Pages

Thursday, 21 May 2015

നമ്മുടെ ഇസ്ലാം - 3

നമ്മൾക്ക് ചുറ്റുമുള്ള ഏതെങ്കിലും ഒരു വസ്തു – ഉദാഹരണത്തിനു നമ്മളുടെ കയ്യിലുള്ള ഈ മൊബയിൽ ഫോൺ, അതിന്റെ നിർമാതാവ്‌ വെറുതെ ഒരു രസത്തിനു ആണു ഉണ്ടാക്കിയത്‌ എന്ന് തോന്നുന്നുണ്ടോ? അതുണ്ടാക്കുമ്പൊ ഒരു വ്യക്തമായ ഉദ്ധേശം അയാളുടെ മനസ്സിൽ ഉണ്ടെന്ന് ഉറപ്പാണ്‌. നമ്മളുടെ വീട്‌, നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണം, മറ്റു വീട്ടു സാധനങ്ങൾ, നമ്മളുടെ വാഹനം, റോഡുകൾ, മറ്റു ബിൽഡിങ്ങുകൾ, ഇങ്ങനെ എന്തെങ്കിലും, അതിന്റെ നിർമാതാക്കൾ ഒരു തമാശയ്ക്കായി ഉണ്ടാക്കിയതാണെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ? അതിന്റെ ഒക്കെ പിന്നിൽ വ്യക്തമായ ഉദ്ധേശം തീർച്ചയായും ഉണ്ട്‌. അപ്പോൾ ഈ സങ്കീർണ്ണമായ മനുഷ്യ ശരീരം? നാളിതു വരെ ശാസ്തൻഞ്ജന്മാർക്ക്‌ മുഴുവനായും എത്തും പിടിയും കിട്ടിയിട്ടില്ലാത്ത ഈ ലോകം? അതിലെ സൂര്യനും ചന്ദ്രനും ഭൂമിയും നക്ഷത്രങ്ങളും മറ്റു കോടാനുകോടി അത്ഭുതങ്ങളും? ഇതിന്റെ ഒക്കെ സ്രഷ്ടാവ്‌ വെറുതെ ഒരു രസത്തിന്‌ ഉണ്ടാക്കിയതാണോ? തീർച്ചയായും ഒരു ഉദ്ധേശം ഉണ്ട് അതിനു പിന്നിൽ.

നമ്മൾ വാങ്ങുന്ന ഒരു പുതിയ മൊബൈൽ ഫോണിന്റെ ബോക്സിൽ ഫോൺ കൂടാതെ എന്തൊക്കെ കാണും? അതിന്റെ ചാർജർ, ഹെഡ്‌ ഫോൺ, യു.എസ്.ബി കേബിൾ, പിന്നെ അതിന്റെ “Manufacturer’s Manual” ഉം ഉണ്ടാകുമല്ലൊ. ആ ഫോൺ എന്തിനു ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം, എങ്ങനെ അതിന്റെ പാർട്ട്സ് തമ്മിൽ ഘടിപ്പിക്കാം, അതിനു വരാവുന്ന കേടുപാടുകൾ ഒഴിവാക്കാൻ എന്തുചെയ്യണം, കേടുപാടുകൾ വന്നാൽ എന്തു ചെയ്യണം എന്നു തുടങ്ങി ഒരുപാടു വിവരങ്ങൾ ഉള്ള ഒരു പുസ്തകം. ഇത്രയും സിമ്പിൾ ആയ ഒരു ഫോണിനു ഇങ്ങനെ വിശദമായ ഒരു പുസ്തകം വേണം അതിന്റെ പ്രവർത്തനത്തിനു!! മാത്രവുമല്ല, സാംസങ്ങിന്റെ ഫോണിനു ആപ്പിളിന്റെ മാനുവലും ശെരിയാകില്ല. ആ ഉല്പന്നതിന്റെ നിർമാതാവ് അല്ലെങ്കിൽ സൃഷ്ടാവ് ആ മോഡലിനു വേണ്ടി എഴുതി ഉണ്ടാക്കിയ മാനുവൽ തന്നെ വേണം. അല്ലെങ്കിൽ അതിന്റെ പ്രവർത്തനം ആകെ അവതാളത്തിൽ ആകും, അല്ലെ? എന്നാൽ ഇത്രയും സങ്കീർണ്ണമായ മനുഷ്യ ശരീരത്തിനോ? അതിന്റെ പാർട്ട്സ് ആയ കയ്യും കാലും കണ്ണും മൂക്കും ഹൃദയവും മനസ്സും ഒക്കെ ഉള്ളതിനു പുറമേ ഒരു മാനുവൽ വേണ്ടേ? ഇത്രയും കുഴഞ്ഞു മറിഞ്ഞ വേറെ ഒരു ഉപകരണവും ഇന്നു വരെ ലോകത്ത് കണ്ട്‌ പിടിക്കപ്പെട്ടിട്ടില്ല, പ്രത്യേകിച്ച്‌ ഈ മനുഷ്യന്റെ മനസ്സ്‌ എന്ന പ്രോഡക്റ്റ്‌. അപ്പോൾ അതിനു നിർബന്ധമായും ഒരു മാനുവൽ വേണം!


(ഇൻഷാ അല്ലാഹ്‌ തുടരും...)

No comments:

Post a Comment