂടെ? ഒരിത്തിരി നന്ദി കാണിച്ചൂടെ? ഒരിത്തിരി സ്നേഹവും ആത്മാർഥതയും തിരിച്ച് കൊടുത്തൂടെ?


4. ഏറ്റവും പ്രധാനപ്പെട്ട കാര്യം - ഇസ്തിഗ്ഫാർ - "പാപമോചനം തേടൽ". അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് - ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്ന്! ജീവിതത്തിൽ അങ്ങേ അറ്റം നിരാശപ്പെട്ടവർക്കും പ്രത്യാശ തരുന്ന കാര്യം!! എന്നാൽ നമ്മിൽ പലരും പലപ്പോഴും വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത, ഒരുപക്ഷേ ഇന്നു വരെ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ഒന്ന്!! ഒരുപാട് വിശദമായി ചർച്ച ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാലും വളരെ അടിസ്ഥാന പരമായ കാര്യങ്ങൾ എങ്കിലും നമ്മൾക്ക് ഒന്നു നോക്കാം. ഇൻഷാ അല്ലാഹ്, നാളെ തുടരും...

Tuesday, 26 May 2015

നമ്മുടെ ഇസ്ലാം - 9

നമ്മൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് പ്രധാന വിഷയത്തിൽ നിന്നു മാറിപ്പോയില്ലല്ലൊ അല്ലെ? നമ്മുടെ ലക്ഷ്യം ദീനുൽ ഇസ്ലാമിനോടുള്ള സ്നേഹം എങ്ങനെ തിരിച്ചെടുക്കാം എന്നതായിരുന്നു. നമ്മൾ ഇതുവരെ മനസ്സിലാക്കാൻ ശ്രമിച്ച, ഇസ്ലാമിനോടുള്ള യഥാർത്ഥ സ്നേഹത്തിൽ നിന്ന് അകലാനുള്ള കാരണങ്ങൾ എന്തൊക്കെയായിരുന്നു?

ഇപ്രകാരം ചുരുക്കി പറയാം:


1. ഏറ്റവും ആദ്യം പറഞ്ഞത്, നമ്മൾ ഇസ്ലാമിനെകുറിച്ച് അറിഞ്ഞ, മനസ്സിലാക്കിയ രീതിയിലുള്ള പ്രശ്നം. അതായത്, നമ്മളുടെ മേൽ അടിച്ചേൽപ്പിച്ച ഒന്നായിരുന്നു ഇസ്ലാം.


2. നമ്മൾക്കു ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടുള്ള ഇഷ്ടക്കുറവ്. അറിയുംതോറും ഇഷ്ടം കൂടും എന്ന് നമ്മൾ കണ്ടു.


3. നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ധേശത്തെ കുറിച്ചും നമ്മൾക്ക് അല്ലാഹു തന്ന മാനുവലിനെ കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നത്.


4. നമ്മൾ ഒരു കാര്യവും ചിന്തിച്ച് മനസിലാക്കാൻ ശ്രമിക്കാതെ സ്വീകരിക്കുന്ന രീതി.


5. നമ്മൾ അനുകരിക്കുന്ന കാര്യങ്ങൾ ശെരിയാണോ, അതിന്റെ പിന്നിലെ യുക്തി എന്താണ്, അതു ഖുറാനിന്റെം സുന്നത്തിന്റെയും പിൻബലം ഉള്ളതാണോ എന്നു ചിന്തിക്കാതിരിക്കുന്നത്.


ഈ മുകളിൽ പറഞ്ഞ എല്ലാ കാര്യവും അറിവും ചിന്തയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് കാണാം. അപ്പ്പോൾ ഇതു വരെ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും ചുരുക്കം - "നമ്മൾ ദീനിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കണം. കൂടുതൽ ചിന്തിക്കണം" - അപ്പോൾ തന്നെ നമ്മുടെ ദീനിനോടുള്ള സമീപനം മാറും.


ഇനി നമ്മൾ ദീനിൽ നിന്ന് അകലാൻ ഉള്ള വേറെ ചില കാര്യങ്ങൾ ചർച്ച ചെയ്യാം.


അതിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം, നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ചെയ്തു പോയ തിന്മകൾ! നമ്മൾ ഓരോരുത്തരും പുറത്തേക്ക് എത്ര തന്നെ പുണ്യവാന്മാരും പുണ്യവതികളും ആകാൻ ശ്രമിച്ചാലും നമുക്ക് ഓരോരുത്തർക്കും അറിയാം നമ്മുടെ ഒക്കെ ഉള്ളിൽ ഏതെങ്കിലും തരത്തിലുള്ള ഒരു കുറ്റബോധത്തിന്റെ തീ എരിയുന്നുണ്ടെന്ന്. അത് ഓരോരുത്തർക്കും ഓരോ വിധത്തിൽ ആയിരിക്കും, ഓരോ കാരണങ്ങൾ ആയിരിക്കും. എല്ലാർക്കും തന്നെ അതിൽ നിന്ന് കരകയറണം എന്ന് ആത്മാർത്ഥമായ ആഗ്രഹവും ഉണ്ടാകും. പക്ഷെ ഈ കാര്യത്തിൽ നമ്മൾ അധികവും ഇബ്ലീസിനാണ് വിജയം കൊടുക്കുന്നത് എന്ന് മാത്രം. കാരണം നമ്മൾ ഒരിത്തിരി നന്നാകാൻ ശ്രമിച്ചാലും മൂപ്പരു നമ്മളോട് പറയും, ഏതായാലും ഇത്രയും ചെയ്തു, ഇനിയിപ്പൊ ഇതും കൂടി ചെയ്തിട്ട് നന്നാകാം. അതല്ലെങ്കിൽ മൂപ്പരു പറയും ഇത്രയും തെറ്റുകൾ ചെയ്തിട്ട് അല്ലാഹുവിന്റെ മുന്നിൽ ചെന്ന് നിൽക്കുന്നത് എങ്ങനെയാ? അപ്പ്പോൾ നമുക്കും തോന്നും അത് ശെരിയാണെന്ന്. എന്തായാലും


മൂപ്പരുടെ തന്ത്രങ്ങൾ ഒരുപാടൊന്നും പുരോഗമിച്ചിട്ടില്ല. പക്ഷേ നമ്മൾ ആണെങ്കിൽ ഇതേ തന്ത്രങ്ങളോട് എത്ര യുദ്ധം ചെയ്തിട്ടും, എത്ര മനസിലാക്കിയിട്ടും ആ പരീക്ഷയിൽ വീണ്ടും വീണ്ടും തോൽക്കുന്നു എന്ന് മാത്രം!!


ഇതേ പോലെ ഉള്ള വേറെ ഒരു കാരണം ഉണ്ട്, നമ്മൾ ദീനിനോട് അടുക്കാതിരിക്കാൻ. അതിനെ യതാർഥത്തിൽ ഒരു കാരണം എന്ന് പറയാൻ ആവില്ല. നമ്മിൽ പലർക്കും അതൊരു രക്ഷപ്പെടൽ ആണ്. ഇങ്ങനെ ഒരു ഡയലോഗ് നിങ്ങൾ കേട്ടിട്ടുണ്ടോ?: "വലിയ ദീനിബോധം ഉള്ള അവർ ചെയ്യുന്നത് കണ്ടില്ലെ?!! മുഴുവൻ തെറ്റുകളാ! നമ്മൾ ഒന്നുമില്ലെങ്കിലും അത്രയ്ക്കും വിവരം ഉള്ളവരും ദീനിബോധം ഉള്ളവരും


ഒന്നും അല്ലല്ലൊ! ഇത്രയും അറിയുന്ന അവർ ചെയ്ത് കൂട്ടുന്നത് കാണുമ്പോൾ നമ്മൾ ഇങ്ങനെ ഒക്കെ തന്നെ ഇരിക്കുന്നതാ നല്ലത് എന്നാ തോന്നുന്നത്, ദീനിനോട് അടുക്കാൻ തന്നെ പേടിയാ!!"


ഇതിന്റെ ഒരു ഭാഗമെങ്കിലും നിങ്ങൾ പലപ്പോഴും കേൾക്കാറുള്ളതാ!!

ഇനി മുകളിൽ പറഞ്ഞ രണ്ടു കാര്യവും അല്ലാത്ത മൂന്നാമത്തെ ഒരു കാര്യം! നമ്മളിൽ പലർക്കും, നമ്മൾ ചെയ്യുന്നതെല്ലാം ഇസ്ലാമികമായി ശെരിയാണ് എന്ന ഒരു തോന്നൽ ഉണ്ട്. പണ്ട് മദ്രസയിൽ പഠിച്ചതും ബാക്കി കുടുംബപരമായി പകർന്ന് കിട്ടിയതും പിന്നെ കുറച്ച് എവിടെ നിന്നെങ്കിലും ഒക്കെ പ്രസംഗങ്ങളിലും മറ്റും കേട്ടത് കൊണ്ട് തന്റെ ദീനി വിജ്ഞാനം പൂർണ്ണമായി എന്ന് ചിന്തിക്കുന്നവർ. ഇതിൽ ചിലർക്കെങ്കിലും, "ഞാൻ ഒരു തെറ്റും ചെയ്യാറില്ല, ചെയ്യുകയും ഇല്ല. ഞാൻ ഇസ്ലാം എന്താണെന്ന് ശെരിക്ക് മനസ്സിലാക്കിയതാണ്. അതു കൊണ്ട് തന്നെ ഞാൻ ശെരി മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെ ഞാൻ എന്തിനു പശ്ചാത്തപിക്കണം" എന്ന ഒരു ലൈനിൽ ചിന്തിക്കുന്നവരാണ്!! എന്നാലും ശെരിയായ മനസമാധാനം ഇക്കൂട്ടർക്ക് ഉണ്ടാകാൻ സാധ്യതയും ഇല്ല.


ഇപ്പറഞ്ഞ ഏതെങ്കിലും ഒരു കാറ്റഗറിയിൽ ഉള്ളവർ നമ്മളിൽ ഉണ്ടെങ്കിൽ, നമുക്ക് നാളെ ഇതിനെ എങ്ങനെ മറികടക്കും

എന്നതിനെ കുറിച്ച് ചർച്ച ചെയ്യാം, ഇൻഷാ അല്ലാഹ്...

Monday, 25 May 2015

നമ്മുടെ ഇസ്ലാം - 8

നമുക്കറിയാം മനുഷ്യനെ സൃഷ്ടിച്ച കാലം മുതലേ, ഭൂമിയിൽ, ആദം നബി (عليه السّلام) യിൽ തുടങ്ങി മറ്റു പല നബിമാർ മുഖേന അല്ലാഹു ഇസ്ലാം മതവും തൗഹീദുമാണ്‌ പ്രചരിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌. എന്നാൽ ഇന്ന് ഭൂമിയിൽ നൂറു കണക്കിന്‌ മറ്റ് മതങ്ങൾ ഉണ്ട്‌. ഈ മതങ്ങൾ എല്ലാം തന്നെ, അല്ലെങ്കിൽ ഈ മതങ്ങളുടെ വക്താക്കൾ എല്ലാരും തന്നെ നമ്മുടെ പൂർവ പിതാവിന്റെ പരമ്പരയിൽ ഉള്ള മക്കൾ തന്നെയാണ്‌. പക്ഷേ ഏതെങ്കിലും ഒരു കാലഘട്ടത്തിലെ, ഏതെങ്കിലും ഒരു പ്രദേശത്തെ ആൾക്കാർ ഇസ്ലാമിലെ പാഠങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയോ, അതിനെ കുറിച്ച്‌ അശ്രദ്ധരാകുകയൊ, മതത്തിൽ പുതിയ കാര്യങ്ങൾ കൊണ്ട്‌ വരികയോ ചെയ്യുകയും, സാവധാനം ആ പുതിയ കാര്യങ്ങളും ആചാരങ്ങളും ആഘോഷങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ടാകും. ഈ കാര്യങ്ങൾ തലമുറകളായി കൈ മാറി വന്നപ്പോൾ ഇസ്ലാമിക രീതികളിൽ നിന്ന് അവർ കൂടുതൽ അകലുകയും, സാവധാനം പുതിയ മതങ്ങളും വിശ്വാസങ്ങളും ആയി തീരുകയും ചെയ്തിട്ടുണ്ടാകും. പിതാക്കൾ ചെയ്തു വരുന്ന രീതികൾ യാതൊരു ചിന്തയും കൂടാതെ, മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നു നോക്കാതെ, അനുകരിക്കുക എന്നുള്ളത്‌ മനുഷ്യന്റെ പൊതുവെ ഉള്ള ഒരു രീതിയാണല്ലൊ!

സൂറത്തുശ്ശുഅറാഅ് (26) - ഇലെ 69-74 വരെ ഉള്ള ആയത്തുകൾ നോക്കാം. ഇബ്രാഹിം നബി (عليه السّلام) തന്റെ ജനതയോട്‌ വിഗ്രഹാരാധനയെ കുറിച്ച്‌ ചോദിക്കുന്നതാണ്‌ സന്ദർഭം:

26:69 - ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക്‌ നീ വായിച്ചുകേള്‍പിക്കുക

26:70 - അതായത്‌ നിങ്ങള്‍ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം

26:71 - അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു

26:72 - അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ?

26:73 - അഥവാ, അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?

26:74 - അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു ( എന്ന്‌ മാത്രം )!!!!!


അവർ ചെയ്യുന്നത്‌ തെറ്റാണെന്ന് അറിഞ്ഞിട്ടും അവരുടെ പിതാക്കൾ ചെയ്യ്തത്‌ കൊണ്ട്‌ മാത്രം ആണ്‌ അവർ അതു ചെയ്യുന്നത്‌! ഏറെക്കുറെ ഇതേ രീതിയിലുള്ള അനുകരണം തന്നെയാണ്‌ ഇന്നു നമ്മുടെ തലമുറയിലും മതപരമായ, അല്ലെങ്കിൽ ആചാരപരമായ, കാര്യങ്ങളിൽ നടക്കുന്നത്‌. മാതാപിതാക്കൾ എന്ത്‌ ചെയ്തോ, അതിലെ ശെരിയോ തെറ്റോ, മതപരമായ സത്യതയോ, ശരീഅത്തോ, ഖുറാനിന്റെയോ ഹദീസിന്റെയൊ പിൻബലമോ നോക്കാതെ അതേ പടി പകർത്തുക എന്ന രീതി.


ഒരു ചെറിയ ഉദാഹരണം പറയാം. നമ്മുടെ സ്ത്രീകളുടെ പള്ളിപ്രവേശനം തന്നെ! നമ്മളുടെ സഹോദരന്മാർ അധികവും അതിനെ എതിർക്കുന്നതായി കാണാം. എതിർക്കാത്തവരിൽ ചിലർ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതായും കാണാം! എന്തായാലും നമ്മുടെ അറിവിൽ സ്ത്രീകൾ പള്ളിയിൽ പോകാൻ "പാടില്ല" എന്ന് പറയുന്ന ഒരു ഖുറാൻ വചനമോ ഹദീസോ ഇല്ല. മാത്രവുമല്ല നബി (ﷺ) യുടെ പ്രിയപത്നിമാർ പള്ളികളിൽ പോയതായും നമസ്കരിച്ചതായും സഹീഹായ റിപ്പോർട്ടുകളും ഉണ്ട്‌. പക്ഷെ, ഇതിനെ എതിർക്കുന്നവർ ഉപയോഗിക്കുന്നത്‌ 'സ്ത്രീകൾക്ക്‌ വീടുകളാണ്‌ ഉത്തമം.' എന്ന വചനം ആണ്‌. ഇതിനു പിന്നിലെ യുക്തിയാകട്ടെ, നമ്മുടെ സ്ത്രീകളുടെ, അവരുടെ സൗന്ദര്യത്തിന്റെ, അവരുടെ കുലീനതയുടെ സംരക്ഷണം ആണ്‌. അവർ അന്യ പുരുഷന്മാരുടെ മുന്നിലെ കാഴ്ചവസ്തുക്കൾ ആകാതിരിക്കാൻ സൃഷ്ടാവ്‌ മുന്നോട്ട്‌ വെച്ച ഒരു വഴി ആണ്‌. എന്നാൽ ഇതു അനുസരിച്ച് സ്ത്രീകളെ പള്ളിയിൽ പോകാൻ അനുവദിക്കാത്ത, അവർ പള്ളിയിൽ പോകുന്നതിൽ താൽപര്യം കാണിക്കാത്ത സഹോദരന്മാരോടും, പള്ളിയിൽ പോകാത്ത സ്ത്രീകളോടും ഒരു ചോദ്യം. ആരെയും കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ഉള്ള ചോദ്യമല്ല. നമുക്ക്‌ എല്ലാവർക്കും, എനിക്കും നിങ്ങൾക്കും ഒരേ പോലെ ചിന്തിക്കാൻ ഉള്ള ചോദ്യമാണ്‌!!


അന്യസ്ത്രീ പുരുഷന്മാർ ഒരേ ഹാളിൽ ഇടപഴകുന്ന കല്യാണ ഹാളുകളിൽ, ഇറുകിപ്പിടിച്ച ബ്ലൗസുകളും, അരയോളം സ്ലിറ്റുകൾ ഉള്ള ചുരിദാറുകളും, എപ്പോ വേണെങ്കിലും നമ്മൾ അറിയാതെ സ്ഥാനം മാറിക്കിടക്കാവുന്ന ഷാളുകളും ഇട്ട്‌ നമ്മൾ പോകാറില്ലേ? അന്യപുരുഷനും സ്ത്രീകളും തൊട്ടും ഉരുമ്മിയും നിൽക്കുന്ന ഷോപ്പിംഗ്‌ സെന്ററുകളിലും ഷോപ്പിംഗ്‌ മാളുകളിലും സിനിമാ തീയറ്ററുകളിലും നമ്മൾ പോകാറില്ലേ! നമ്മളെ പള്ളികളിൽ പോകാൻ പ്രോത്സാഹിപ്പിക്കാത്ത ഉപ്പമാരോ, ഭർത്താക്കന്മാരോ സഹോദരന്മാരോ കൊണ്ട്‌ പോകാറില്ലേ? ആൺകുട്ടികളും പെൺകുട്ടികളും ഒരേ കാമ്പസിൽ ഉളള കോളെജുകളിൽ നമ്മളുടെ പ്രായപൂർത്തിയായ പെൺകുട്ടികളെ അയക്കുന്നില്ലേ? നമ്മളുടെ മഹറം ആയി ഇസ്ലാം നിർവചിക്കാത്ത പുരുഷന്മാർ നമ്മുടെ വീടുകളിൽ വരാറും അടുത്തിടപഴകാറും ഇല്ലേ?? അപ്പൊൾ പിന്നെ നമ്മൾ സ്ത്രീകൾക്ക്‌ മാത്രമായി പ്രത്യേകം സ്ഥലമൊരുക്കി വെച്ചിരുക്കുന്ന, നമുക്ക്‌ മാത്രമായി പുരുഷന്മാർ കാണാത്ത പ്രത്യേകം വഴി ഒരുക്കി വെച്ചിരിക്കുന്ന, നമ്മുടെ മതം എന്തെന്ന് അറിയാൻ നമ്മെ സഹായിക്കുന്ന, പള്ളികൾ മാത്രമാണോ നമുക്ക്‌ നിഷിദ്ധം??!!! നമ്മൾ ആരെയാണ്‌ അനുസരിക്കാൻ ശ്രമിക്കുന്നത്‌, ആരെയാണ്‌ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്‌?



ഇതിനു നിങ്ങളെയോ നിങ്ങളുടെ സഹോദരന്മാരെയോ ഭർത്താവിനെയോ ഉപ്പയെയോ പറഞ്ഞിട്ട്‌ കാര്യമില്ല. ഇതു മനുഷ്യൻ ഉണ്ടായ കാലം മുതലേ ഉള്ളതാണ്‌. മുന്നെ ഉള്ള തലമുറയെ അന്ധമായി അനുകരിക്കൽ. അതു ഇസ്ലാമികവും ആചാരപരവുമായ കാര്യങ്ങളിൽ പ്രത്യേകിച്ചും.



ഇങ്ങനെ ഇസ്ലാമിനെ മറന്ന് അനുകരിച്ച്‌ അനുകരിക്കാൻ പ്രേരിപ്പിച്ച്‌, സാവധാനം ഇസ്ലാമിൽ നിന്ന് അകന്ന് മറ്റൊരു വിശ്വാസസമൂഹത്തിനു നമ്മൾ വഴി കൊടുക്കുകയാണൊ എന്ന് ആർക്കറിയാം!! ഇപ്പൊഴത്തെ അമുസ്ലിംകൾ പലരും അവരുടെ പൂർവികർ ചെയ്ത ഇതുപോലത്തെ അശ്രദ്ധ കാരണം ഇസ്ലാമായി ജനിക്കാൻ ഭാഗ്യമില്ലാതെ പോയവരാണ്‌. ഇനി നമ്മുടെ അടുത്ത തലമുറകളെ കൂടെ ആ രീതിയിൽ ആണോ നമ്മൾ ഉണ്ടാക്കിയെടുക്കാൻ പോകുന്നത്‌? അമുസ്ലിംകളെ കൂടെ ഇസ്ലാമിലേക്ക്‌ വഴി കാണിക്കാൻ ഉത്തരവാദിത്വം ഉള്ള നമ്മൾ, നമ്മുടെ മക്കളെയും അവരുടെ രീതികളിലേക്ക്‌ വഴി കാണിച്ച്‌ കൊടുക്കുകയല്ലേ ചെയ്യുന്നത്‌? നമ്മൾ സ്വയം ഇസ്ലാം എന്തെന്ന് അറിയാൻ ശ്രമിക്കാതെ എങ്ങനെ നമ്മുടെ മക്കളെ ഇസ്ലാം പഠിപ്പിക്കും? നമ്മുടെ സ്ത്രീകൾക്ക്‌ ഇസ്ലാം എന്തെന്ന് അറിയാൻ ഉള്ള അവസരം ഒരുക്കി കൊടുക്കാതെ അവർ വളർത്തി കൊണ്ടു വരുന്ന മക്കൾക്ക്‌ എങ്ങനെ അല്ലാഹുവിന്റെ മാർഗ്ഗദർശനം ലഭിക്കും? നമ്മൾ ചെയ്യേണ്ടത്‌ ചെയ്യാതെ സമൂഹത്തെയും കൂട്ടുകെട്ടിനെയും കാലഘട്ടത്തെയും ഇന്റർനെറ്റിനെയും മൊബെയിൽ ഫോണുകളെയും പഴി പറഞ്ഞാൽ നമുക്ക്‌ നാളെ സൃഷ്ടാവിന്റെ കോടതിയിൽ രക്ഷ നേടാൻ ആകുമോ!?


(ഇൻഷാ അല്ലാഹ്‌... തുടരും...)




നമ്മുടെ ഇസ്ലാം - 7

എന്തു കൊണ്ട് മനുഷ്യനെയും ജിന്നുകളെയും എടുത്ത് പറഞ്ഞു? എന്താണ് മറ്റു സൃഷ്ടിപ്പുകളിൽ നിന്ന് മനുഷ്യനും ജിന്നുകൾക്കും ഉള്ള വ്യത്യാസം? എന്താണ് ഇക്കൂട്ടരുടെ സൃഷ്ടിപ്പിന്റെ ഉദ്ധേശത്തിലുള്ള വ്യത്യാസം? എന്താണ് ഇക്കൂട്ടരുടെ ആരാധനയിൽ ഉള്ള വ്യത്യാസം? നമുക്കു നോക്കാം.


(മുഹമ്മദ്‌ അമാനി മൗലവിയുടെ ഖുറാൻ മലയാളം തഫ്സീറിലെ സൂറത്തുദ്ദാരിയാത്ത്‌ -56ആം ആയത്തിന്റെ വിശദീകരണത്തിൽ നിന്ന്...) അല്ലാഹു സൃഷ്ടിച്ചതിൽ ബുദ്ധിജീവികളായ രണ്ടേ രണ്ട് വർഗ്ഗം ആണു ജിന്ന് എന്ന ഭൂതവർഗ്ഗവും മനുഷ്യവർഗ്ഗവും! സ്വന്തമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തീരുമാനം എടുക്കുവാനും ഉള്ള കഴിവ് അല്ലാഹു ഈ രണ്ട് കൂട്ടർക്കും നൽകിയിട്ടുണ്ട്.നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിശേഷ ബുദ്ധിയും വേണ്ടത് തിരഞ്ഞെടുക്കനുള്ള സ്വാതന്ത്ര്യവും നമ്മുടെ സൃഷ്ടിപ്പിന്റെ;മനുഷ്യന്റെയും ജിന്നിന്റെയും സൃഷ്ടിപ്പിന്റെ പ്രത്യേകതകൾ ആണ്. എന്നാൽ തന്നെയും, ഉള്ള ബുദ്ധി ഉപയോഗിച്ച് നമ്മൾ ചിന്തിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പോരായ്മകൾ ഇല്ലാതാക്കാനും; സ്വാതന്ത്ര്യം കാരണം തിന്മയുടെ മാർഗ്ഗം തെരഞ്ഞെടുക്കാൻ സാധ്യത ഉള്ളതു കൊണ്ട് നന്മയുടെ മാർഗത്തിലേക്കുള്ള വഴി കാണിക്കാനും, വേണ്ട കാര്യങ്ങൾ അല്ലാഹു നബിമാർ മുഖേന ചെയ്തിട്ടും ഉണ്ട്. അപ്പോൾ നമ്മളുടെ ബുദ്ധിയും വിവേചന ശക്തിയും ഉപയോഗിച്ച്; നമുക്കു ലഭിച്ചിട്ടുള്ള മാർഗ ദർശനം ഉപയോഗിച്ച് നമ്മൾ അല്ലാഹുവിനെ ആരാധിക്കണം, ആ ആരാധനയാണ് ഈ രണ്ട് വിഭാഗത്തിന്റെയും സൃഷ്ടിപ്പിന്റെ ഒരേ ഒരു ഉദ്ധേശം!!


എന്നാൽ മറ്റു സൃഷ്ടികൾ ആകട്ടെ, മരങ്ങളും, മലകളും, പക്ഷികളും, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം തന്നെ, അവർ ആരാധിക്കുന്നത്, അവരുടെ ചിന്താശേഷി ഉപയോഗിച്ചോ സ്വാതന്ത്ര്യം ഉപയോഗിച്ചോ, നന്മയും തിന്മയും മനസ്സിലാക്കിയിട്ടോ അല്ല!മറിച്ച്, അവരുടെ സൃഷ്ടിപ്പിന്റെ ഭാഗമായി, നിർബന്ധപൂർവം അവർ ചെയ്യുന്ന പ്രണാമം ആണ് അത്. ജിന്നുകളുടെയും മനുഷ്യന്റെയും ആരാധനയും മറ്റു സൃഷ്ടികളുടെ ആരാധനയും തമ്മില് അപ്പോൾ വളരെ വ്യക്തമായ വ്യത്യാസം ഉണ്ട്, എന്നു മാത്രമല്ല, ജിന്നുകളെയും മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചത്, “അവരുടെ ഇച്ഛാപൂർവം ഉള്ള ആരാധനയ്ക്കു വേണ്ടിയാണ്. അതായത്, അവരുടെ ഇഷ്ടത്തോട് കൂടിയുള്ളത്, അവർ ആ ആരാധനയുടെ കഴമ്പ് മനസ്സിലാക്കിയതിനു ശേഷം ചെയ്യുന്നത്,നിർബന്ധപൂർവം അല്ലാത്തത്! ആരാധന ആണ് ശെരി, ആ മാർഗ്ഗം ആണ് ശെരി എന്നു മനസ്സിലാക്കിയിട്ടുള്ള ആരാധന!!!." അതിനു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്! എന്നാൽ ശെരിക്ക് എന്താണ് നടക്കുന്നത്? നമ്മളിൽ നിന്നു അല്ലാഹു ആവശ്യപ്പെടുന്ന ആരാധനയാണോ നമ്മൾ കൊടുകുന്നത്? അതോ മറ്റു,ബുദ്ധിയും വിവേചന ബോധവും ഇല്ലാത്ത സൃഷ്ടികളായ മരങ്ങളും മലകളും ഒക്കെ ചെയ്യുന്ന പോലെ ഉള്ള, നിർബന്ധപൂർവമായ ആരാധന ആണോ നമ്മൾ ചെയ്യുന്നത്? ആ നിർബന്ധ പൂർവമായ ആരാധനയാണോ നമ്മൾ അടുത്ത തലമുറയ്ക്കും കൈമാറുന്നത്‌? നമ്മുടെ സൃഷ്ടിപ്പിന്റെ സവിശേഷതയെ, അല്ലാഹു നമ്മൾക്ക് തന്ന പ്രത്യേക ബഹുമാനത്തെ, സ്ഥാനത്തെ, കഴിവിനെ ഒക്കെ നമ്മൾ അവഗണിക്കുകയല്ലേ ചെയ്യുന്നത്? അല്ലാഹുവിനെ തന്നെ പരിഹസിക്കുകയല്ലെ ചെയ്യുന്നത്?


(ഇൻഷാ അല്ലാഹ്‌, തുടരും....)