Pages

Wednesday, 6 May 2015

പൊള്ളുന്ന യാഥാർത്ഥ്യം


ഒരിക്കൽ ഖലീഫ ഉമർ (റ) മദീനയിൽ രാത്രി സഞ്ചാരത്തിനു ഇറങ്ങിയതായിരുന്നു. അദ്ധേഹം ഒരു വീടിനു മുന്നിലൂടെ കടന്നു പോകുമ്പോൾ ആ വീടിനകത്തു നിന്നും ഒരു സ്ത്രീ ഇപ്രകാരം പറയുന്നത് കേട്ടു : "എന്റെ പ്രിയൻ എന്റെ കൂടെ കളിക്കാൻ ഇല്ലാത്തതു കൊണ്ട് രാത്രിക്ക് ഒരുപാട് നീളവും വല്ലാത്ത ഇരുട്ടും, അല്ലാഹുവാണെ, അല്ലാഹുവിനോടുള്ള ഭയവും അതു മൂലം ഉള്ള പാതിവ്രത്യവും ഇല്ലായിരുന്നെങ്കിൽ, ഇപ്പൊ എന്റെ കീഴിൽ ഈ കട്ടിൽ കിടന്നു ഇളകുന്നുണ്ടാകുമയിരുന്നു."
ഉമർ (റ) ഉടനെ തന്നെ ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ചു. അവർ ഇന്നിന്ന സ്ത്രീ ആണെന്നും അവരുടെ ഭർത്താവു അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മസമരം ചെയ്യാൻ പോയിരിക്കുകയാകയാൽ അവർ അവിടെ തനിച്ചാണെന്നും അദ്ദേഹത്തിനു അറിയാൻ സാധിച്ചു. അദ്ദേഹം ഉടൻ തന്നെ മറ്റൊരു സ്ത്രീയെ അവർക്കു കാവലിനായി അയക്കുകയും അവരുടെ ഭർത്താവിനെ വിളിക്കാൻ ആളെ വിടുകയും ചെയ്തു.

അദ്ധേഹം സ്വന്തം മകളും മുഹമ്മദ് (സ)യുടെ ഭാര്യയുമായിരുന്ന ഹഫ്സ (റ) യുടെ അടുത്ത് ചെന്നു ചോദിച്ചു: "ഓഹ് ഹഫ്സാ, ഒരു സ്ത്രീക്ക് ഭർത്താവില്ലാതെ എത്ര നാൾ സഹിക്കാൻ പറ്റും?!" ഹഫ്സ (റ) പറഞ്ഞു: "സുബ് ഹാനല്ലാഹ്! താങ്കളെ പോലുള്ള ഒരാൾ എന്നോട് ഇതു പോലെ ഒരു ചോദ്യം ചോദിക്കുന്നൊ? അദ്ദേഹം പറഞ്ഞു: "നമ്മുടെ മുസ്ലിം ഉമ്മത്തിനെ ബാധിക്കുന്ന ഒരു തീരുമാനം എടുക്കാൻ ആയിരുന്നില്ലെങ്കിൽ, ഞാൻ ചോദിക്കില്ലയിരുന്നു. ഹഫ്സ (റ) പറഞ്ഞു: അഞ്ചു മാസം അല്ലെങ്കിൽ ആറു മാസം. അപ്രകാരം അദ്ദേഹം ജിഹാദിനു വേണ്ടി പുറപ്പെടുന്ന മുസ്ലിം സഹോദരന്മാർക്ക് ആറു മാസത്തെ കാലാവധി നിശ്ചയിച്ചു. അതിനു ശേഷം ഒരു മാസം വീട്ടിലേക്കുള്ള യാത്രയ്ക്കും നാലു മാസം വീട്ടിൽ താമസിക്കുന്നതിനും അതിനു ശേഷം ഒരു മാസം തിരിച്ചുള്ള യാത്രയ്ക്ക്കും.

ഇസ്ലാമിൽ അല്ലാഹു ഏറ്റവും കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്ന സൽക്കർമ്മം ആണു ജിഹാദ്. അതിനേക്കാൾ പ്രാധാന്യം, ഇസ്ലാമിനെയും മുഹമ്മദ് (സ) യെയും സ്വന്തം ജീവനെക്കാൾ സ്നേഹിച്ചിരുന്ന, ഉമർ (റ) കൊടുത്തിരിക്കുന്നത് ഭാര്യയ്ക്ക് സാമീപ്യം കൊടുക്കുക എന്നുള്ള ഭർത്താവിന്റെ കടമയ്ക്കാണ്. ഇത്രയ്ക്ക് മനോഹരമായി ഭാര്യ-ഭർതൃ ബന്ധം കാണുന്ന നമ്മുടെ ഇസ്ലാമിൽ ഇന്നു എന്തിനാണ് ഭാര്യാ ഭർത്താക്കന്മാർ അകന്നു ജീവിക്കേണ്ടി വരുന്നത്?

ജിഹാദിനാണൊ? അല്ല! മറിച്ച് ജീവിതത്തിന്റെ ആഢംബരങ്ങൾക്ക് വേണ്ടി അല്ലേ? മൂന്നു നേരത്തെ ഭക്ഷണം സ്വന്തം നാട്ടിൽ ഉണ്ടാക്കാൻ കഴിയാത്തവരാണൊ ഇന്ന് ഭാര്യമാരെ വർഷങ്ങളോളം നാട്ടിൽ ഉപേക്ഷിച്ച് വിദേശത്ത് പോയി കഷ്ടപ്പെട്ട്‌ ജീവിതം കളയുന്നത്? ഒരിക്കലും അല്ല!

അല്ലാഹു ഖുറാനിൽ സൂറത്തു ത്വാഹയിൽ പറഞ്ഞിരിക്കുന്നു (ആയ: 132) "നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല, നിനക്ക് നാം ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം" ഈ ധർമനിഷ്ഠ എവിടെ? അല്ലാഹു തരും എന്നു ഉറപ്പിച്ച് പറയുന്ന ഈ ഉപജീവനത്തിനു വേണ്ടിയാണൊ, ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്നത്?

ഈ കഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും അല്ലാഹു ഏറ്റവും വെറുത്ത, ശപിച്ച, പലിശയ്ക്കു കടം എടുത്ത് അതു വീട്ടുന്നവരും ആയിരിക്കും എന്നുള്ളതാണു അതിനേക്കാൾ വ്യസനം ഉള്ള കാര്യം! ഈ കടങ്ങൾ എടുപ്പിക്കുന്നതൊ? അവർക്ക് മാതൃകയാകേണ്ട സ്വന്തം മാതാപിതാക്കളും! കാരണമോ അവരുടെ ദുരഭിമാനം, ആളുകളുടെ മുന്നിലുള്ള പ്രശസ്തി, നാലാളെ കാണിക്കാൻ ഉള്ള വീട്, ഭൂസ്വത്ത്‌, കാർ ഇതെല്ലാം!

അസർ നമസ്കാരത്തിനു പള്ളിയിൽ പോകുമ്പോ സ്വന്തം വിവാഹം വിളിച്ച് പറഞ്ഞ്, മഗ്രിബ് നമസ്കാരത്തിനു കൂടുന്ന ആളുകൾക്ക് വലീമത്ത് കൊടുത്തുള്ളതായിരുന്നു നബി (സ) നമ്മൾക്ക് കാണിച്ച് തന്ന വിവാഹ രീതി. എന്നാൽ ഇന്നോ? ആ വിവാഹത്തിനു വേണ്ടി വീടു പുതുക്കി പണിയാനും, വിവാഹ ദിവസം ആളുകളെ കാണിക്കാൻ വില കൂടിയ വസ്ത്രങ്ങളും, സ്വർണ്ണാഭരണങ്ങളും മറ്റു അനാവശ്യ സാധനങ്ങളും വാങ്ങാനും വേണ്ടി പലിശ കൊടുത്ത് മക്കളെ കൊണ്ട് ലോൺ എടുപ്പിക്കുന്ന മാതാപിതാക്കൾ! ഇതെല്ലാം കാരണം, സ്വപ്നം കണ്ടു നടന്ന സ്വന്തം വൈവാഹിക ജീവിതം ത്യജിച്ച്, അന്യനാട്ടിൽ പോയി മനസ്സിന്റെ ഭാരം പേറി ഏറെ രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കാൻ തയാറാകുന്ന ആൺമക്കൾ! അവർ അറിയുന്നില്ല എന്ത്‌ മാരകമായ തെറ്റാണ്‌ അവർ ചെയ്യുന്നത്‌ എന്ന്! അല്ലാഹു അനുഗ്രഹിച്ച, അനുവദിച്ച, സുന്നത്താക്കിയ സ്വന്തം ഭാര്യയോടൊത്ത്‌ ഉള്ള ദാമ്പത്യ ജീവിതം ത്യജിക്കുന്ന അവർ "സ്വന്തം മാതാവിനെ വ്യഭിജരിക്കുന്നതിനു" തുല്യമായി ആല്ലാഹു പറഞ്ഞിരിക്കുന്ന പാപമാണ്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ എന്നു അവർക്ക്‌ മനസ്സിലാക്കാൻ കഴിയുന്നില്ല. കാരണം ഇവരുടെ മാതാപിതാക്കളിൽ അധികവും ഈ മക്കൾക്ക് യതാർഥ ഖുർ-ആനും സുന്നത്തും പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല. പകരം, നീ ആളുകളെ കൊണ്ട് പറയിപ്പിക്കരുതു, ആളുകളുടെ മുന്നിൽ ചീത്ത പ്പേരു വരുത്തരുതു, മാതാപിതാക്കളെ അക്ഷരം പ്രതി അനുസരിക്കണം, നാട്ടു നടപ്പ്‌ തെറ്റിക്കരുതു എന്നൊക്കെ ആവും പറഞ്ഞിട്ടുണ്ടാവുക. അല്ലാഹു വിലക്കിയത്‌, അത്‌ എന്തായാലും, മാതാപിതാക്കൾ പറഞ്ഞാൽ പോലും അവരെ നല്ല ഭാഷയിൽ പറഞ്ഞ് മനസ്സിലാക്കി അതിൽ നിന്ന് മാറി നിൽക്കണം, തിന്മയെ വിരോധിക്കണം, കൈ കൊണ്ട്‌, വാക്കു കൊണ്ട്‌ അല്ലെങ്കിൽ ഹൃദയം കൊണ്ട്‌ വെറുത്തിട്ടെങ്കിലും തിന്മയിൽ നിന്ന് അകന്ന് നിൽക്കണം എന്നൊക്കെ അറിയണമെങ്കിൽ, അങ്ങനെ ഒക്കെ ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്ന് അറിയണമെങ്കിൽ, അതിന്റെ ബാല പാഠങ്ങൾ അവർ സ്വന്തം മാതാപിതാക്കളിൽ നിന്ന് മനസ്സിലാക്കണം.

ഇങ്ങനെ ഉള്ള ആണ്മക്കൾ വിവാഹം കഴിക്കുന്ന പെൺകുട്ടികളും ഇതേപോലെ അല്ലാഹു എന്തു പറഞ്ഞു എന്ന് അറിയാത്തവരാണെങ്കിൽ?? അവരുടെയും മാതാപിതാക്കൾ അവരെ ഇതേ പോലെ ആണു വളർത്തിയതെങ്കിൽ!!! ഈ ജീവിത സാഹചര്യങ്ങൾ, ഭർത്താവിന്റെ അസാന്നിധ്യം, അവരെ വേറെ പല ദുർനടപ്പിലേക്കും അല്ലാഹു അനുവദിക്കാത്ത പല ബന്ധങ്ങളിലേക്കും കാൽ വെക്കുന്നതിനുള്ള ഉള്ള ഒരു കാരണം ആവുകയും ചെയ്യും. നമ്മുടെ സമൂഹത്തിൽ ഇന്നു നാം ഒരുപാടു കാണുന്ന ഒരു സത്യവും ആണ്‌ അതു!

എന്നാൽ ഒരിത്തിരി അല്ലാഹുവിനെ ഭയക്കുന്ന, ഇസ്ലാമിക വിദ്യാഭ്യാസം ഉള്ള ഒരു പെൺകുട്ടിയാണ് ആ വീട്ടിൽ വരുന്നതെങ്കിൽ, അവളുടെ പിന്നീടുള്ള ജീവിതത്തിൽ പിന്നെ അല്ലാഹുവിനെ ഭയപ്പെടാനോ ഇബാദത്തുകൾക്ക്കോ സമയം കാണില്ല എന്നുള്ളത് വേറെ ഒരു വസ്തുത. കാരണം ആ വീട്ടിൽ പേടിക്കേണ്ടത് അല്ലാഹുവിനെ അല്ലല്ലൊ! നാട്ടുകാരെയും സമൂഹത്തെയും 'അവർ എന്തു പറയും', 'ഇവർ എന്ത്‌ വിചാരിക്കും' എന്നുള്ള ചിന്തകളെയും അവരിൽ നിന്നുള്ള അനാവശ്യ ചോദ്യങ്ങളെയും ആണ്‌. അഥവാ ആ പെൺകുട്ടി അല്ലാഹുവിനെ മാത്രം ഭയപ്പെട്ടു നാട്ടുകാരെ ഭയപ്പെടാതിരുന്നാലൊ!! അന്ന് മുതൽ ഇസ്ലാമും അതിന്റെ എല്ലാ നിയമവശങ്ങളും ആ വീട്ടിൽ കുടിയേറി പാർപ്പ് തുടങ്ങും. പിന്നെ ഭർത്താവിനോടുള്ള കടപ്പാടുകളാായി,അദ്ദേഹത്തിന്റെ മാതാപിതാക്കളോടുള്ള കടപ്പാടുകളായി, അവൾ കുടുംബ ബന്ധം മുറിക്കുന്നവളായി, നരകശിക്ഷയുടെ ഏറ്റവും വലിയ അവകാശി ആയി, എന്നു തുടങ്ങി അവൾ ചെയ്യാത്ത തെറ്റുകൾ ഒന്നും കാണില്ല!
ഇതൊന്നും പോരാത്തതിനു, എല്ലാം ത്യജിച്ച്‌ മറ്റൊരു നാട്ടിൽ ഏകാന്ത വാസം നടത്തുന്ന സ്വന്തം മകൻ ഭാര്യയെ നിലക്ക് നിർത്താൻ തന്റേടം ഇല്ലാത്തവനായി! അതു പറഞ്ഞും, അനാവശ്യവും അല്ലാഹുവിന്റെ കോടതിയിൽ വിലപ്പോകാത്ത "സെന്റിമെന്റ്സും" ആയി അവന്റെ ജീവിതം കൂടെ നാശമടയ്ക്കുംബൊ ഈ മാതാപിതാക്കൾക്കും, അവരുടെ സഹായികളായ മറ്റു മക്കൾക്കും, പ്രത്യേകിച്ച് എന്ത് വന്നാലും സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള, എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ കയ്യിട്ട്‌ അവരുടെ ജീവിതം ഇല്ലാതാക്കിയിട്ട്‌ കുറച്ച്‌ മുതലക്കണ്ണീരിൽ ഒതുക്കി സഹതാപം നേടാൻ മിടുക്കികളായ, ഈ മാതാപിതാക്കളുടെ പെണ്മക്കൾക്കും തൃപ്തിയാകും. അവന്റെയും അവളുടെയും, അവർക്ക്‌ മക്കളുണ്ടെങ്കിൽ ആ മക്കളുടെയും ജീവിതം വീണ്ടും കയ്യാലപ്പുറത്തെ തേങ്ങ പോലെ!!

നമ്മുടെ സമൂഹം ഈ അനാചാരത്തിൽ നിന്നും, ഗൾഫ് എന്ന ഈ അപകടത്തിൽ നിന്നും കരകയറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ഇസ്ലാം സമൂഹത്തിൽ അല്ലാഹു എന്താണ് പഠിപ്പിച്ചത് എന്ന് മനസ്സിലാക്കി വിവാഹ ജീവിതം നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വളർന്ന് വരുന്ന സമൂഹത്തെ ഇനിയെങ്കിലും നമ്മൾ ബോധവാന്മാരും ബോധവതികളും ആക്കിയേ മതിയാകൂ. ഒരുപാട് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ജീവിതം ആണു ഈ പലിശ എന്ന നാശം പിടിച്ച് വസ്തുവിനു വേണ്ടി ഗൾഫിൽ പോയി ജീവിച്ച്‌ ഇല്ലാതാക്കുന്നത്‌. ഈ പെൺകുട്ടികളെ ഒന്നും സ്വന്തം മാതാപിതാക്കൾ പോറ്റാൻ കഴിയാത്തത് കൊണ്ടല്ല കെട്ടിച്ച് വിടുന്നത് എന്നും, മറിച്ച് അവർക്ക് ഒരു ദാംബത്യ ജീവിതത്തിനു വേണ്ടി ആണു എന്നും, സ്വന്തം പെണ്മക്കളുടെതു പോലെ തന്നെ അവരുടെയും ശാരീരികവും മാനസികവും സാംബത്തികവും മതപരവുമായ ജീവിതത്തിന്റെയും ആവശ്യങ്ങളുടെയും പൂർണ്ണതയ്ക്ക് വേണ്ടി ആണു എന്നും, ഈ ആണ്മക്കളുടെ മാതാപിതാക്കൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പെൺകുട്ടികൾക്ക്‌ സ്നേഹിക്കാൻ സ്വന്തമായി മാതാപിതാക്കൾ ഇല്ലാത്തതു കൊണ്ടു തങ്ങളെ മാതാപിതാക്കളായി കണ്ടു സ്നേഹിക്കാൻ വേണ്ടിയും, തങ്ങളുടെ വീട്ടിലെ വീട്ടു ജോലി ചെയ്യാനുള്ള അതിയായ ആഗ്രഹം കൊണ്ടും, തങ്ങളുടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ ഉള്ള അഭിമാനം സംരക്ഷിക്കാൻ വേണ്ടിയും അല്ല എന്നും ഈ 'ആളുകളെ കാണിക്കാൻ വേണ്ടി മാത്രം' ജീവിക്കുന്ന സ്നേഹമയീമയന്മാരായ മാതാപിതാക്കൾ പലപ്പോഴും സൗകര്യപൂർവം മറക്കുന്നു എന്നത് അത്യധികം ചിന്തനീയമായ ഒരു വസ്തുത ആണ്! ഇതിനെല്ലാറ്റിനും ഉപരി, ഇതൊക്കെ അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും എല്ലാറ്റിനും നേരെ കണ്ണടയ്ക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരും പ്രവർത്തകരും!! നിസഹായരായി സ്വന്തം ജീവിതം, മറ്റു എല്ലാ പെൺകുട്ടികളെയും പോലെ എല്ലാവിധ സന്തോഷങ്ങളും അവകാശങ്ങളും അർഹിക്കുന്ന തുളുംബുന്ന യൗവ്വനം, ഒന്നിനുമില്ലാതെ ആർക്കുമില്ലാതെ കണ്ണുനീരിനൊപ്പം ഒലിച്ച്‌ തീരുന്നതും നോക്കി നിൽക്കേണ്ടി വരുന്ന പെൺകുട്ടികൾ, അവരുടെ കണ്ണു നീരു കണ്ട്‌ ഉള്ളുരുകി ജീവിതം തീർക്കാൻ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കളും!!

എന്നാണ്‌ നമ്മുടെ സമൂഹം
ഒന്നു ഉണരുന്നത്‌? എന്നാണ്‌ നമുക്കു ഈ ജീവിതവും അനുഗ്രഹങ്ങളും ആയുസ്സും സൗഭാഗ്യങ്ങളും ഉപജീവനവും തന്ന സ്രഷ്ഠാവിനു വേണ്ടി നമ്മൾ ജീവിച്ച്‌ തുടങ്ങുക? എന്നാണ്‌ നമുക്കു മാർഗ്ഗ ദർശനമായി തന്ന ഖുറാനും സുന്നത്തും നമ്മളെ എന്താണ്‌ പഠിപ്പിച്ചത്‌ എന്ന് നമ്മൾ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക?? ഈ വ്യർഥമായ ഇഹലോക ജീവിതത്തിനു പിന്നാലെ ഓടി തീർന്നിട്ട്‌, എപ്പോഴാണ്‌ നമ്മൾക്ക്‌ പരലോകത്തിനു വേണ്ടി ഒരുങ്ങാൻ സമയം കിട്ടുക?ചിന്തിക്കേണ്ടിയിരിക്കുന്നു! പ്രവർത്തിക്കേണ്ടിയിരിക്കുന്നു!!

അല്ലാഹു നമ്മെ എല്ലാവരെയും നേരായ മാർഗ്ഗത്തിലേക്ക്‌ നയിക്കുകയും നേരിൽ ഉറപ്പിച്ച്‌ നിർത്തുകയും ചെയ്യുമാറാകട്ടെ! ആമീൻ

No comments:

Post a Comment