Pages

Monday, 25 May 2015

നമ്മുടെ ഇസ്ലാം - 6

ഇന്നലെ ചർച്ച ചെയ്ത 'ഉദ്ധേശം' പ്രസ്താവിച്ച ആയത്തിനെകുറിച്ച്‌ ചിലരെങ്കിലും ചിന്തിച്ച്‌ കാണുമല്ലൊ അല്ലേ!? നമ്മുടെ ജീവിതോദ്ധേശം മനസ്സിലായിട്ടും ഉണ്ടാകും എന്ന് വിചാരിക്കുന്നു. പക്ഷേ ആ വചനത്തിൽ എന്ത്‌ കൊണ്ട്‌ മനുഷ്യരെയും ജിന്നുകളെയും കുറിച്ച്‌ മാത്രം പറഞ്ഞു, അല്ലെങ്കിൽ എന്തിനു മനുഷ്യരുടെ കൂടെ ജിന്നുകളെയുംപറഞ്ഞു എന്നു ചിന്തിച്ചൊ? നമ്മൾക്ക്‌ അറിയാം, സൂര്യനുംചന്ദ്രനും, മരങ്ങളും മലകളും മറ്റു ജീവജാലങ്ങളൊക്കെയും അല്ലാഹുവിനു സുജൂദ്‌ ചെയ്യുന്നുണ്ട്‌ എന്നു. അതുഖുറാനിൽ തന്നെ പറഞ്ഞിട്ടുണ്ട്‌. (22:18). പിന്നെ ഇവിടെഈ രണ്ട്‌ വിഭാഗത്തെ മാത്രം പറയാൻ കാരണം?


ഇവിടെ ആണ്‌ നമ്മളുടെ മതം മറ്റു മതങ്ങളിൽ നിന്നുവ്യത്യസ്തമാകുന്നത്‌. ഇസ്ലാം ചിന്തിക്കുന്നവർക്കുള്ളമതമാണ്‌. അത്‌ ഒരിക്കലും 'ചൊല്ലിക്കൊട്‌, തല്ലിക്കൊട്‌, തള്ളിക്കള' എന്ന് പറയുന്ന മതം അല്ല. പകരം, 'വായിക്കുക, കേൾക്കുക, അറിയുക, ചിന്തിക്കുക, മനസിലായില്ലെങ്കിൽ സ്വയം ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം കിട്ടിയില്ലെങ്കിൽ ഉത്തരം കിട്ടാൻ സഹായിക്കുന്ന ഉറവിടങ്ങൾ തേടുക, മനസ്സിലാക്കുക, സ്വീകരിക്കുക, പ്രവർത്തിക്കുക, അറിവ് പകർന്ന് കൊടുക്കുക'. അതാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന രീതി.

നിങ്ങൾ ചിന്തിക്കുന്നില്ലേ (افلا تعقلون), നിങ്ങൾ ചിന്തിക്കാൻവേണ്ടി (لعلكم تعقلون), ചിന്തിക്കുന്ന ജനങ്ങൾ (قوم يعقلون) എന്നു തുടങ്ങി ചിന്തയെ കുറിച്ച്‌ ഏറ്റവും ചുരുങ്ങിയത്‌ 46 പ്രാവശ്യം എങ്കിലും ഖുറാനിൽ പറഞ്ഞിട്ടുണ്ട്‌. നമ്മൾചിന്തിക്കുന്നുണ്ടോ വല്ലതും? അറിവിനും ചിന്തയ്ക്കും യുക്തിക്കും അങ്ങേ അറ്റം പ്രാധാന്യം നൽകുന്ന മതമാണ്‌ ഇസ്ലാം . എവിടെ!! ആർക്കാ അതിനൊക്കെ സമയം, അല്ലേ? ഈ ചിന്ത, അറിവ്‌, വായന എന്നൊക്കെ പറയുന്നത്‌ പണ്ഡിതന്മാർക്ക്‌ മാത്രം പറഞ്ഞിട്ടുള്ള പണി ആണല്ലോ അല്ലേ? അപ്പൊ ഖുറാനും അവർക്കു വേണ്ടി മാത്രം ഉള്ളതാണോ? നമ്മൾ തിരക്കുള്ള മനുഷ്യന്മാർവല്ലപ്പോഴും സമയം കിട്ടിയാൽ വെള്ളിയാഴ്ച ഖുത്ബക്കു നേരത്തേ എത്തിയാൽ കുറച്ച്‌ ക്കേൾക്കാമെന്നല്ലാതെ, ഖുറാനെ കുറിച്ച്‌ സ്വന്തമായി ചിന്തിക്കാനൊന്നും വയ്യ! വീട്ടിലിരിക്കുന്ന നമ്മൾ പെണ്ണുങ്ങൾക്ക്‌ പിന്നെ ആ ഖുത്ബ കേൾക്കാനും ഉള്ള യോഗം ഇല്ല! അപ്പൊ പിന്നെ ചിന്തിക്കുകയേ വേണ്ട!


നമ്മുടെ പിതാവായ ആദം നബി (عليه السّلام) യെ അല്ലാഹുസൃഷ്ടിച്ച്‌ ജീവൻ കൊടുത്ത്‌ ആദ്യം ചെയ്തത്‌ എന്താണ്‌? തൗഹീദോ, നിസ്കാരമോ നോമ്പോ പഠിപ്പിച്ചതാണൊ? മറിച്ച്‌, ഭൂമിയിലെ എല്ലാ വസ്തുക്കളെയും അവയുടെ പേരും സവിശേഷതകളും പഠിപ്പിച്ച്‌ കൊടുത്തു. (2:31) മുഹമ്മദ്‌ നബി (ﷺ) ക്കു ആദ്യം വഹ്യ്‌ കൊണ്ടു വന്ന ജിബ്രീൽ(عليه السّلام) എന്താണ്‌ പറഞ്ഞത്‌?(96:1) "നീ വായിക്കുക(إقرأ)" !! എന്ന്.


എന്നാൽ നമ്മളോ? ഈ വായനയും, പഠനവും മനസിലാക്കലും ചിന്തയുമൊക്കെ മുഴുവനായി അങ്ങ് ഉപേക്ഷിച്ചു. ഇതിനൊന്നും താല്പര്യവും സമയവും ഇല്ലാത്തത് കൊണ്ട് ചൊല്ലിതന്നതും തല്ലി തന്നതും എടുത്ത്, അതിൽ നമുക്കു സൗകര്യം ഉള്ളത് ചെയ്തു സൗകര്യം ഇല്ലാത്തത് ഒഴിവാക്കി, ബാക്കി കാര്യങ്ങൾ സമുദായത്തിനു വേണ്ടി, അതിനെ അനുകരിച്ചു, സമൂഹത്തെ അനുസരിച്ചു ജീവിക്കുന്നു. ഇതു തന്നെ നമ്മളുടെ മക്കളുടെ മേലിലും പ്രയോഗിച്ച്‌ തുടങ്ങി!! അല്ലാഹു ഖുറാനിലൂടെ പറഞ്ഞ്‌ തന്ന; നബിമാരിലൂടെ കാണിച്ചു തന്ന രീതി കളഞ്ഞിട്ട്‌ നമ്മുടെസ്വന്തം രീതി! അല്ലാഹുവിന്റെ രീതി തെറ്റാകുമോ? അല്ലാഹുവിന്റെ "Instruction Manual”ഇൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാകുമൊ? അപ്പോൾ പിന്നെ അതൊഴിവാക്കി നമ്മളുടെ രീതി പ്രയോഗിച്ചിട്ട്‌ നമ്മളുടെ മക്കൾ നന്നായില്ലെങ്കിൽ അവരെകുറ്റം പറയാൻ പറ്റുമോ!? ആരാണ്‌ തെറ്റുകാർ!? പക്ഷെ, നമ്മുടെ ഈ അജ്ഞത കൊണ്ട് നമ്മൾ നമ്മൾക്കു തന്നെ വരുത്തി വെക്കുന്ന ദോഷത്തിനു പുറമെ, നമ്മുടെ ദീനിനും വലിയ ഒരു ഉപദ്രവമാണ് ചെയ്യുന്നത് എന്നു നമ്മൾ അറിയുന്നില്ല.


ഏതൊരു പ്രോഡക്റ്റിന്റെയും മാർകെറ്റിംഗ് ചെയ്യാൻ ഏറ്റവും യോജിച്ചവർ അതു ഉപയോഗിക്കുന്നവർ ആണു. മുസ്ലിം എന്ന പേരു ഉപയൊഗിക്കുന്ന നമ്മളാണ് അമുസ്ലിംകളുടെ മുന്നിൽ ഇസ്ലാമിനെ മാർക്കറ്റ് ചെയ്യുന്നവർ. നമ്മളാണെങ്കിലോ സൃഷ്ടാവ് പറഞ്ഞതും പഠിപ്പിച്ചതും പകുതിയിലേറെയും അറിയാതെ ജീവിക്കുന്നവർ. അറിയാൻ ശ്രമിക്കാത്തവർ. ഒരു അമുസ്ലിം നമ്മളോട് എന്തിനാണ് നിങ്ങൾ നിസ്കരിക്കുന്നത്, എന്തിനാണ് ഖുറാൻ വായിക്കുന്നത്, എന്തിനാണ് പർദ്ദ ഇടുന്നത് എന്ന് ചോദിച്ചാൽ, നമ്മിൽ എത്ര പേർക്ക് മനസ്സിൽ തട്ടി പറയാനാകും അവരോട്: "നിസ്കരിക്കുമ്പോ എനിക്കു കിട്ടുന്ന് സന്തോഷം, അല്ലാഹുവിനോട് സംസാരിക്കുമ്പൊ എന്റെ മനസ്സിനു അനുഭവപ്പെടുന്ന ഭാരക്കുറവ്‌, ഖുറാൻ വായിച്ച് മനസ്സിലാക്കുമ്പൊ എന്റെ മനസ്സിനു കിട്ടുന്ന സമാധാനം, പർദ്ദ ധരിച്ച് പുറത്തിറങ്ങുമ്പൊ എനിക്ക് തോന്നുന്ന കുലീനത, എനിക്ക് കിട്ടുന്ന മാന്യത, ഇതിനൊന്നും പകരം വെക്കാൻ എന്റെ ജീവിതത്തിൽ വേറെ ഒരു കാര്യവും ഇല്ല. എന്റെ ദൈവം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങൾ ആണ് ഇതൊക്കെ" എന്ന്? പകരം നമ്മൾ പറയുന്ന മറുപടി "ഇതെല്ലാം നമ്മുടെ മതം നിർബന്ധമാക്കിയ കാര്യങ്ങൾ ആണ്. ഇതു ചെയ്തില്ലെങ്കിൽ നമ്മൾ നരകത്തിൽ പോകും" എന്നായിരിക്കും.ഇതു കേൾക്കുമ്പൊ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഫീലിംഗ് എന്താണ്?

പാവം നമ്മുടെ പണ്ഡിതന്മാർ!ഇസ്ലാമിനെ കുറിച്ച് നല്ലത് പ്രചരിപ്പിക്കാൻ, ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ-നബി (സ) കാണിച്ച് കൊടുത്ത സുന്നത്തിനു വേണ്ടി രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്നവർ. പക്ഷേ നമ്മൾ ഇസ്ലാമിനുണ്ടാക്കുന്ന ചീത്തപ്പേരു കാരണം പലപ്പോഴും അവരുടെ ശ്രമം വിഫലം ആകുന്നു!!

❌"ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ പേരിൽ മാത്രം മുസ്ലിംകളായ നമ്മളാണ്, അല്ലാതെ അമുസ്ലിംകളല്ല"❌

പക്ഷെ എന്തു തന്നെ ആയാലും ഇവിടെ അവർ - പണ്ഡിതന്മാർ നഷ്ടക്കാർ ആകുന്നില്ല, കാരണം അവർക്കു അവരുടെ ഉദ്ദേശത്തിനുള്ള പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, അല്ലാഹു ഉദ്ദേശിച്ചവരെ, അമുസ്ലിംകളാകട്ടെ, ഏതു നീചപ്രവർത്തി ചെയ്തോണ്ടിരിക്കുന്നവർ ആകട്ടെ, അവൻ നേർമാർഗ്ഗത്തിൽ ആക്കുന്നും ഉണ്ട്. ലക്ഷക്കണക്കിനു ആളുകളാണ് ഇസ്ലാം മതം സ്വീകരിച്ച് കൊണ്ടിരിക്കുന്നത് എന്ന് മാത്രമല്ല, അവരൊക്കെ, ഇസ്ലാമായി ജനിച്ച നമ്മളേക്കാൾ സൂക്ഷ്മത പാലിക്കുന്നവരാണ്, അറിവ് നേടാൻ ശ്രമിക്കുന്നവരാണ്. നഷ്ടക്കാർ നമ്മളാണ്. എല്ലാം അറിഞ്ഞിട്ടും, അറിയാനുള്ള ഉറവിടങ്ങൾ ഉണ്ടായിട്ടും, ഇസ്ലാമായി ജനിച്ചിട്ടും, കണ്ണടച്ച് ഇരുട്ടാക്കുവാൻ ശ്രമിക്കുന്ന, ഇടുങ്ങിയ ചിന്താഗതിയുമായി ജീവിക്കുന്ന നമ്മൾ!





നമ്മൾ ഇന്ന് ചോദിച്ച്‌ തുടങ്ങിയ ചോദ്യത്തിനുള്ള ഉത്തരം - ആ ഉദ്ധേശത്തിന്റെ ആയത്ത്‌! ഇൻഷാ അല്ലാഹ്‌, ശനിയാഴ്ച ഒരു ദിവസത്തെ ബ്രേക്കിനു ശേഷം അതിനുള്ള ഉത്തരവുമായി തുടരും....

No comments:

Post a Comment