Pages

Thursday, 21 May 2015

നമ്മുടെ ഇസ്ലാം – 4

നമ്മൾ പറഞ്ഞ് നിർത്തിയത്‌ മനുഷ്യൻ എന്ന പ്രൊഡക്റ്റിനു ഒരു മാനുവലിന്റെ ആവശ്യത്തെ കുറിച്ച്. മനുഷ്യ സമുദായത്തിനെ എന്തിനു സൃഷ്ടിച്ചു, അവർ എങ്ങനെ ജീവിക്കണം, എന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ എന്തു ചെയ്യണം, കേടുപാടുകൾ വരാതിരിക്കാൻ എന്ത് ചെയ്യണം, എന്നൊക്കെ ആ മാനുവലിൽ പറഞ്ഞിരിക്കണമല്ലൊ. 📖 "ഖുറാൻ" എന്ന ആ മഹാദ്ഭുതം! ആ മാനുവലിൽ ഈ പറഞ്ഞ എല്ലാം ഉണ്ട്. എന്നാൽ നമ്മൾ ആ മാനുവലിനെ അത്ര കാര്യമാക്കാറില്ല എന്നു മാത്രം😔😐.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ? ചില മെഷീനുകളുടെ മാനുവലിൽ പല ഭാഷയിൽ ഉള്ള വിശദീകരണം കാണും. ഇംഗ്ലീഷിനു പുറമേ ചിലപ്പൊ, ചൈനീസ്‌, ജാപ്പനീസ്, ഫ്രെഞ്ച്‌ എന്നു തുടങ്ങിയ പല ഭാഷകൾ ഉണ്ടാകും മാനുവലിൽ. നിങ്ങൾ ഒരു ലേറ്റസ്റ്റ്‌ മോഡൽ വാഷിംഗ്‌ മെഷീൻ വാങ്ങി എന്നിരിക്കട്ടെ. ഇപ്പോഴത്തെ വാഷിംഗ്‌ മെഷീനുകൾ പ്രോഗ്രാമിംഗ്‌ ഒക്കെ ഉള്ള റ്റൈപ്പ്‌ ആണല്ലൊ! അതിന്റെ മാനുവലിൽ ഫ്രെഞ്ചു ഭാഷയും ഉണ്ടെന്നിരിക്കട്ടെ. അതു കൊണ്ട്‌ നിങ്ങളുടെ മകൻ പറയുന്നു: "എനിക്ക്‌ ഫ്രെഞ്ച്‌ "വായിക്കാൻ" അറിയാം. ഞാൻ ഇതു ഫ്രെഞ്ചിൽ വായിച്ചിട്ട്‌ പ്രവർത്തിപ്പിക്കാം" എന്ന്. നിങ്ങൾ സമ്മതിക്കുമോ?! "പടച്ചോനേ, പത്ത്‌ നാൽപതിനായിരം ഉറുപ്പിയ കൊടുത്ത്‌ വാങ്ങിയ സാധനം ആണ്‌, അതു കൊണ്ടാ ചെക്കൻ പരീക്ഷിക്കാൻ നിക്കുന്നത്‌" എന്നും പറഞ്ഞ്‌ അവനെ ഓടിക്കും, അല്ലേ? എന്നിട്ട്‌ അതിൽ നിന്ന് നിങ്ങൾക്ക്‌ മനസ്സിലാകുന്ന ഭാഷ- ഇംഗ്ലീഷ്, അല്ലെങ്കിൽ മലയാളം തപ്പി പിടിച്ച് വായിച്ച് കാര്യങ്ങൾ മനസ്സിലാക്കി ആ മെഷീനിനെ പ്രവർത്തിപ്പിക്കും.

എന്നാൽ നിങ്ങളുടെ അതേ മകൻ നമ്മുടെ സ്വന്തം മാനുവൽ ആയ ഖുറാൻ റമളാൻ വരുമ്പൊ ഷെൽഫിൽ നിന്ന് പൊടി തട്ടി പുറത്തെടുത്ത്, അറിയാത്ത ഭാഷയിൽ എങ്ങനെയോ വായിച്ച് തീർക്കുന്നത്‌ കണ്ടാലോ? (കാണാൻ ചാൻസ്‌ കുറവാണ്‌ ഇന്നത്തെ തലമുറയിൽ, എന്നാലും...)!! നമ്മൾ അവനു മലയാളം തഫ്സീർ എടുത്തു കൊടുക്കുമൊ? നമ്മൾ സ്വയം എടുത്ത്‌ ഒന്നു വായിച്ച്‌ നോക്കുമോ? ഇല്ല!! കാരണം നമ്മൾക്ക് നമ്മൾ ആകുന്ന മെഷീനുകൾ അത്ര കൃത്യമായി പ്രവർത്തിപ്പിക്കുന്നതിൽ താല്പര്യം ഇല്ല.

മെഷീനിന്റെ കാര്യം ഒന്നൂടെ എടുക്കാം. ഏത്‌ സാഹ്ചര്യത്തിലാണ്‌ നമ്മൾ മാനുവൽ നോക്കാതെ മെഷീൻ പ്രവർത്തിപ്പിക്കുക?
1. നമ്മൾക്ക്‌ ആ മാനുവലിൽ ഉള്ള കാര്യങ്ങൾ എല്ലാം അറിയും, അതായത്‌ അത്‌ വായിക്കാതെ തന്നെ നമ്മൾക്ക്‌ ആ മെഷീനിനെ ശെരിയായി പ്രവർത്തിപ്പിക്കാം. 2. ആ മെഷീനിന്റെ കാര്യത്തിൽ നമ്മൾ അശ്രദ്ധരാണ്‌. അതായത്‌, അതു കേടായാലും കുഴപ്പമില്ല എന്ന മനോഭാവം. ഇപ്പറഞ്ഞതിൽ ഏത്‌ കാരണം കൊണ്ടാണ്‌ നമ്മൾ നമ്മുടെ സ്വന്തം മാനുവൽ, ഖുറാൻ ഒന്നു എടുത്തു നമുക്കു അറിയാവുന്ന ഭാഷയിൽ വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാത്തത്‌?? അല്ലെങ്കിൽ ഖുറാനിന്റെ ഭാഷ പഠിക്കാൻ ശ്രമിക്കാത്തത്‌??

(ഇൻഷാ അല്ലാഹ്‌ തുടരും...)

No comments:

Post a Comment