Pages

Thursday, 21 May 2015

നമ്മുടെ ഇസ്ലാം – 1

അസ്സലാമു അലൈക്കും.

നഷ്ടപെട്ടുകഴിഞ്ഞ ഒരു ബന്ധം, ഒരു സ്നേഹം - നമ്മുടെ ദീനുൽ ഇസ്ലാമിനോടുള്ള സ്നേഹം - തിരിച്ചു കൊണ്ടു വരാനും, നമ്മുടെ സൃഷ്ടാവുമായുള്ള ബന്ധത്തിന്റെയും നമ്മുടെ നിലനിൽപിന്റെയും ചില അടിസ്ഥാന കാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ നമ്മളുടെ മനസ്സുകളെ ഒന്നുകൂടെ ഒന്ന് ഓർമ്മിപ്പിക്കുവാനും ഉള്ള എന്റെ ഒരു ചെറിയ ശ്രമം ആണ്‌ "നമ്മുടെ ഇസ്ലാം" എന്ന ഈ പോസ്റ്റ്‌. ഇതു വായിക്കുവാനും ഷെയർ ചെയ്യുവാനും അതിലൂടെ ഉള്ള അനുഗ്രഹത്തിനും പ്രതിഫലത്തിനും വേണ്ടി ദു:ആ ചെയ്യുവാനും അപേക്ഷിക്കുന്നു.

-ആയിഷ-



നമ്മുടെ ഇസ്ലാം – 1


എന്താണ്‌ നമ്മളുടെ മനസ്സിലെ ഇസ്ലാം? നമ്മൾ എന്നെങ്കിലും ഒന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ട്‌ ഉമ്മയും ഉപ്പയും മദ്രസയിൽ അയച്ച്‌ ചില കാര്യങ്ങൾ പഠിപ്പിച്ചതിനു പുറമേ; അഞ്ചു നേരം നിസ്കരിക്കണം, റമളാനിൽ നോമ്പെടുക്കണം, ഖുറാൻ ഓതണം, സക്കാത്ത് കൊടുക്കണം, തലയിൽ തട്ടം ഇടണം എന്നൊക്കെ അടിച്ചേൽപിച്ചതിനു പുറമേ; കുറ്റം ചെയ്താൽ നരകത്തിൽ തീയിലിട്ടു വറുക്കും എന്നു മൗലവി പറഞ്ഞ് പേടിപ്പിച്ചതിനു പുറമേ; എന്തെങ്കിലും ഒന്നു ഇസ്ലാമിൽ ഉള്ളതായി സ്വന്തമായി നമ്മൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിർബന്ധിച്ച് ചെയ്യിക്കുന്ന ഒരു കാര്യവും നമ്മൾ ഇന്നു വരെ ഇഷ്ടപ്പെട്ടിട്ടില്ല. അപ്പോൾ നമ്മൾ ഇസ്ലാമിനെ എങ്ങനെ സ്നേഹിക്കും? ഇസ്ലാമിന്റെ സൗന്ദര്യം എങ്ങനെ ആസ്വദിക്കും?



നമ്മളുടെ മക്കളിലേക്കും ഈ അടിച്ചേൽപിക്കലുകൾ അല്ലാതെ സ്വന്തമായി ചിന്തിക്കാൻ ഉള്ള ഒരു അവസരം നമ്മൾ കൈ മാറിയിട്ടുണ്ടോ? അവരുടെ ഇഷ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാൻ, ഇഷ്ട വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ നമ്മൾ അവർക്ക്‌ കൊടുത്ത സ്വാതന്ത്ര്യം, അവരുടെ മതത്തിന്റെ കാര്യത്തിൽ നമ്മൾ കൊടുത്തിട്ടുണ്ടോ? ആ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന പോലെ, അവർക്കിഷ്ടമുള്ള പാട്ടുകൾ കേൾക്കുന്ന പോലെ, അവർക്കിഷ്ടമുള്ള ടി. വി ഷോകൾ കാണുന്ന പോലെ ഇഷ്ടത്തോടെ ഇസ്ലാമിനെ തെരഞ്ഞെടുക്കുവാൻ, ആസ്വദിക്കുവാൻ അവരെ കൊണ്ട് പറ്റുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത്‌ ഈ അടിച്ചേൽപ്പിച്ച കർമ്മങ്ങളെ കുറിച്ച്‌ സ്വന്തമായൊന്ന് ചിന്തിക്കാൻ അവരെ നമ്മൾ പ്രാപ്തരാക്കിയിട്ടുണ്ടോ?



നമ്മുടെ ഇസ്ലാമിനെ നമ്മൾക്ക് സ്നേഹിച്ചു തുടങ്ങണ്ടെ?



ഇൻഷാ അല്ലാഹ്‌, തുടരും...

No comments:

Post a Comment